കണ്ണൂര്‍: ഭാരതീയ ശാസ്ത്രങ്ങളെ എതിര്‍ക്കുന്നവര്‍ ഇവയെ വേണ്ടവിധം മനസ്സിലാക്കാത്തവരാണെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം അധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ ഭാരതീയ വിചാര കേന്ദ്രം ജില്ലാ സ്ഥാനീയ സമിതിയുട ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദിഗ്വിജയം 2017 തത്വബോധന സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വിഭാഗം ഭാരതീയ ശാസ്ത്രങ്ങളെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. വികലമായ സമീപനമാണ് ഇത്തരം തെറ്റിദ്ധാരണയ്ക്ക് കാരണം. മനുഷ്യന്റെ വളര്‍ച്ചയ്ക്ക് അറിവ് അനിവാര്യമാണ്. ഈ അറിവ് ഭാരതീയ തത്വമീമാംസകളില് നിന്നും ലഭ്യമാണെന്നും സ്വാമി പറഞ്ഞു.
വ്യക്തിയുടേയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും അടിസ്ഥാനം ധര്‍മ്മമാണ്. ധര്‍മ്മ ചിന്തയാണ് വ്യക്തിയേയും കുടുംബങ്ങളേയും ചേര്‍ത്തു നിര്‍ത്തുന്നത്. മറ്റൊരു ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ പറ്റാത്ത പദമാണ് ധര്മ്മമെന്നത്. പ്രപഞ്ചത്തിന്റെ വ്യവസ്ഥയാണ് ധര്മ്മമെന്നത്. അതിസൂക്ഷ്മമായ അണുകണങ്ങള്‍ മുതല്‍ അനന്ത കോടി ബ്രഹ്മാണ്ഡങ്ങള്‍ വരെ അടങ്ങുന്ന പ്രപഞ്ചവരെ സകലതിനേയും കോര്‍ത്തിണക്കുന്നത് ധര്‍മ്മമാണ്. പ്രപഞ്ച വൈജാത്യങ്ങളെയെല്ലാം കോര്‍ത്ത് നിര്‍ത്തുന്നത് നിയമ വ്യവസ്ഥയാണ്. ഈ നിയമ വ്യവസ്ഥയാണ് ധര്‍മ്മം. പ്രപഞ്ചത്തെ മുഴുവന്‍ ഉള്‍ക്കൊണ്ട് ജീവിക്കുന്നതാണ് ധാര്‍മ്മിക ജീവിതം. പ്രപഞ്ചം നിയന്ത്രിക്കുന്ന താളക്രമത്തെ മനസ്സിലാക്കി അതിനനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തുമ്പോഴാണ് ജീവിത വിജയം ഉണ്ടാകുന്നത്. ഞാന്‍ ജീവിക്കുന്നതൊടൊപ്പം സഹജീവികളും കഴിഞ്ഞു കൂടണം,സമാജവും നിലനില്‍ക്കണം എന്ന ചിന്തയോടെ ജീവിക്കുന്നതാണ് ധാര്‍മ്മിക ജീവിതം. തനിക്ക് പ്രതികൂലമായത് മറ്റുളളവരോട് ചെയ്യരുത്. പ്രപഞ്ച താളത്തിന് ഭംഗം വരുന്നതൊന്നും ചെയ്യാന്‍ പാടില്ല. ഓരോ വ്യക്തിയുടേയും ജീവിത യാത്ര സുഗമമാകുമ്പോള്‍ മാത്രമേ സമാജത്തിന്റെ നിലനില്‍പ്പു സാധ്യമാകൂ. ഇത് ഉള്‍ക്കൊളളുമ്പോഴാണ് ആരോഗ്യകരമായ സമഷ്ടി ബന്ധം വികസിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വ്യക്തികളിലും കുടികൊളളുന്ന ചൈതന്യം ഒന്നാണെന്ന തിരിച്ചറിവില്‍ ഒരു യഥാര്‍ത്ഥ വ്യക്തിത്വം രൂപമെടുക്കുന്നു. വ്യക്തിയുടെ സ്വത്വത്തെ വിചാരണ ചെയ്യുമ്പോള്‍ എല്ലാം ഒന്നാണെന്ന് തിരിച്ചറിയുകയും വ്യക്തിഭാവം,ഭേദം എന്നിവ ഇല്ലാതാവുകയും ചെയ്യും. പരിമിതിയില്‍ നിന്നും രക്ഷപ്പെടാനുളള ത്വര മനുഷ്യനില്‍ മാത്രമല്ല. എല്ലാ ജീവജാലങ്ങളിലും ഉളളതാണ്. വ്യക്തിയും കുടുംബവും തമ്മില്‍ പാരസ്പര്യമുണ്ട്. നല്ല കുടുംബങ്ങളില്‍ നിന്ന് നല്ല വ്യക്തികളും നല്ല വ്യക്തിത്വങ്ങള്‍ ചേര്‍ന്ന് ഉത്തമ കുടുംബങ്ങളും രൂപമെടുക്കുമെന്നും സ്വാമി പറഞ്ഞു.
‘വ്യക്തി, കുടുംബം, സമൂഹം’ എന്ന വിഷയത്തെ അധികരിച്ച് നടന്ന പ്രഭാഷണ പരിപാടിയില്‍ ഡോ.വി.എസ്.ഷേണായി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സംശയ നിവാരണസഭയും നടന്നു. ഭാരതീയ വിചാര കേന്ദ്രം ജില്ലാ അധ്യക്ഷന്‍ രാജേഷ് വാര്യര്‍, സി.കെ.സുരേഷ് വര്‍മ്മ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: