ആള്‍വാറിന്റെ ഭഗീരഥന് തടാകതീരത്തെത്തുമ്പോള്‍ വെള്ളം ഒരു കുന്ന് ആഴത്തിലേക്ക് ആണ്ടുപോയിരുന്നു. മണ്ണിന്റെ നീരൂറ്റിയെടുക്കുന്ന യക്ഷിമരങ്ങളായി അക്കേഷ്യകള്‍ വേരാഴ്ത്തി അപ്പോഴും ചിലമ്പിച്ചുകൊണ്ടിരുന്നു. എളുപ്പത്തില്‍ കോടീശ്വരന്മാരാകാന് മുണ്ടകപ്പാടത്തെ ചെളിമാറ്റി പൊന്നിന്റെ വിലയുള്ള മണ്ണൂറ്റിയെടുത്തവരില് പലരും ഗതി കിട്ടാതലയുന്നുണ്ടായിരുന്നു. മറ്റ് ചിലര്‍ രാഷ്ട്രീയത്തിന്റെ പല വര്ണക്കൊടികള്ക്ക് കീഴില്‍ ഖദറിട്ടും ഇടാതെയും ഇടംതേടിത്തുടങ്ങിയിരിക്കുന്നു.
കുന്നിറങ്ങി പാതാളത്തിലേക്ക് മടക്കയാത്ര തുടങ്ങിയ തടാകത്തെ നോക്കി ഒരു നാടും നാട്ടുകാരും മുറവിളി കൂട്ടുന്നു. മീനമാസച്ചൂടില്‍ മരണമാണ് പതിയിരിക്കുന്നതെന്ന ആശങ്കകളായിരുന്നു എവിടേയും. രാജസ്ഥാനിലെ മണല്ക്കാടുകളില് തെളിനീരുറവ തേടിയ രാജേന്ദ്രസിങിന് ഇത് അമ്പരപ്പിക്കുന്ന കാഴ്ച. നാല്പത്തിനാല് നദികളൊഴുകിയ നാട്, ദൈവം സ്വന്തം മടിത്തട്ടിലിരുത്തി ലാളിച്ചു വളര്‍ത്തിയ നാട്, പച്ചപ്പിന്റെ എല്ലാ സുഖവും ഓമനിച്ചു നല്കിയ നാട്… എന്നിട്ടും ഇന്നാട്ടുകാര് അതെല്ലാം വികൃതി കാട്ടി ഇല്ലാതാക്കിയല്ലോ എന്നതായിരുന്നു ആള്‍വാറിലെ പുഴയടക്കം നീര്വറ്റിപ്പോയ ഏഴ് നദികളില്‍ ആകാശഗംഗയെ കുടിയിരുത്തിയ ആ നവഭഗീരഥന്റെ വിലാപം. അത് അദ്ദേഹം മറച്ചുവെച്ചതുമില്ല.
ആറന്മുളയുടെ സമരമുഖത്തുനിന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് വിഭാവനം ചെയ്ത ജലസ്വരാജിന്റെ പിറവി. ജലസ്വരാജിന് ഉദ്ഘാടനം കുറിക്കാന്‍ ശാസ്താംകോട്ട തടാകതീരത്തെത്തിയതാണ് മാഗ്സസെ പുരസ്കാര ജേതാവായ രാജേന്ദ്രസിങ്. മരുഭൂമികളുടെ നാട്ടില്‍ ആകെയുണ്ടായിരുന്ന നദികള്‍ വറ്റിവരണ്ടപ്പോള്‍ അവയെ ജലസമൃദ്ധമാക്കാന്‍ കൈമെയ് മറന്ന ഭഗീരഥന്… താന്‍പോരിമയും സ്വാര്‍ത്ഥതയും അഴിമതിയും പകയും ചോരച്ചാലുകളും നിറഞ്ഞ രാഷ്ട്രീയകേരളത്തിന്റെ ദിശയും സ്വഭാവവും മാറ്റാന്‍ വഴിയൊരുക്കുന്നതാണ് ജലസ്വരാജ് എന്ന രാജേന്ദ്രസിങിന്റെ അഭിപ്രായപ്രകടനം വെറും വാക്കല്ല. അത് അതിന്റെ ഉദ്ഘാടനവേദി തന്നെ പ്രകടമാക്കിയിട്ടുണ്ട്.
വാട്ടര്മാനെന്ന് പേരുകേട്ട രാജേന്ദ്രസിങിനൊപ്പം ട്രീ മാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹരിദ്വാറിലെ സ്വാമി സംവിധാനന്ദയും വേദിയില്‍ ഉണ്ടായിരുന്നു. പ്രശസ്തിക്ക് പുറംതിരിഞ്ഞുനടന്ന സ്വാമി ഭാരതമൊട്ടാകെ നട്ടത് മൂന്നുകോടിയിലധികം വൃക്ഷത്തൈകള്‍. കേരളത്തില്‍ മാത്രം പന്ത്രണ്ട് ലക്ഷം. സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും നടത്തുന്ന വൃക്ഷമഹോത്സവങ്ങളെപ്പോലെ ഒരു സുപ്രഭാതത്തില്‍ നട്ട് കരിച്ചുകളയുകയല്ല സ്വാമി ചെയ്യുന്നത്. മറിച്ച് പരിപാലിച്ച് വളര്‍ത്തി നാളെയുടെ തണലാക്കുകയാണ്.
കൊല്ലത്തിന്റെ കണ്ണീര്ത്തടാകത്തിന് പുനര്‍ജനി കുറിക്കാന്‍ ജലമനുഷ്യനും മരമനുഷ്യനും ഒത്തുചേര്‍ന്ന പരിസ്ഥിതിസംഗമം. ജീവിതം പ്രകൃതിക്കായി ഉഴിഞ്ഞുവച്ചവരുടെ സംഗമവേദി. ജലസ്വരാജിനായി ആറന്മുള സമരനായകന് വിളിച്ചുചേര്‍ക്കുന്ന മുന്നേറ്റത്തില്‍ അണിചേരാതിരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് സാംസ്കാരിക നായകര്‍.
ഇരുപത്തഞ്ച് കൊല്ലം മുമ്പ് ‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’ എന്ന് പാടിയ കവി ഇഞ്ചക്കാട് ബാലചന്ദ്രനായിരുന്നു മറ്റൊരു സാന്നിധ്യം.
കവിതയെ അതിന്റെ സാഹചര്യം തേടിയെത്തുന്ന വിസ്മയമാണ് താന്‍ അനുഭവിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. കൊക്ക കോളക്കാരന്‍ ഊറ്റിയെടുത്ത ഭൂമിയുടെ നീരുറവകള്ക്കായി സമരം ചെയ്ത് വിജയം കൊയ്ത വിളയോടി വേണുഗോപാല്‍, ജൈവകൃഷികൊണ്ട് ഭക്ഷ്യസമൃദ്ധി സൃഷ്ടിക്കാമെന്ന് കാട്ടിത്തന്ന ഹിലാല്‍, ജലസംരക്ഷണക്കൂട്ടായ്മകള്ക്ക് ചുക്കാന്‍ പിടിച്ച ഡോ. സുഭാഷ്ചന്ദ്രബോസ്, ശാസ്താംകോട്ട തടാകസംരക്ഷണത്തിനായി സമരമുഖം തീര്‍ത്ത കെ. കരുണാകരന്‍പിള്ള….
ആറന്മുളയില് മണ്ണിലാണ്ടുപോയ നീരുറവകളെ വീണ്ടെടുത്ത സമരഭൂമിയില്‍ നിന്നാണ് കുമ്മനം രാജശേഖരനൊപ്പം ജലസംരക്ഷണ മുന്നേറ്റത്തില്‍ പങ്കാളിയാകാന്‍ താന്‍ തീരുമാനമെടുത്തതെന്ന് പ്രഖ്യാപിച്ച പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്, തന്റെ ക്യാമറ കാഴ്ചകള്‍ക്ക് നിറം പകര്‍ന്ന കായലോരങ്ങള്‍ വറുതിയുടെ കഥപറയുന്ന ദുഃഖസാന്ദ്രമായ കാലാവസ്ഥയിലാണ് ഈ മുന്നേറ്റമെന്ന് പ്രത്യാശ പ്രകടിപ്പിച്ച സംവിധായകന് ഷാജി എന്‍.കരുണ്‍, മരണം വാതില്ക്കലെത്തുന്നതിന് മുമ്പ് ദാഹജലം തരുമോ എന്ന് കരയാന്‍ ഇനിയവസരം ഉണ്ടാകരുതെന്ന് ഓര്‍മ്മിപ്പിച്ച കൊല്ലം തുളസി…
ജലസ്വരാജിനായി ഒത്തുചേര്‍ന്നവര്‍ കാലത്തിന്റെ അനിവാര്യതയ്ക്കായി പോരാടിയവരായിരുന്നു. രാഷ്ട്രീയവും ജാതിയും മതവും ഇല്ലാത്ത ദാഹജലത്തിനായി ഒരു പുത്തന്‍ രാഷ്ട്രീയസംസ്കാരത്തിന് തുടക്കം കുറിക്കുകയായിരുന്നു സമരങ്ങള്‍ കണ്ട് തഴമ്പിച്ച കായലോരം.
ജലസ്വരാജ് കേരളത്തെ വീണ്ടെടുക്കാനുള്ള മുന്നേറ്റമാണ്. മഴക്കുഴികളും മരംനടലും പ്രഹസനമായി കൊണ്ടാടപ്പെടുന്ന കേരളത്തില്‍ ജലസംരക്ഷണത്തിനായുള്ള ജനകീയ മുന്നേറ്റം. കയ്യേറ്റക്കാര്‍ നികത്തിക്കളഞ്ഞ നീരുറവകള്‍ വീണ്ടെടുക്കാനുള്ള തപസ്സില്‍ ബോധവല്‍ക്കരണവും പ്രചാരണവും ആയുധമാകും. പരിസ്ഥിതി ദിനമെത്തുമ്പോള്‍ സംസ്ഥാനത്താകെ ഇരുപത് ലക്ഷം ഫലവൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും. അതിനായി ജലമിത്രങ്ങള്‍ എല്ലാ വീടുകളിലും സമ്പര്‍ക്കം ചെയ്യും. ഫലവൃക്ഷങ്ങളുടെ വിത്തുകള്‍ സമാഹരിക്കും. അവ പാകി കിളിര്‍പ്പിക്കും. ഓരോ വീട്ടിലും അത് എത്തിക്കും. വെള്ളത്തിന് മതമില്ല, ജാതിയില്ല, രാഷ്ട്രീയമില്ല… അതുകൊണ്ടുതന്നെ കേരളം നാളിതുവരെ കാണാത്ത മുന്നേറ്റമാവുകയാണ് ജലസ്വരാജ്…
ഒരു കൂട നിറയ്ക്കാന്‍ പൂവ് തരാം
കുണ്ടറ ഇളമ്പള്ളൂരിലെ പനംകുറ്റി ഏലായ്ക്ക് പോയ വാരം ഉത്സവമായിരുന്നു. മുത്തുക്കുടയും ചെണ്ടമേളവുമായി കുട്ടികളുടെ സംഘം കൊയ്ത്തിനിറങ്ങി. ഒരു പ്രയത്നത്തിന്റെ വിളവെടുപ്പ്. ബാലഗോകുലമായിരുന്നു ഈ പുതിയ കാഴ്ചയുടെ സംഘാടകര്‍. ജൂലൈയില്‍ കൊല്ലത്ത് നടക്കാനിരിക്കുന്ന ബാലഗോകുലം സംസ്ഥാന സമ്മേളനത്തിന്റെ ആവശ്യത്തിലേക്കാണ് പനംകുറ്റി ഏലായില്‍ വിത്തെറിഞ്ഞ് വിളവെടുത്തത്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു സംഘടന അതിന്റെ സമ്മേളന നടത്തിപ്പിനായുള്ള ഭക്ഷ്യവിഭവങ്ങള്‍ സ്വയം തയ്യാറാക്കുന്നു എന്ന പ്രത്യേകതയുണ്ട് പനംകുറ്റിയിലെ കൊയ്ത്തുത്സവത്തിന്.
പനംകുറ്റി ഏലായിലെ അമ്പത് സെന്റ് നിലത്ത് നെല്ല് വിതച്ചതും വളമെറിഞ്ഞതും കൊയ്തതും ഗോകുലത്തിലെ കുട്ടികളാണ്. ഇനി അത് മെതിക്കുന്നതും കുത്തുന്നതും അരിയും ഉമിയും തവിടും വേര്‍തിരിക്കുന്നതും അവര്‍ തന്നെ. അരി ചോറിന് ഉപയോഗിക്കും. ഉമി കരിയാക്കി സമ്മേളനത്തിനെത്തുന്നവര്‍ക്ക് നല്‍കും. തവിട് പശുക്കിടാങ്ങള്‍ക്ക് നല്‍കും. സമൃദ്ധകേരളത്തെ പുറമ്പോക്കുഭൂമിയാക്കി തഴച്ചുവളര്ന്നവര്ക്ക് ഗോകുലം നല്കുന്ന പാഠമാണ് പനംകുറ്റിയിലേത്.
പാടമൊരുക്കാന്‍ ഗോപീഗോപന്മാരെത്തിയപ്പോള് കൗതുകം കൊണ്ട് അടുത്തുകൂടിയവരില്‍ ഏലായിലെ പഴയ കര്‍ഷകരുമുണ്ടായിരുന്നു. കാലവും കോലംകെട്ട സര്‍ക്കാര്‍ നയങ്ങളും ചേര്‍ന്ന് മുടിച്ചുകളഞ്ഞ തങ്ങളുടെ നിലങ്ങളില്‍ പുല്ലുവളര്ന്നതുകണ്ട് നെടുവീര്‍പ്പിട്ട് കാലംകഴിച്ച ഹതഭാഗ്യര്‍. വീണ്ടും പൊന്നുവിളയുന്ന നല്ലകാലത്തിനായി കണ്ണന്റെ കൂട്ടുകാര്‍ ഒത്തുചേര്‍ന്നപ്പോള്‍ അവരും അവരുടെ പാടവരമ്പുകള്‍ ചെത്തിക്കോരി. നിലമൊരുക്കി. വിത്തെറിഞ്ഞു. വളമിട്ടു. ആ പാടങ്ങളും കതിരണിഞ്ഞ് പാകമായി നില്ക്കുന്നു. ഹരിതസമൃദ്ധിയിലേക്കുള്ള കണ്ണന്റെ കുഴല്‍വിളി കേട്ട് കലപ്പയേന്തിയ ആ കര്‍ഷകരെ കൊയ്ത്തുത്സവത്തിന് നാള് ഗോകുലം ആദരിച്ചു. ഭാഗവത കഥകള്‍ പാടി നാടുണര്‍ത്തിയ ആചാര്യന് സ്വാമി ഉദിത് ചൈതന്യയായിരുന്നു കണ്ണന്റെ തോഴര്ക്ക് അനുഗ്രഹവുമായെത്തിയത്.
കൃഷി സംസ്കാരമാണെന്ന് ഉദ്ഘോഷിച്ച നാട്ടില്‍ കൃഷിയുടെ ശവസംസ്കാരം നടന്നുകഴിഞ്ഞ കാലത്താണ് ഗോകുല ഗ്രാമങ്ങളിലൂടെ സസ്യശ്യാമള കേരളത്തിന് ഈ കുട്ടികള്‍ പുനര്‍ജനി ഒരുക്കാന്‍ ശ്രമിക്കുന്നത്. കൃഷിയെന്തെന്ന് അവര്‍ പഠിപ്പിക്കുന്നു. തങ്ങളുടെ തലമുറയില്‍ നിന്ന് ആര്‍ത്തിക്കാരായ മുന്‍ തലമുറക്കാര്‍ ചോര്‍ത്തിക്കളഞ്ഞ പച്ചപ്പിനെ അവര്‍ തിരിച്ചുപിടിക്കുന്നു. വൃന്ദാവനക്കണ്ണന്റെ കഥകളിലൂടെ അവര്‍ പഠിച്ച പൂവനങ്ങളുടെയും പൂഞ്ചോലയുടെയും പുനര്‍ജനിക്കായുള്ള ഉദ്യമം. തങ്ങള്‍ക്ക് അന്യമായിപ്പോയ വിതയും കൊയ്ത്തും മെതിയും മാത്രമല്ല വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത്. കൊല്ലം ജില്ലയിലെ ഓരോ ഗോകുലാംഗത്തിന്റേയും വീട്ടുമുറ്റത്ത് ഇപ്പോള്‍ പച്ചക്കറിത്തോട്ടങ്ങള്‍ ഒരുങ്ങുന്നു. കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തുന്ന കൂട്ടുകാര്‍ക്ക് വിരുന്നൊരുക്കാനുള്ള എല്ലാ വിഭവങ്ങളും ഈ മണ്ണില്‍ത്തന്നെ ഉല്പാദിപ്പിക്കാനുള്ള തീരുമാനം.
കാച്ചിലും ചേമ്പും ചേനയും അടക്കമുള്ള വിഭവങ്ങള്‍ ജില്ലയിലെ ഗോകുലങ്ങള്‍ വിളയിക്കും. നൂറ്റി അറുപതോളം ഗോകുലങ്ങള്‍ കേന്ദ്രീകരിച്ച് പച്ചക്കറി വിത്തുകള്‍ പാകി മുളപ്പിച്ചുകഴിഞ്ഞു. ഇനി അവ കൃഷിയിടത്തിലേക്കെത്തും.
ഒരു കൂട പൂവ്, ഒരു കുട്ട പച്ചക്കറിയെന്ന് ബാലഗോകുലം ഉയര്‍ത്തുന്ന വായ്ത്താരി പുതിയതല്ല. നാടുംവീടും മറന്ന വിദ്യാഭ്യാസത്തിനെതിരെ മണ്ണും മനസും വീണ്ടെടുക്കാനുള്ള മുന്നേറ്റത്തിന് കരുത്ത് പകര്‍ന്ന പ്രസ്ഥാനമാണത്. സാമൂഹ്യമാറ്റത്തിന് പൈതൃകത്തിന്റെ വീണ്ടെടുപ്പ്, ഈ കൂട്ടായ്മ എന്റെ നാടിന്, ഉണരുന്ന ബാല്യം ഉയരുന്ന ഭാരതം, വീടിന് ഗോവ് നാടിന് കാവ് മണ്ണിനും മനസ്സിനും പുണ്യം, തൈ വെയ്ക്കാം തണലേകാം താപമകറ്റാം തുടങ്ങി ബാലഗോകുലം പാടിനടന്നവയെല്ലാം കേരളം ഏറ്റുപാടിയിട്ടുണ്ട്.
കുന്നിടിച്ച് വയല്‍ നികത്തി പ്രകൃതിയെ വെല്ലുവിളിച്ച കേരളത്തിന്റെ മുന്നിലാണ് ശാസ്താംകോട്ട തടാകതീരത്തെ ജലസ്വരാജും കുണ്ടറയിലെ പനംകുറ്റി ഏലായും പുതിയ ദിശാസൂചകങ്ങളാകുന്നത്. മണലെടുത്തും ചെളിയൂറ്റിയും പുഞ്ചകളില്‍ പുതിയ തടാകങ്ങള്‍ തീര്‍ത്തവര്‍ തിരിഞ്ഞുനോക്കുമ്പോള്‍ മരണക്കുഴികള്‍ മാത്രം. ദൈവം തമ്പുരാന് ആറാടാന്‍ അവന് സൃഷ്ടിച്ച അമൃതസരസ് മനുഷ്യദുര തീര്‍ത്ത മരണക്കുഴികളിലേക്ക് വലിഞ്ഞുതാണിരിക്കുന്നു.
കണ്ണീര്‍പ്പാടങ്ങളും കായലും വീണ്ടും നീരണിഞ്ഞ് തളിര്‍ക്കുന്ന കാലത്തിലേക്കുള്ള പ്രയാണമാണ് പരിഹാരം. അതിന്റെ സൂചകങ്ങളാവുകയാണ് വ്യത്യസ്തമായ രണ്ട് മുന്നേറ്റങ്ങളും. തുടര്‍ച്ചയുണ്ടാകേണ്ട, കേരളം ഏറ്റെടുക്കേണ്ട മുന്നേറ്റങ്ങള്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക: