കുമളി: ജില്ലാ ബാങ്ക് കുമളിയില്‍ സ്ഥാപിക്കുന്ന എം.ടി.എം പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ത്രീഫേസ് കണക്ഷന് ലഭിക്കുന്നതിന് വേണ്ടി കഴിഞ്ഞ മൂന്ന് മാസമായി ബാങ്ക് അധികൃതര്‍ വൈദ്യുതി വകുപ്പിന്റെ കുമളി സെക്ഷന്‍ ഓഫീസ് കയറിയിറങ്ങാന്‍ തുടങ്ങിയിട്ട്.
ഓരോ തവണ എത്തുമ്പോഴും വിവിധ കാരണങ്ങള്‍ പറഞ്ഞ് മടക്കി അയക്കുകയാണ്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമായതിനാല്‍ പഞ്ചായത്തിന്റെ അനുമതി ആവശ്യമുണ്ടെന്നായിരുന്നു വൈദ്യുതി വകുപ്പിന്റെ ആദ്യ ആവശ്യം. ബാങ്കിന് വൈദ്യുതി കണക്ഷന് നല്‍കുന്നതിന് പഞ്ചായത്തിന് യാതൊരു ആക്ഷേപവുമില്ലെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും കാണിച്ച് സെക്രട്ടറി കുമളി സെക്ഷന്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നിലവിലുള്ള ത്രീ ഫേസ് പോസ്റ്റും കെട്ടിടവും തമ്മിലുള്ള ദൂരം അളന്ന് തിരിച്ചു. പിന്നീട് കെട്ടിടം വൈദ്യുതീകരിച്ച് സര്‍ട്ടിഫിക്കേറ്റ് നല്‍കണമെന്ന് അറിയിച്ചതോടെ ഇതും ഹാജരാക്കി. പണം അടയ്ക്കാനായി എത്തിയപ്പോള്‍ ലൈന്‍ വലിക്കുന്നതിനായി ബസ്സ്റ്റാന്റിനുള്ളില്‍ ഒരു ഇലക്ട്രിക് പോസ്റ്റ് സ്ഥാപിച്ചാല്‍ മാത്രമേ കണക്ഷന് നല്കാന് കഴിയുകയുള്ളൂവെന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. മാത്രമല്ല പോസ്റ്റ് സ്ഥാപിക്കുന്നതിന് പഞ്ചായത്തിന് എതിര്‍പ്പില്ലെന്നുള്ള സെക്രട്ടറിയുടെ കത്ത് വേണമെന്നാവശ്യപ്പെട്ടതോടെ ഇതും ബാങ്ക് അധികൃതര്‍ എത്തിച്ചു.എന്നാല്‍ 20 മീറ്റര്‍ മാത്രം സര്‍വീസ് ലൈന്‍ വലിച്ച് കണക്ഷന് നല്കാമെന്നിരിക്കെയാണ് പോസ്റ്റ് സ്ഥാപിക്കുന്നതിനായി വൈദ്യുതി വകുപ്പ് പണം അടപ്പിച്ചിരിക്കുന്നത്. പണം അടച്ചാല്‍ അടുത്ത ദിവസം കണക്ഷന് നല്‍കുമെന്നറിയിച്ച വൈദ്യുതി വകുപ്പ് വീണ്ടും നിലപാട് മാറ്റി.
നിലവില്‍ ത്രീ ഫേസ് കണക്ഷന് നിരവധി ആളുകള്‍ അപേക്ഷിച്ചിട്ടുണ്ടെന്നും മുന്‍ഗണനാ ക്രമം തെറ്റിച്ച് കണക്ഷന് നല്‍കാനാവില്ലെന്നുമാണ് വൈദ്യുതി വകുപ്പ് ബാങ്ക് അധികൃതരെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: