എടരിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം കോല്‍ക്കളിയില്‍ ഹയര്‍ അപ്പീല്‍ വിധി വന്നപ്പോള്‍ എടരിക്കോടന്‍ കോല്‍ക്കളി പെരുമ തിളങ്ങി.
മത്സരശേഷം കാണികള്‍ എടരിക്കോടിന് ഒന്നാം സ്ഥാനം വിധിച്ചെങ്കിലും ഫലം വന്നപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കളിയുടെ മേന്മ പരിശോധിക്കാതെ എടരിക്കോടിന് രണ്ടാം സ്ഥാനത്തേക്ക് മാറ്റിയെന്ന ആരോപണം ഉന്നയിച്ചതിന്റെ ഫലമായി ഹയര്‍ അപ്പീല്‍ നല്‍കുകയായിരുന്നു. അപ്പീല്‍വിധി വന്നപ്പോള്‍ എടരിക്കോട് ഒന്നാമതെത്തി.
ചടുല താളങ്ങള്‍ മുഴക്കി കളരി അഭ്യാസികളുടെ കളിക്കരുത്തില്‍ എടരിക്കോട് പികെഎംഎം ഹയര്‍ സെക്കണ്ടറി സ്കൂള്‍ കാത്തുസൂക്ഷിച്ചത് പതിറ്റാണ്ടുകളുടെ എടരിക്കോടന്‍ കീര്‍ത്തിയാണ്. അസീസ് മണമ്മലിന്റെ സംഗീതത്തില്‍ ‘ മണ്ണിന്റെ മാറിടത്തില്‍ വിണ്ണിന്റെ…’ എന്നു തുടങ്ങുന്ന കോല്‍ക്കളി ആചാര്യന് ടി പി ആലിക്കുട്ടി ഗുരുക്കളുടെ വരികള്ക്കൊത്താണ് എടരിക്കോട് കളി തുടങ്ങിയത്. വട്ടക്കോലില്‍ തുടര്‍ന്ന അഭ്യാസ ചുവട് വലിയ താളകളിയും കഴിഞ്ഞ് ഒഴിച്ചടി മുട്ടില്‍ അടക്കം വെച്ച് കളി അവസാനിച്ചപ്പോള്‍ സദസ് മുഴുനീളെ കരഘോഷം മുഴക്കി.
ആലിക്കുട്ടി ഗുരുക്കളുടെ ശിഷ്യന്മാരുടെ പരിശീലനത്തില്‍ എടരിക്കോട് പതിനെട്ട് തവണ കോല്‍ക്കളിയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കോല്‍ക്കളി എന്ന നാടന്‍ കലാരൂപത്തെ കേരളത്തിലും വിദേശ രാജ്യങ്ങളിലും ജനകീയമാക്കിയത് കോല്‍ക്കളി ആചാര്യന് ടി പി ആലിക്കുട്ടി ഗുരുക്കളാണ്.
കലാരൂപങ്ങളില്‍ ദീര്‍ഘനാളത്തെ പരിശീലനം കൊണ്ടുമാത്രം പഠിച്ചെടുക്കാന്‍ പറ്റുന്ന കലാരൂപമാണ് കോല്‍ക്കളി. വെട്ടിത്തടുത്ത് ചുവട് വെക്കുന്ന ഓരോ ചുവടിലും മനോധര്‍മ്മത്തിനനുസരിച്ച് വിവിധ അഭ്യാസ കാഴ്ചകള്‍ സമ്മാനിക്കാന്‍ കോല്ക്കളിക്കാരന് കഴിയണം. ഏഴായിരത്തോളം വരുന്ന എടരിക്കോട് സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും വിധി നിര്‍ണ്ണയത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: