മലപ്പുറം: സിപിഎം ആയുധം താഴെവെച്ച് കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു. ബിജെപി ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സ്വന്തം ഘടകകക്ഷികളെ പോലും പരിഗണിക്കാത്ത മുഖ്യമന്ത്രി എങ്ങനെയാണ് ജനങ്ങളെ സേവിക്കുന്നത്. നിരോധിച്ച നോട്ടുകളുടെ വിലപോലും എല്‍ഡിഎഫിലെ മറ്റ് കക്ഷികള്‍ക്ക് പിണറായി വിജയന് നല്‍കുന്നില്ല. സിപിഐ മന്ത്രി തിലോത്തമനെ കൂട്ടാതെ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രി ഇതാണ് ബോധ്യപ്പെടുത്തിയത്. ബിജെപി-ആര്.എസ്.എസ്. അഖിലേന്ത്യാ നേതൃത്വത്തിന്റെ ആവശ്യം മുഖവിലക്കെടുത്ത് ആയുധം താഴെവെച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം സിപിഎം നേരിടേണ്ടിവരും. അക്രമത്തെ ഇനിയും കൈയ്യും കെട്ടി നോക്കിയിരിക്കാനാവില്ല. ക്രമസമാധാനം ഉറപ്പുവരുത്തേണ്ടത് ആഭ്യന്തര വകുപ്പിന്റെ ഉത്തരവാദിത്തമാണ്. ലോ അക്കാദമി കൈവശം വെച്ചിരിക്കുന്ന ഭൂമിയെ കുറിച്ച് റവന്യൂ മന്ത്രി നിലപാട് വ്യക്തമാക്കണം. ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ ഭാവിയേക്കാള്‍ ലക്ഷ്മിനായരുടെ ഭാവിക്കും പദവിക്കുമാണ് കേരള സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേഷന്, ദേശീയ കൗണ്‍സില്‍ അംഗം പി.ടി.ആലിഹാജി, സി.വാസുദേവന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത്, പി.ആര്.രശ്മില്‍നാഥ്, മേഖലാ സെക്രട്ടറി എം.പ്രേമന്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എന്‍. ശ്രീപ്രകാശ്, ബാദുഷ തങ്ങള്‍, എം.കെ.ദേവീദാസന്, അഡ്വ.ടി.കെ. അശോക് കുമാര്‍, ഗീതാമാധവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: