‘എനിക്ക് രക്തം തരൂ ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം’ എന്ന് സ്വാതന്ത്ര്യ ദാഹികളായ ഇന്ത്യന്‍ ജനതയോട് പ്രഖ്യാപിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമാണിന്ന്. ഇന്ത്യന്‍ നാഷണല്‍ ആര്‍മി സ്ഥാപകനും സായുധ സ്വാതന്ത്ര്യ സമരത്തില്‍ വിശ്വസിച്ചയാളുമായ നേതാജി തുടര്‍ച്ചയായി രണ്ടുതവണ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായിരുന്നു. ഗാന്ധിജിയുടെ സമരരീതികള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ പോന്നതല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.
ഒറീസ്സയിലെ കട്ടക്കിലാണ് സുഭാഷ് ചന്ദ്ര ബോസിന്റെ ജനനം. 1897 ജനുവരി 23 ന് വക്കീലായ ജാനകിനാഥ് ബോസിന്റെയും പ്രഭാവതിയുടെയും ആറാമത്തെ മകനായി ജനിച്ചു. വിദ്യാഭ്യാസ കാലം മുതല്‍ ബ്രിട്ടീഷ് ഭരണത്തില്‍ അസംതൃപ്തനായിരുന്നു. കോളജ് വിദ്യാഭ്യാസത്തോടൊപ്പം കോളജിനു പുറത്തുള്ള വിപ്ലവപ്രവര്‍ത്തനങ്ങളേയും സുഭാഷ് കൗതുകപൂര്‍വ്വം വീക്ഷിച്ചിരുന്നു. കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ പഠനമാരംഭിച്ച അദ്ദേഹം 1920 ല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷ എഴുതുകയും ഉയര്‍ന്ന മാര്‍ക്കോടെ വിജയിക്കുകയും ചെയ്തു. പക്ഷെ സ്വാതന്ത്ര്യ സമരത്തില്‍ പ്രവര്‍ത്തിക്കാന്‍ സിവില്‍ സര്‍വീസ് ഉപേക്ഷിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
1921 ല്‍ വെയില്‍സിലെ രാജകുമാരന് ഇന്ത്യ സന്ദര്‍ശിക്കുന്നതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ബഹിഷ്കരിക്കാന്‍ നേതാജി ജനങ്ങളെ ആഹ്വാനം ചെയ്തു. തുടര്‍ന്ന് അറസ്റ്റിലായി. ഓള് ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് എന്ന പേരില്‍ രാഷ്ട്രീയപാര്‍ട്ടി അദ്ദേഹം രൂപീകരിച്ചു. രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ജര്‍മനിയില്‍ എത്തി അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു. 1943ല്‍ റാഷ് ബിഹാരി ബോസില്‍ നിന്ന് ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന്റെ നേതൃത്വം ഏറ്റെടുത്ത നേതാജി ജൂലൈ അഞ്ചിനു ആസാദ് ഹിന്ദ് ഫൗജ് അഥവാ ഇന്ത്യന്‍ നാഷണല്‍ ആര്‍മി സ്ഥാപിച്ചു.
1945 ഓഗസ്റ്റ് 18 ന് 48-ാമത്തെ വയസില്‍ തായ്വാനില് നടന്ന വിമാനപകടത്തില്‍ മരിച്ചതായാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്. 16 ന് നടന്ന വിമാനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുഭാഷ് രണ്ടു ദിവസത്തെ ചികിത്സയ്ക്കു ശേഷം 18 ന് മരണമടഞ്ഞു എന്നാണ് ചില രേഖകള്‍. ഇതിനെപ്പറ്റി അന്വേഷിക്കാന്‍ നെഹ്രുവിന്റെ ഭരണകാലത്ത് ഷാനവാസ് കമ്മീഷന്, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷന് എന്നിവയെ നിയോഗിച്ചിരുന്നു. ഈ രണ്ടു കമ്മീഷനുകളും ബോസ് വിമാനാപകടത്തില്‍ മരണപ്പെട്ടു എന്നാണ് സ്ഥിരീകരിച്ചത്. എന്നാല്‍ ഈ രണ്ടു റിപ്പോര്‍ട്ടുകളും മൊറാര്‍ജി ദേശായിയുടെ ഭരണകാലത്ത് ഗവണ്മെന്റ് തള്ളിക്കളഞ്ഞു.
1999 ല്‍ വാജ്പേയിയുടെ ഭരണകാലത്ത് മുഖര്‍ജി കമ്മീഷന് നിലവില്‍ വന്നു. ബോസിന്റേതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന റങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും കമ്മീഷന് കണ്ടെത്തിയിരുന്നു. ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. 1991ല്‍ ഇന്ത്യന്‍ ഗവണ്മെന്റ് ബോസിന് മരണാനന്തര ബഹുമതിയായി ഭാരതരത്നം പ്രഖ്യാപിച്ചു. എന്നാല്‍ ബോസിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ഗവണ്മെന്റ് ഈ പുരസ്കാരം പിന്‍വലിച്ചു. സുഭാഷ് ബോസിനെ സ്റ്റാലിന് സോവിയറ്റ് തടങ്കല്‍ പാളയത്തില്‍ പാര്‍പ്പിച്ചുവെന്നും പിന്നീട് വധിച്ചുവെന്നുമുള്ള സുബ്രഹ്മണ്യന് സ്വാമിയുടെ പ്രസ്താവന ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇക്കാര്യം നെഹ്രുവിനറിയാമായിരുന്നെന്നും സ്വാമി ആരോപിക്കുന്നു. എന്തായാലും സുഭാഷ് ബോസിന്റെ തിരോധാനം ഇപ്പോഴും ദുരൂഹമായിത്തന്നെ അവശേഷിക്കുന്നു.
1947 ല്‍ ബ്രിട്ടീഷ് സാമ്രാജ്യം ഒഴിഞ്ഞുപോകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് സുഭാഷിന്റെ സൈനിക മുന്നേറ്റം കൂടിയായിരുന്നെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി അഭിപ്രായപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: