മാഡ്രിഡ്: എംഎസ്എന്‍ ത്രയത്തിന്റെ ഗോളുകളില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണക്ക് സ്പാനിഷ് ലീഗില്‍ മിന്നുന്ന ജയം. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ഐബറിനെ അവര്‍ തകര്‍ത്തു. വിജയത്തോടെ ലീഗില്‍ ഒന്നാമതുള്ള റയലുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറക്കാന്‍ ബാഴ്സക്ക് സാധിച്ചു. എന്നാല്‍ ഒരു മത്സരം കുറച്ചു കളിച്ചതിന്റെ ആനുകൂല്യം റയലിനുണ്ട്. ബാഴ്സ 18 മത്സരങ്ങള്‍ കളിച്ചപ്പോള്‍ റയല്‍ 17 എണ്ണമേ കളിച്ചിട്ടുള്ളൂ.
കളിയുടെ പത്താം മിനിറ്റില്‍ സെര്‍ജിയോ ബുസ്ക്യുറ്റസിനു പകരമായി കളത്തിലെത്തിയ ഡെന്നിസ് സുവാരസിലൂടെയാണ് ബാഴ്സ ഗോളടിക്ക് തുടക്കമിട്ടത്. 20 വാര അകലെ നിന്ന് ഡെന്നിസ് പായിച്ച ഷോട്ട് പോസ്റ്റിന്റെ മൂലയില്‍ പതിച്ചു. ആദ്യപകുതിയില്‍ ഈ ഒരു ഗോള്‍ മാത്രമാണ് ബാഴ്സക്ക് നേടാന്‍ കഴിഞ്ഞത്. 50-ാം മിനിറ്റില്‍ സൂപ്പര്‍താരം മെസ്സിയിലൂടെ ബാഴ്സ ലീഡ് ഉയര്‍ത്തി. സുവാരസിന്റെ പാസ് സ്വീകരിച്ച് ക്ലോസ് റേഞ്ചില്‍ നിന്ന് മെസ്സി പായിച്ച ഷോട്ട് വലയില്‍. 68-ാം മിനിറ്റില്‍ സുവാരസിന്റെ ഊഴം. എയ്ബര്‍ ഡിഫന്‍ഡര്‍ ഫ്ളോറിയന്‍ ലെജ്യൂനെയില് നിന്ന് പന്ത് തട്ടിയെടുത്ത് ഒരു ഒറ്റയാള്‍ മുന്നേറ്റത്തിനൊടുവിലാണ് സുവാരസ് ഗോള്‍ നേടിയത്. ഇഞ്ചുറി സമയത്ത് നെയ്മറിലൂടെ ബാഴ്സ പട്ടിക തികച്ചു.
മറ്റൊരു മത്സരത്തില്‍ കരുത്തരായ അത്ലറ്റികോ മാഡ്രിഡിനെ അത്ലറ്റിക് ബില്‍ബാവൊ സമനിലയില്‍ കുരുക്കി. ഇരുടീമുകളും രണ്ട് ഗോളുകളാണ് നേടിയത്. ഒരിക്കല്‍ ലീഡ് നേടുകയും പിന്നീട് പിന്നിട്ടുനില്‍ക്കുകയും ചെയ്തശേഷമാണ് അത്. മാഡ്രിഡ് സമനില സ്വന്തമാക്കിയത്. അത്ലറ്റികോ മാഡ്രിഡിനായി മൂന്നാം മിനിറ്റില്‍ കോക്കെയും 80-ാം മിനിറ്റില്‍ അന്റോണിയോ ഗ്രീസ്മാനും ഗോള്‍ നേടിയപ്പോള്‍ 42-ാം മിനിറ്റില്‍ ഇനിഗൊ ലെക്ക്യുവും 56-ാം മിനിറ്റില്‍ ഡീ മാര്‍ക്കോസും ബില്‍ബാവോക്കായി ലക്ഷ്യം കണ്ടു. 19 കളികളില്‍ നിന്ന് 35 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് നാലാമത്. 29 പോയിന്റുള്ള ബില്‍ബാവോ ഏഴാമതാണ്.
മറ്റൊരു മത്സരത്തില്‍ ഒസാസുനയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സെവിയ രണ്ടാം സ്ഥാനത്ത്. രണ്ട് തവണ പിന്നിട്ടുനിന്നശേഷമാണ് സെവിയ വിജയം നേടിയത്.
മറ്റ് മത്സരങ്ങളില്‍ റയല്‍ സോസിഡാഡ് 1-0ന് സെല്‍റ്റ ഡി വീഗോയെ പരാജയപ്പെടുത്തിയപ്പോള്‍ റയല്‍ ബെറ്റിസ്-സ്പോര്‍ട്ടിങ്ങ് ജിഗോണ് കളി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: