പത്തനംതിട്ട: ജലക്ഷാമം കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണവും പരിഹാരവുംകണ്ടെത്താന് ശാസ്ത്രജ്ഞരും ശാസ്ത്രവും പ്രതിജ്ഞാബദ്ധരാകണമെന്നും കണ്ടെത്തിയ പരിഹാര നിര്‍ദ്ദേശങ്ങള്‍ പ്രയോഗത്തില്‍ വരുത്തണമെന്നും മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു.
തിരുവല്ലയില്‍ 29 ാം കേരള ശാസ്ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ചു ദേശീയ ശാസ്ത്ര പ്രദര്‍ശന പ്രദര്‍ശനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസംരക്ഷണത്തിനും പ്രകൃതി സംരക്ഷണത്തിനും ജനകീയ പങ്കാളിത്തം ആവശ്യപ്പെട്ട അദ്ദേഹം ശാസ്ത്ര സമൂഹം പൊതു സമൂഹവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന്റെ ആവശ്യകതയും ഓര്‍മ്മിപ്പിച്ചു.
നൂറ്റിയിരുപത്തഞ്ചോളം ദേശീയ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന വിപുലമായ ശാസ്ത്ര പ്രദര്‍ശനത്തിനാണ് തിരുവല്ല മാര്‍തോമാ കോളേജ് ഗ്രൗണ്ടിലെ എം.ആര്. ദാസ് നഗറില്‍ തുടക്കം കുറിച്ചത്. ചടങ്ങില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ്, കേരള വന ഗവേഷണ കേന്ദ്രം ഡയറക്റ്റര്‍ ഡോ. ബ്രാഡ്സണ്‍ കോറി ഐ.എഫ്.എസ്., തിരുവല്ല മുന്‍സിപ്പല്‍ ചെയര്മാന് വര്‍ഗ്ഗീസ് കെ.വി., കൗണ്‍സിലര്‍ ശാന്തമ്മ മാത്യു, മാര്‍ തോമാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജേക്കബ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാര്‍,എന്നിവര്‍ സംബന്ധിച്ചു.
പത്തനംതിട്ട ജില്ലയില്‍ ആദ്യമായി സംഘടിപ്പിക്കപ്പെടുന്ന ശാസ്ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ച് നടത്തുന്ന ദേശീയ ശാസ്ത്രപ്രദര്ശനത്തില് രാജ്യത്തെ പ്രമുഖ ഗവേഷണ കേന്ദ്രങ്ങളായ വിക്രം സാരാഭായി സ്പേസ് സെന്റര്‍, ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്റര്‍, സെന്‍ട്രല്‍ ഫുഡ് ടെക്നോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, കേ ന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം, ഭാരത് പെട്രോളിയം കോര്പ്പറേഷന്, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷ് ടെക്നോളജി, സെന്‍ട്രല്‍ മറൈന്ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സ്റ്റഡീസ്, സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് എന്നിവയും. സംസ്ഥാന സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴിലുള്ള ഗവേഷ കേന്ദ്രങ്ങളായ കേരള വന ഗവേഷണ സ്ഥാപനം, ടോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്ഥാന ജലവിഭവ വികസന ഗവേഷണ കേന്ദ്രം, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയന്‍സസ, ശ്രീനിവാസ രാമാനുജം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സസ്, നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് പ്ലാനിങ്ങ്ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ് എന്നീ സ്ഥാപനങ്ങളുടെയും കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, എം. എസ്. സ്വാമിനാഥന് റിസര്‍ച്ച് സെന്റര്‍, ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്റര്‍, വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍, വനം വന്യജീവി വകുപ്പ് എന്നിവയുടെയും സ്റ്റാളുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: