പറശ്ശിനിക്കടവിലെ അന്നദാനം എല്ലാവര്ക്കും പ്രസാദമാണ്. പക്ഷെ ആലപ്പുഴ ഹരിപ്പാട് കരുവാറ്റ എന്‍എസ്എസ് സ്കൂളിലെ ആദിത്യന് പ്രദീപിനും അമ്മയ്ക്കും ശരിക്കുമിത് അന്നദാനമാണ്. ഒരു നേരത്തെ വിശപ്പകറ്റാന്‍ മുത്തപ്പന് നല്കുന്ന കനിവ്. ഹൈസ്കൂള്‍ വിഭാഗം നാടോടിനൃത്തത്തില്‍ എ ഗ്രേഡ് നേടിയ ആദിത്യനും അമ്മയും ഒരുനേരത്തെ ആഹാരത്തിന് വഴികണ്ടെത്തിയത് മുത്തപ്പന്റെ സന്നിധിയിലാണ്.
ആലപ്പുഴ കുമാരപുരം താമല്ലാക്കല്‍ ആദിത്യഭവനില്‍ പ്രദീപ് കുമാറിന്റെയും അംബികയുടെയും മകനാണ് ആദിത്യന്. പ്രദീപിന് കൂലിപ്പണിയാണ്. പഞ്ചായത്തില്‍ നിന്നും വീട് നല്‍കിയെങ്കിലും പൂര്‍ത്തിയാക്കാനാകാത്തതിനാല്‍ ഷീറ്റിട്ട് മറച്ചാണ് താമസം. ആദിത്യന്റെ സഹോദരി ആദിത്യ സാമ്പത്തികബുദ്ധിമുട്ടിനെത്തുടര്ന്ന് വിഎച്ച്എസ്ഇക്ക് ശേഷം പഠനം ഉപേക്ഷിച്ചു. ആദിത്യന്റെ കഴിവും കുടുംബത്തിന്റെ പശ്ചാത്തലവും നേരിട്ടറിയാവുന്ന നാട്ടുകാരും കുമാരപുരം ഗ്രാമപഞ്ചായത്തും പിരിവെടുത്ത് നല്കിയ തുകയുമായാണ് ഇരുവരും നൃത്താധ്യാപകന് അഖില്‍കൃഷ്ണന്‍ ആര്‍എല്‍വിക്കൊപ്പം കലോത്സവ നഗരിയിലെത്തിയത്.
കുഞ്ഞുന്നാള് മുതല്‍ ആദിത്യന് അഖിലിന്റെ ശിക്ഷണത്തിലാണ് നൃത്തപഠനം. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി അറിയാവുന്നതിനാല്‍ ഇതുവരെ ഫീസ് ചോദിച്ച് വാങ്ങിയിട്ടില്ല. അഖില്‍ കൃഷ്ണന് മോഹിനിയാട്ടത്തിന് മറ്റൊരു കുട്ടി കൂടി ഉള്ളതിനാല്‍ അവരുടെ മുറിയില്‍ ഇവരെക്കൂടി താമസിപ്പിച്ചു. കഴിഞ്ഞ ദിവസം മത്സരം കഴിഞ്ഞ് അവര്‍ മടങ്ങി. അന്നുമുതലുള്ള റൂമിന്റെ വാടക നല്‍കാനുള്ള തുക മാത്രമാണ് കയ്യിലുള്ളത്. അതുകൊണ്ടുതന്നെ ഭക്ഷണത്തില്‍ മാത്രമേ ചെലവ് ചുരുക്കാനാകൂ. മത്സരാര്‍ത്ഥിക്ക് മാത്രമേ കലോത്സവ ഊട്ടുപുരയില്‍ നിന്നും ആഹാരം നല്‍കൂ എന്ന സംഘാടകരുടെ തീരുമാനം ഇവരെ പട്ടിണിയിലാക്കി.
സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിക്കാത്തതിനാല്‍ എസ്കോര്‍ട്ടിംഗ് ടീച്ചര്‍പോലും ഒപ്പം വന്നിട്ടില്ല. ഫുഡ് കൂപ്പണ്‍ ആദിത്യന് മാത്രമാണ് ഉള്ളത്. പക്ഷെ, അമ്മ കഴിക്കാതെ ആദിത്യന് വിശപ്പടക്കാനാകില്ല. അതുകൊണ്ട് അമ്മയ്ക്കൊപ്പം ആദിത്യനും കഴിക്കാതിരിക്കും. രാവിലെ ആദിത്യനും അമ്മയും നൃത്താധ്യാപകന് അഖിലും അഖിലിന്റെ അമ്മ നിര്‍മ്മലയും കൂടി ബസില്‍ മുത്തപ്പന്റെ സന്നിധിയിലെത്തും. ഭക്ഷണം കഴിച്ചശേഷം ബസില്‍ തിരികെ എത്തും. പിന്നെ പരിശീലനം. രാത്രിയില്‍ പട്ടിണികിടക്കും. വിശപ്പ് സഹിക്കാതാകുമ്പോള്‍ ലോഡ്ജ്മുറിയിലെ പൈപ്പ് വെള്ളം കുടിക്കും. ഇതുപറയുമ്പോള്‍ കരച്ചിലടക്കാന്‍ അംബിക ആദിത്യന്റെ കൈകളില്‍ മുറുകെ പിടിച്ചു. കരച്ചിലടക്കാന്‍ ആദിത്യനും ഏറെ പ്രയാസപ്പെട്ടു.
പശുവിനെ വിറ്റാണ് ജില്ലാ കലേത്സവത്തില്‍ മത്സരിക്കാന്‍ പണം കണ്ടെത്തിയത്. ആകെയുള്ള വീടും വസ്തുവും പണയം വച്ച് ഒരു ലക്ഷം രൂപ ലോണെടുത്തിരുന്നു. അതിപ്പോള്‍ പലിശകൂടി രണ്ട് ലക്ഷം രൂപയോളം എത്തിനില്‍ക്കുന്നു. ആദിത്യന്റെ നൃത്തപഠനത്തിന് എട്ടമാസം മുമ്പ് വട്ടിപ്പലിശയ്ക്കെടുത്ത 30000 രൂപയില്‍ ഒരു രൂപപോലും തിരിച്ചടച്ചിട്ടില്ല. വീട്ടില്‍ നിന്ന് മാറിനിന്നാല്‍ കുടുംബം പട്ടിണിയാകുമെന്നതിനാല് പ്രദീപിന് ഇതുവരെയും മകന്റെ പ്രകടനം കാണാനായിട്ടില്ല. ഓരോ മത്സരം കഴിയുമ്പോഴും ഫോണില്‍വിളിച്ച് മകനെ അഭിനന്ദിക്കും.
മത്സരത്തിന് പോകുന്ന വിവരം അറിഞ്ഞ് സഹായിച്ച അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കും ഒപ്പം വിശപ്പടക്കാന്‍ കനിവ് കാട്ടിയ മുത്തപ്പനുമാണ് ആദിത്യന് വിജയം സമ്മാനിക്കുന്നത്. ഒപ്പം താന്‍ അവതരിപ്പിച്ച പരശുരാമന്റെ മാതൃസ്നേഹം പോലെ അമ്മയ്ക്കും അച്ഛനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: