ന്യൂദല്‍ഹി: ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കിയപ്പോള്‍ നഷ്ടപ്പെട്ട റേഷന്‍ വിഹിതം പുനസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി വിജയന്. ”ഇരുപത് മിനിട്ട് നീണ്ട ചര്‍ച്ചയില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രി അനുഭാവപൂര്‍വ്വം കേട്ടു. നിരാശാജനകമായ മറുപടിയല്ല ലഭിച്ചത്. അനുകൂല പ്രതികരണമായതിനാല്‍ പ്രധാനമന്ത്രിയില്‍ പ്രതീക്ഷയുണ്ട്”. മുഖ്യമന്ത്രി ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഭക്ഷ്യ ഭദ്രതാ നിയമത്തില്‍ കേരളത്തിലെ അര്‍ഹതപ്പെട്ടവര്‍ മുഴുവനും ഉള്‍പ്പെടാത്തതിനാല്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തണം, അധിക റേഷന്‍ അനുവദിക്കണം എന്നീ ആവശ്യങ്ങളാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പ്രധാനമായും ഉന്നയിച്ചത്.
കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ പ്രശ്നങ്ങള്‍ ശരിയായ രീതിയില്‍ കേന്ദ്രത്തെ അറിയിക്കാന്‍ സാധിച്ചില്ലെന്ന് വിജയന് പറഞ്ഞു. നിയമം നടപ്പാക്കുന്നതിനുള്ള നടപടികളും യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചില്ല. മുന്‍ മന്ത്രി കെ.വി. തോമസിനെയും അദ്ദേഹം വിമര്‍ശിച്ചു.
ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാനുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഭക്ഷ്യധാന്യത്തിലെ കുറവ് നികത്താമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി വിജയന് പറഞ്ഞു. കൂടുതല്‍ ചര്‍ച്ചകളിലൂടെ ഇക്കാര്യത്തില്‍ തൂരുമാനത്തിലെത്തും. വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: