വിഴിഞ്ഞം: സിഐ ഓഫീസ് കൂടി ഉള്‍പ്പെടുന്ന വിഴിഞ്ഞം ജനമൈത്രി പോലീസ് സ്റ്റേഷന് മുന്നിലെ സിപിഎമ്മിന്റെ കൂറ്റന്‍ ഫഌക്സ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു.
വിഴിഞ്ഞം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നു മുക്കോല റോഡിലേക്ക് പ്രവേശിക്കുന്ന വളവിലാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ചിത്രത്തോടു കൂടിയ പാര്‍ട്ടി പരിപാടിയുടെ ഫഌക്സ് സ്ഥാപിച്ചിരിക്കുന്നത്.
വളവു തിരിഞ്ഞ് വരുന്ന വാഹനങ്ങള്‍ക്ക് കാല്‍നടയാത്രക്കാരെയോ മറ്റ് വാഹനങ്ങളെയോ കാണാന്‍ സാധിക്കില്ല. വിഴിഞ്ഞം തുറമുഖത്തേക്കും ബൈപ്പാസ് നിര്‍മ്മാണത്തിനുമായി കരിങ്കല്ല് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികളുമായി നൂറു കണക്കിന് ടിപ്പര്‍ ലോറികളാണ് ഇത് വഴി കുതിച്ചു പായുന്നത്. അഞ്ച് പ്രധാന റോഡുകള്‍ സംഗമിക്കുന്ന ഇവിടെ പോലീസ് സഹായം പോലും ലഭ്യമല്ല എന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
പോലീസ് സ്റ്റേഷന്റെ സൂചനാ ബോര്‍ഡും കെട്ടിടവും പൂര്‍ണ്ണമായി മറയ്ക്കുന്ന രീതിയിലാണ് സിപിഎമ്മിന്റെ ഫഌക്സ് സ്ഥാപിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ കൊടിമരവും പോലീസ് സ്റ്റേഷന് മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവര്‍ക്ക് പാര്‍ട്ടി ഓഫീസിന്റെ പ്രതീതിയാണ് ഉണ്ടാവുക.
പാര്‍ട്ടിയുടെ തിട്ടൂരം അനുസരിച്ചാണ് സ്റ്റേഷന്റെ പ്രവര്‍ത്തനം നടക്കുന്നത് എന്ന് വ്യാപകമായ പരാതി നിലനില്‍ക്കുന്നുണ്ട്. അതിനെ സാധൂകരിക്കുന്ന നിലയിലാണ് ഫഌക്സ് സ്ഥാപിച്ചിരിക്കുന്നത്.
റോഡരികളില്‍ സ്ഥാപിച്ചിരിക്കുന്ന ചെറിയ ഫഌക്സുകള്‍ പോലും എടുത്ത് മാറ്റാന്‍ ശുഷ്കാന്തി കാണിക്കുന്ന ഉദ്യോഗസ്ഥരാണ് മൂക്കിന്‍തുമ്പിലെ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുന്നത്. പോലീസ് സ്റ്റേഷന് പൂര്‍ണ്ണമായും മറച്ചിട്ടും ഫഌക്സ് മാറ്റാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല എന്നതാണ് സത്യം.
ഭരണകക്ഷിയുടെ പരസ്യമായ നിയമ ലംഘനം നിലനില്‍ക്കുന്നതിനാല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടേയും സംഘടനകളുടേയും ഫഌക്സുകളും കൊടിമരങ്ങളും ഓരോ ദിവസവും വര്‍ദ്ധിച്ചു വരികയാണ്.
അടിയന്തരമായി ഈ ഫഌക്സുകള്‍ മാറ്റിയില്ലെങ്കില്‍ അപകടങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: