മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് സ്ഥാനത്തിനുള്ള അവകാശവാദത്തിന് കരുത്തേകി വൃദ്ധിമാന്‍ സാഹ റെസ്റ്റ് ഓഫ് ഇന്ത്യക്ക് ഇറാനി ട്രോഫി കിരീടം സമ്മാനിച്ചു. മറ്റൊരു മത്സരാര്‍ത്ഥി പാര്‍ഥിവ് പട്ടേലിന്റെ ഗുജറാത്തിനെ ആറു വിക്കറ്റിന് കീഴടക്കി.
ജയിക്കാന്‍ വേണ്ടിയിരുന്ന 379 റണ്‍സ് സാഹയും (203 നോട്ടൗട്ട്), നായകന് ചേതേശ്വര്‍ പൂജാരയും (116 നോട്ടൗട്ട്) ചേര്‍ന്ന് അനായാസം നേടി. സ്കോര്‍: ഗുജറാത്ത് 358, 246, റെസ്റ്റ് ഓഫ് ഇന്ത്യ – 226, 379/4.
ആദ്യ ഇന്നിങ്സില്‍ 132 റണ്‍സ് ലീഡ് വഴങ്ങിയ ശേഷമാണ് റെസ്റ്റ് വിജയതീരമണിഞ്ഞത്. രണ്ടാമത്തേതില്‍ നാലിന് 63 എന്ന നിലയില്‍ പതറിയ റെസ്റ്റിനെ പിരിയാത്ത അഞ്ചാം വിക്കറ്റില്‍ 316 റണ്‍സ് ചേര്‍ത്ത് സാഹയും ചേതേശ്വറും ലക്ഷ്യത്തിലെത്തിച്ചു. 15ാം തവണയാണ് റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി ട്രോഫി സ്വന്തമാക്കുന്നത്. 272 പന്തില്‍ 26 ഫോറും ആറ് സിക്സറും നേടി സാഹ. കരിയറിലെ 11ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി. 238 പന്തില്‍ 16 ഫോറുകളോടെ ചേതേശ്വറിന്റെ 38ാം ഫസ്റ്റ് ക്ലാസ് ശതകം. അഞ്ചാം വിക്കറ്റില്‍ ഇവരുടെ കൂട്ടുകെട്ട് റെസ്റ്റിന്റെ മികച്ച രണ്ടാമത്തേത്. സാഹ കളിയിലെ താരം.
തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തോടെ ഗുജറാത്തിനെ രഞ്ജി ട്രോഫിയില്‍ ആദ്യമായി ജേതാക്കളാക്കിയ പാര്‍ഥിവിന് ഇവിടെ പിഴച്ചു. അതേസമയം, പ്രതിസന്ധി ഘട്ടത്തില്‍ വിശ്വസിക്കാമെന്ന് സാഹ ഒരിക്കല്‍ കൂടി തെളിയിച്ചു. പരിക്കു മൂലം ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ മടങ്ങിയ ബംഗാള്‍ വിക്കറ്റ് കീപ്പര്‍ക്ക് പകരം ടീമിലെത്തിയ പാര്‍ഥിവ് മികച്ച പ്രകടനം നടത്തി. ഇതോടെ, ബംഗ്ലാദേശിനും ഓസ്ട്രേലിയയ്ക്കുമെതിരെയുള്ള പരമ്പരകളിലെ കീപ്പര്‍ തെരഞ്ഞെടുപ്പ് സെലക്റ്റര്‍മാരെ വെള്ളം കുടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: