തിരുവനന്തപുരം: അഴിമതിയും വിദ്യാര്‍ത്ഥിപീഡനവും നടത്തുന്ന മാനേജ്മെന്റില്‍ നിന്ന് ലോഅക്കാദമി ലോ കോളേജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന് ആവശ്യപ്പെട്ടു. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരത്തെ പിന്തുണച്ചുള്ള ഉപവാസം തുടങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവന്ന് ലോഅക്കാദമിയെ ഒരു മികവിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് വേണ്ടത്. വിദ്യാര്‍ത്ഥി സമരം തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന മുദ്രാവാക്യം ശാശ്വതമാക്കാന്‍ കൂടിയാണ് താനും സമരത്തിനിറങ്ങിയതെന്ന് മുരളീധരന് പറഞ്ഞു. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ സമരം പൊതു സമൂഹം ഏറ്റെടുക്കുകയാണ്. മറ്റ് സ്വാശ്രയകോളേജുകള്‍ക്കില്ലാത്ത പരിഗണനയാണ് അക്കാദമിക്ക് നല്‍കുന്നത്. സര്‍ക്കാര്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം ഗ്രാന്റ് നല്കുന്നു. അക്കാദമിക് കൗണ്‍സിലിലും സെനറ്റിലും പ്രാതിനിധ്യം നല്കുന്നു. ഇതെന്തിനാണെന്ന് ചോദിച്ചാല്‍ മറുപടിയില്ല. കോളേജ് ട്രസ്റ്റ് അനധികൃതമായി കൈവശം വച്ച 11.5 ഏക്കര്‍ സ്ഥലത്തെക്കുറിച്ച് ചോദിച്ചാല്‍ വിവരാവകാശത്തിനും മറുപടികൊടുക്കില്ല. ഇവിടത്തെ പ്രിന്‍സിപ്പലിന്റെ പിഎച്ച്ഡിയുടെ തിസീസ് മാത്രം ലൈബ്രറിയില്‍ കാണില്ല.
മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് നിഷേധിക്കുമ്പോള്‍ ക്ളാസില്‍ ഹാജരാകാതിരുന്ന, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ പെട്ട ജോണ്‍ ബ്രിട്ടാസിന് അധികമാര്‍ക്ക് കൊടുക്കുന്നു. ലോ യൂണിവേഴ്സിറ്റിയില്‍ അഴിമതി നടത്തിയെന്ന് ചീഫ് ജസ്റ്റിസ് തന്നെ കുറ്റപ്പെടുത്തിയ എന്‍.കെ. ജയകുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നു ലോ അക്കാദമി പ്രിന്‍സിപ്പലിന് അനുകൂലമായി നീക്കം നടത്തുകയാണ്.
ലോകോളേജുകളിലേക്കുള്ള പിഎസ്സി അധ്യാപക നിയമനത്തില്‍പോലും ഇന്റര്‍വ്യൂ ബോര്‍ഡിലുള്ള ജയകുമാര്‍ ഇടപെട്ട് വേണ്ടപ്പെട്ടവര്‍ക്ക് ജോലി നല്‍കിയതിന് തെളിവുകളുണ്ട്. നേരത്തെ ഗവര്‍ണറും മുഖ്യമന്ത്രിയുമൊക്കെയായിരുന്നു കോളേജ് ഭരണസമിതിയുടെ തലപ്പത്തുണ്ടായത്. ഇതെപ്പോഴാണ് മാറ്റിയതെന്ന് മുരളീധരന് ചോദിച്ചു. ഇപ്പോള്‍ കോളേജിന്റെ പ്രവര്‍ത്തനം ദുരൂഹമാണ്. അക്കാദമിയിലെ മാനേജ്മെന്റിന്റെ ഏറാന്മൂളികളായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം നല്ല മാര്‍ക്ക് ലഭിക്കുന്നു. മറ്റ് ലോ കോളേജുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഈ പരാതി ഉണ്ടെന്ന് വി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: