തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസിന്റെ ലോ അക്കാദമിയിലെ പഠനത്തെച്ചൊല്ലി കേരള സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ബഹളം. ഇടയ്‌ക്ക് നിര്‍ത്തിവച്ച യോഗം രണ്ടു മണിക്കൂറിനു ശേഷം പുനരാരംഭിച്ചു. വിഷയം അന്വേഷിക്കാന്‍ സര്‍വകലാശാല ഉപസമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചാണ് ഇന്നലത്തെ സിന്‍ഡിക്കേറ്റ് പിരിഞ്ഞത്.
യോഗം ആരംഭിച്ചപ്പോള്‍ തന്നെ സിന്‍ഡിക്കേറ്റംഗങ്ങളായ ജ്യോതികുമാര്‍ ചാമക്കാല, എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ ലോ അക്കാദമിയിലെ വിദ്യാര്‍ഥിസമരം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ചര്‍ച്ച പിന്നീടാകാമെന്ന് വൈസ് ചാന്‍സിലറും ഇടത് അംഗങ്ങളും പറഞ്ഞെങ്കിലും ഇരുവരും വഴങ്ങിയില്ല. 2013 ല്‍ തന്നെ ലോ അക്കാദമിയിലെ ക്രമക്കേടുകളെക്കുറിച്ച് സര്‍വകലാശാലയ്‌ക്ക് പരാതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ അന്വേഷിച്ചിട്ടില്ലെന്ന് ജ്യോതികുമാര്‍ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായിവിജയന്റെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസിനെതിരെ ചാമക്കാല നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു. മൂന്നുവര്‍ഷം ഇവിടെ വിദ്യാര്‍ഥിയായിരുന്നെങ്കിലും ബ്രിട്ടാസ് ഒരുദിവസം പോലും ക്ലാസില്‍ ഹാജരായില്ല. എന്നാല്‍ ഓരോ വര്‍ഷവും ബ്രിട്ടാസിന് 75 ശതമാനം ഹാജര്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഉയര്‍ന്ന ഇന്റേര്‍ണല്‍ മാര്‍ക്കും ബ്രിട്ടാസിന് ലഭിച്ചു. ഇതേക്കുറിച്ച് സര്‍വകലാശാല അന്വേഷിക്കണമെന്ന് ചാമക്കാല ആവശ്യപ്പെട്ടു. തുടര്‍ന്ന് പരീക്ഷാവിഭാഗം രേഖകള്‍ യോഗത്തില്‍ ഹാജരാക്കി. ക്രമക്കേടുകള്‍ നടന്നെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന നിഗമനത്തിലാണ് സിന്‍ഡിക്കേറ്റ് എത്തിച്ചേര്‍ന്നത്. ബഹളം രൂക്ഷമായതോടെ 12 മണിക്ക് യോഗം നിര്‍ത്തിവച്ചു.
തുടര്‍ന്ന് രണ്ടിന് പുനരാരംഭിച്ചപ്പോഴും ലോ അക്കാദമി വിഷയം തന്നെ ചര്‍ച്ചയ്‌ക്കു വന്നു. വിദ്യാര്‍ഥികളുടെ പരാതികളില്‍ കഴമ്പുണ്ടെന്ന പൊതു അഭിപ്രായം ഉയര്‍ന്നതോടെ അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു. അന്വേഷണത്തിന് സര്‍വകലാശാലയുടെ അഫിലിയേഷന്‍ കമ്മിറ്റിയെ ഉപസമിതിയായി നിയോഗിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉപസമിതി ലോ അക്കാദമി വിദ്യാര്‍ഥികളുടെ പരാതികള്‍ നേരിട്ടു കേള്‍ക്കും. ഇതിന്മേല്‍ റിപ്പോര്‍ട്ടു തയ്യാറാക്കിയ ശേഷം ശനിയാഴ്ച സിന്‍ഡിക്കേറ്റ് പ്രത്യേകയോഗം ചേര്‍ന്ന് പരിശോധിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: