ചെന്നൈ: ജെല്ലിക്കെട്ട് അനുകൂല പ്രക്ഷോഭകര്‍ കൊല്ലപ്പെട്ട അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദന്റെ ചിത്രം ഉയര്‍ത്തിക്കാട്ടുകയും തമിഴ്നാടിനെ വിഭജിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം. ചിലര്‍ റിപ്പബ്ലിക് ദിനത്തില്‍ കരിങ്കൊടി കാട്ടുകയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
പ്രക്ഷോഭകര്‍ ഒസാമയുടെ ബാനറുമായി നില്ക്കുന്ന ചിത്രങ്ങളും മുഖ്യമന്ത്രി സഭയില്‍ ഹാജരാക്കി. സമരക്കാരില്‍ ചിലര്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ചെന്നൈയിലെ ആക്രമണങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനപരമായി പ്രക്ഷോഭം നടത്തിയവര്‍ക്ക് നേരെ പോലീസിനെ ഉപയോഗിച്ച് അക്രമം അഴിച്ച് വിട്ടത് എന്തിനാണെന്നും സ്റ്റാലിന് ചോദിച്ചു.
പല സാമൂഹ്യ വിരുദ്ധ ശക്തികളും ഒരാഴ്ച നീണ്ട് നിന്ന പ്രക്ഷോഭത്തിനിടെ നുഴഞ്ഞ് കയറിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഛിദ്രശക്തികളെ കണ്ടെത്തുമെന്ന ഉറപ്പും മുഖ്യമന്ത്രി നല്കി. എവിടെയെങ്കിലും പോലീസ് അതിക്രമം കാട്ടിയിട്ടുണ്ടെങ്കില്‍ അവരെയും ശിക്ഷിക്കും. ഇതിന് വേണ്ടി ദൃശ്യങ്ങള്‍ പരിശോധിക്കും.
സംഭവത്തെക്കുറിച്ച് ഹൈക്കോടതി ജഡ്ജി അന്വേഷിക്കണമെന്ന ആവശ്യം സ്റ്റാലിന് ഉന്നയിച്ചെങ്കിലും ഇക്കാര്യത്തില്‍ യാതൊരു ഉറപ്പും മുഖ്യമന്ത്രി നല്‍കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: