മന്ത്രോച്ചാരണങ്ങളാല് മുഖരിതമാണ് ഈജിപ്തിലെ കര്‍ണാക് ക്ഷേത്രം. നിറദീപങ്ങളാല്‍ അലംകൃതമായ ഈ ക്ഷേത്രം അതിന്റെ അവശേഷിപ്പുകളിലൂടെ പറയുന്നത് അയ്യായിരത്തിലധികം വര്‍ഷം മുമ്പ് നിലവിലിരുന്ന മഹത്തായ ഒരു സംസ്കാരത്തിന്റെ വിസ്മയിപ്പിക്കുന്ന കഥകളാണ്. അര്‍ച്ചനകളുടേയും ആരാധനകളുടേയും തീര്‍ത്ഥസ്ഥലിയാണ് കര്‍ണാക്. കെയ്റോയില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയുള്ള പ്രധാനനഗരികളിലൊന്നായ ലക്സറിന്റെ വടക്കേ അറ്റത്താണ് കര്‍ണാക്. നിരവധി സന്ദര്‍ശകരാണ് പുരാതന ഈജിപ്തിന്റെ ചരിത്രമുറങ്ങുന്ന ഈ ക്ഷേത്രമുറ്റത്തെത്തുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ അമ്പലസമുച്ചയങ്ങളിലൊന്നാണിത്. നാല് പ്രധാനഭാഗങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്. പത്തുഗോപുരങ്ങള് ഉണ്ടെന്നതും കര്ണാക്കിനെ സവിശേഷമാക്കുന്നു. ഏറ്റവും വലിയ ഗോപുരത്തിന് 113 മീറ്റര്‍ ഉയരവും പതിനഞ്ച് മീറ്റര്‍ ഘനവുമുണ്ട്. പ്രധാനക്ഷേത്രവും ശ്രീകോവിലും ഉപദേവതകളുമായി ഏകദേശം 30 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രസമുച്ചയം സ്ഥിതിചെയ്യുന്നത്.
വിളവെടുപ്പിന്റേയും സമ്പത്തിന്റേയും ദേവനായ അമുന്‍-റേയുടെ അമ്പലമാണ് ആദ്യത്തേത്. പ്രധാനവാതിലിലൂടെയാണ് ഇവിടേക്ക് പ്രവേശനം. രണ്ടാമത്തെ ഗോപുര വാതില്‍ കടന്നു ചെല്ലുന്നത് കല്‍ത്തൂണുകള്‍ നിറഞ്ഞൊരിടത്തേക്കാണ്. വനത്തില്‍ മരത്തടികള്‍ നില്‍ക്കുന്നപോലെ പതിനാറ് വരിയിലായി 134 കല്‍ത്തൂണുകള്‍!. താമരയുടെ ആകൃതിയിലാണ് തൂണുകളുടെ മുകള്‍ഭാഗ നിര്‍മ്മിതി. 23 മീറ്ററാണ് തൂണുകള്‍ ഓരോന്നിന്റേയും നീളം. 54,000 ചതുരശ്രയടി വിസ്തൃതിയുണ്ട് ഈ തൂണ് വനത്തിന്. ബിസി 1,400 ല്‍ തുടങ്ങുന്നതാണ് ഈ തൂണ് വിസ്മയത്തിന്റെ ചരിത്രം.
കാലത്തിന്റെ വികൃതി അതിന്റെ സൗന്ദര്യത്തിന് അല്പം മങ്ങലേല്‍പ്പിച്ചിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. തൂണുകള്‍ക്ക് മുകളിലെ വെണ്ശിലാനിര്മിതമായ മേല്ക്കൂരയെല്ലാം ഇളകിപ്പോയ അവസ്ഥയിലാണ്. അവയിലെല്ലാം ചിത്രലിപിയിലെ എഴുത്തുകളും ധാരാളം വര്ണചിത്രങ്ങളുമുണ്ടായിരുന്നു. ഇന്ന് അവശേഷിക്കുന്ന മച്ചിലെ ചിത്രലിപികളും വര്ണചിത്രങ്ങളും ആരിലും കൗതുകമുയര്‍ത്തും. ഗര്‍ഭഗൃഹത്തിനടുത്ത് ഭീമാകാരമായ സ്തംഭങ്ങള്‍. ആകാശനീലിമയില്‍ നോക്കി മുഖം മിനുക്കി നില്ക്കുന്ന ഈ സ്തംഭങ്ങള്‍ തൃഷ്ണയുടെ അമൂര്‍ത്തഭാവങ്ങളായി വര്‍ത്തിക്കുന്നു.
ദേവന്മാരുടെ അധിപനായി ഈജിപ്തുകാര്‍ വിശ്വസിക്കുന്ന അമുന്‍-റേ, ഭാര്യ മഠ്, ചന്ദ്രദേവനെന്ന് വിശേഷണമുള്ള മകന് ഖൊന്‍സു എന്നിവര്‍ക്കെല്ലാം ഇവിടെ പ്രത്യേക ക്ഷേത്രമുണ്ട്. അങ്ങനെ ചെറുതും വലുതുമായ നിരവധി അമ്പലങ്ങള്‍. പ്രധാനമായും നാല് ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. സ്മാരകസൗധങ്ങളും ശില്പങ്ങളും നിറഞ്ഞ ഇവിടം സന്ദര്‍ശകരെ സദാ ആകര്‍ഷിക്കുന്നു. ക്ഷേത്രത്തിന്റേയും ഗോപുരങ്ങളുടേയും സ്മാരകങ്ങളുടേയും നിര്‍മ്മാണം എന്നത് തുടര്‍ച്ചയായ ഒരു പ്രക്രിയയായിരുന്നു. ഏതെങ്കിലും രാജാവ് തുടങ്ങി വയ്ക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക അദ്ദേഹത്തിന്റെ തുടര്‍ച്ചയായെത്തുന്ന വ്യക്തിയാവും.
അമുന്‍-റേയുടെ ക്ഷേത്രമാണ് ഇവിടെ പ്രധാനപ്പെട്ടത്. ജനങ്ങള്‍ ഇവിടെയെത്തി അദ്ദേഹത്തിന് ആരാധനകളര്പ്പിക്കുന്നു. മറ്റൊന്ന് അമ്മ ദൈവമായി അറിയപ്പെടുന്ന മഠിന്റെ ക്ഷേത്രമാണ്. വിശുദ്ധമായൊരു കുളവും ഇതിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നു. പുരോഹിതര്‍ ഈ കുളത്തില്‍ സ്നാനം ചെയ്തശേഷമേ ആരാധന നടത്താറുള്ളു. സന്ദര്‍ശകര്‍ക്കുവേണ്ടി ഈ ക്ഷേത്രം തുറന്നുകൊടുക്കാറില്ല. കൊള്ളയടിക്കപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണിത്. തെക്ക്-കിഴക്കുഭാഗത്തായാണ് ക്ഷേത്രക്കുളം. 120 മീറ്റര്‍ നീളവും 77അടി വീതിയുമുണ്ടിതിന്. ഫറോവമാരും പൂജാരിമാരും സ്നാനം ചെയ്തിരുന്നതിവിടെയാണ്. അധികം കേടുപാടുകളൊന്നുമില്ലാത്ത ഈ കുളം ഇന്നും ശുദ്ധജല സമൃദ്ധമാണെന്നത് ആരേയും വിസ്മയിപ്പിക്കും.
കര്‍ണാക് ക്ഷേത്രത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ പല ഘട്ടങ്ങളിലായാണ് നടന്നിട്ടുള്ളത്. ചെറുതും വലുതുമായ ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ മധ്യകാലഘട്ടത്തിലെ (ബിസി 2,040-1,782) രാജാക്കന്മാര്ക്ക് പുറമെ, ഫറോവമാരായ തൂത് മോസിസ് ഒന്നാമന്, ഹാഷെപ്സുറ്റ്, തൂത് മോസിസ് മൂന്നാമന് റാംസെസ്സ് രണ്ടാമനും മൂന്നാമനും, കൂടാതെ ഗ്രീക്ക്-റോമന്‍ കാലഘട്ടത്തിലും ടോളമിയുഗത്തിലും പ്രധാനപ്പെട്ട ചില കൂട്ടിച്ചേര്‍ക്കലുകളും നവീകരണങ്ങളും നടന്നിട്ടുണ്ട്. 143 ടണ്‍ ഭാരവും 23 മീറ്റര്‍ ഉയരവുമുണ്ട് തൂത് മോസിസ് ഒന്നാമന്റെ സ്തംഭത്തിന്. സ്ത്രീ ഫറോവയായിരുന്ന ഹാഷെപ്സൂറ്റിന്റെ സ്തംഭത്തിന്റെ ഉയരം 30 മീറ്ററാണ്. ഭാരമാവട്ടെ 200 ടണ്ണും. ഒറ്റ ശിലാഖണ്ഡത്തിലാണ് ഈ സ്തംഭം നിര്‍മിച്ചിരിക്കുന്നതത്രെ.
നാല് സ്തംഭങ്ങളാണ് ഹാഷെപ്സൂറ്റ് നിര്‍മിച്ചിട്ടുള്ളത്. ഇതിലൊരെണ്ണമേ ഇപ്പോള്‍ ശേഷിക്കുന്നുള്ളു. ഫറോവമാരുടെ അഭിമാനത്തിന്റേയും പ്രൗഢിയുടേയും ഭാഗമായിരുന്നു സ്തംഭങ്ങള്‍ സ്ഥാപിക്കുന്നത്. ജീവിത വിജയത്തിന്റെ മാത്രമല്ല, ജീവിച്ചിരുന്നുവെന്ന് അടയാളപ്പെടുത്തുകയാണ് ഈ സ്തംഭങ്ങളിലൂടെ. ആകാശത്തേക്ക് ഏതുനിമിഷവും കുതിച്ചുയരാന്‍ അവസരം കാത്തുനില്ക്കുകയാണോ ഈ സ്തംഭമെന്ന് തോന്നുക സ്വാഭാവികം. മുകളിലേക്ക് ഉയര്ന്നുനില്ക്കുന്ന സ്തംഭം സൂര്യദേവനായ റായുമായി നേരിട്ട് സംവദിച്ച് അതിലൂടെ ദേവതുല്യനായ ഫറോവന് വേണ്ടത്ര ഊര്‍ജ്ജം ലഭിക്കുമെന്ന വിശ്വാസവും അന്ന് സമൂഹത്തിനുണ്ടായിരുന്നു.
റാംസെസ്സ് രണ്ടാമന്റെ പ്രതിമ, ഇതര പ്രതിമകളേക്കാള്‍ വലുതാണ്. ഭിത്തികളിലും സ്തുപങ്ങളിലും ശില്പങ്ങളിലും ചരിത്രങ്ങളും യുദ്ധവിജയങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. ഇവയെല്ലാം കാലത്തോട് സംവദിച്ചുകൊണ്ടിരിക്കുന്നു. ഹാഷെപ്സൂട്ടിന്റെ ഭരണകാലം കര്‍ണാക് ക്ഷേത്രത്തിന്റെ സുവര്‍ണ ദശയായിരുന്നു. ഈ ഫറോവയുടെ പ്രതിമകളും ഇവിടെ ധാരാളമായുണ്ടായിരുന്നു. എന്നാല്‍ പിന്നീടുവന്ന തൂത് മോസിസ് മൂന്നാമന് അവയെല്ലാം തച്ചുടച്ചു. ആ നല്ലവനായ ഭരണാധികാരിയെ ചരിത്രത്താളുകളില്‍ നിന്ന് തുടച്ചുനീക്കാന്‍ ചെയ്ത പാഴ്ശ്രമമായി വേണം ഇതിനെ വിലയിരുത്താന്‍.
വിശ്വമഹാകവിയായ ഹോമര്‍ തന്റെ ഇലിയഡില്‍ കര്‍ണാക് ക്ഷേത്രത്തേയും അതുള്‍ക്കൊള്ളുന്ന അന്നത്തെ തീബ്സ് നഗരത്തെയും പാടിപ്പുകഴ്ത്തിയിട്ടുണ്ട്. സഞ്ചാരിയായ ഹിരോദോത്തും കര്ണാക്കിനെക്കുറിച്ച് വാചാലനായിരുന്നു.
കര്‍ണാക് ക്ഷേത്രവും ലക്സര്‍ ക്ഷേത്രവും തമ്മില്‍ ബന്ധിപ്പിക്കുന്ന വഴി കാലപ്രവാഹത്തില്‍ മണ്ണുമൂടി. ഈ വഴി കണ്ടെത്തി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. മണ്ണിനടിയില്‍ കിടന്ന് രൂപം നഷ്ടപ്പെട്ടതും ഉടഞ്ഞുപോയതുമായ സ്പിംങ്സിന്റെ പ്രതിമകള്‍ കൂട്ടിയോജിപ്പിച്ചും പുതുക്കിപ്പണിതും പൂര്‍ണമായി നശിച്ചുപോയവയ്ക്ക് പകരമായി പുതിയത് നിര്‍മ്മിച്ചും വഴിയുടെ ഇരുവശത്തുമുള്ള സ്പിംങ്സുകളെല്ലാം പുനസ്ഥാപിച്ചു വരുന്നു. വഴിയുടെ രണ്ട് വശങ്ങളിലുമായി ഏകദേശം രണ്ടായിരം സ്പിംങ്സുകളുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ഇത്തരത്തില്‍ നിരവധി അത്ഭുതങ്ങളാണ് കര്‍ണാക്കില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്.
ഈ വിസ്മയം നേരിട്ട് കണ്ടാസ്വദിക്കാനാണ് ഞാന്‍ ഉള്‍പ്പെടുന്ന സംഘം കര്ണാക്കിലെത്തിയത്. സൂര്യന് പടിഞ്ഞാറോട്ട് ചാഞ്ഞു തുടങ്ങി. അന്തരീക്ഷം മണല്‍ക്കാറ്റില്‍ മൂടി ആകാശം ഇരുണ്ടുനിന്നു. മരുഭൂമിയിലെ പ്രതിഭാസം. അധികം താമസിച്ചില്ല, മണല്‍ക്കാറ്റ് ചുറ്റി വീശാന്‍ തുടങ്ങി. സഞ്ചാരികളില്‍ പലരുടേയും കണ്ണില്‍ പൊടി വീണ് അസ്വസ്ഥതയുളവാക്കി. ചിലര്‍ കണ്ണ് തിരുമ്മി. മറ്റു ചിലര്‍ മുഖം തുണികൊണ്ട് മറച്ചു. നിലം പതിക്കാന്‍ തക്കം പാത്തിരിക്കുന്ന മേല്‍ക്കൂരയുടെ ശിലാഖണ്ഡങ്ങള്‍ കാറ്റില്‍ ഇളകി വീഴുമോ എന്ന് ഭയപ്പെട്ടു. അമ്പലക്കാഴ്ച മതിയാക്കി ഞങ്ങള്‍ തിരിച്ചു നടന്നു. അ്പ്പോഴേക്കും മഴത്തുള്ളികള്‍ ഞങ്ങളെ തൊട്ടു. എല്ലാവരും ബസില്‍ കയറി. മഴ ശക്തമായി. ഒരു മേഘവിസ്ഫോടനം ഉണ്ടായതുപോലെ മഴ തകര്‍ത്തു പെയ്തു. മഴയ്ക്കുശേഷം കര്‍ണാക് ശാന്തമായി. പ്രസന്നമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: