തുറവൂര്‍: ജപ്പാന് ശുദ്ധജല പദ്ധതിയുടെ ഭാഗമായി നബാര്‍ഡിന്റെ സഹായത്തോടെ ചേര്‍ത്തല, അരൂര്‍ മണ്ഡലങ്ങളിലെ 19 പഞ്ചായത്തുകളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലി നിലച്ചു. ഒരു വര്‍ഷം മുമ്പാണ് 60 കോടി രൂപ ചെലവിട്ട് പൈപ്പ് സ്ഥാപിക്കുന്ന ജോലി തുടങ്ങിയത്.
പകുതിയോളം ഭാഗങ്ങളില്‍ മാത്രമാണ് പൈപ്പുകള്‍ ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത്. കരാറുകാര്‍ക്ക് ചെയ്ത ജോലിയുടെ തുക ലഭിക്കാതിരുന്നതാണ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ കാരണം. ഇതു കൂടാതെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലു ള്ള റോഡുകള്‍ക്കരികില്‍ കുഴിയെടുത്ത് റോഡ് തകര്‍ന്നാല്‍ കരാറുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദ്ദേശവും പദ്ധതിയെ പ്രതികൂലമായി ബാധിച്ചു. നിര്‍മ്മാണം തുടങ്ങിയപ്പോള്‍ ഒരു വര്‍ഷത്തിനകം പൈപ്പ് സ്ഥാപിക്കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം.
എന്നാല്‍ പകുതി ഭാഗത്ത് മാത്രമാണ് ഇപ്പോള്‍ പൈപ്പുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞത്. മാത്രമല്ല, സ്ഥാപിച്ച പൈപ്പിലൂടെ ശുദ്ധജല വിതരണം ചെയ്യുന്നതിനും കഴിഞ്ഞിട്ടില്ല. പട്ടണക്കാട് പഞ്ചായത്തിലെ തീരദേശ വാര്‍ഡുകളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി 10 ലക്ഷം രൂപാ ചെലവിട്ട് ജില്ലാ പഞ്ചായത്തും ഇതിനൊപ്പം പൈപ്പുകള്‍ വാങ്ങി സ്ഥാപിച്ചു.
എന്നാല്‍ നബാര്‍ഡിന്റെ സഹായത്തോടെ സ്ഥാപിക്കുന്ന പൈപ്പുമായി ബന്ധപ്പെട്ട കിടക്കുന്നതിനാല്‍ ഈ പൈപ്പിലൂടെയും ശുദ്ധജല വിതരണം നടത്താന്‍ കഴിഞ്ഞിട്ടില്ല. അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട് എന്നീ പഞ്ചായത്തുകളുടെ തീരദേശ മേഖലകളില്‍ ജപ്പാന് ശുദ്ധജല വിതരണം കാര്യക്ഷമമാക്കാനും അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.
ഈ പഞ്ചായത്തുകളിലും പുതുതായി ഒട്ടേറെ സ്ഥലങ്ങളില്‍ പൈപ്പുകള്‍ സ്ഥാപിച്ചാല്‍ മാത്രമേ ജനങ്ങളുടെ നിത്യേനയുള്ള ആവശ്യത്തിനുള്ള വെള്ളം ലഭിക്കുകയുള്ളു. ജപ്പാന് ജലവിതരണം കാര്യക്ഷമമാണെന്ന് ബന്ധപ്പെട്ട അധികൃതര്‍ കൊട്ടിഘോഷിക്കുമ്പോഴും പഞ്ചായത്തുകളുടെ ചില പ്രദേശങ്ങളിലും ജനങ്ങള്‍ കിലോമീറ്റര്‍ ദൂരം നടന്നാണ് ഇപ്പോഴും ശുദ്ധജലം സംഭരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: