എച്ച്എസ്എസ് വിഭാഗ സംഘനൃത്തത്തില്‍ ഫസ്റ്റ് എഗ്രേഡ് നേടിയ സേക്രട്ട് ഹാര്‍ട്സ് എച്ച്എസ്എസ്, തൃശൂര്‍
കലോത്സവ നഗരിയില്‍ വിധി നിര്‍ണ്ണയത്തിലെ അപാകതകള്‍ കണ്ടെത്താന്‍ മത്സരാര്‍ത്ഥികള്‍ നിയോഗിച്ച സ്വകാര്യ സിഐഡികളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുന്നു. വിധികര്‍ത്താക്കളില്‍ ചിലര്‍ മൂന്ന് ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങിയെന്ന അവരുടെ കണ്ടെത്തല്‍ സര്‍ക്കാര്‍ രഹസ്യാന്വേഷണ സംവിധാനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
നൃത്തവേദികളില്‍ ഓരോ മത്സരാര്‍ത്ഥികളുടേയും പാകപ്പിഴകള്‍ കൃത്യമായി കണ്ടെത്തി പിന്തള്ളപ്പെടുന്നവര്‍ക്ക് അപ്പീലുകള്‍ നല്കാന് സഹായിക്കുകയാണ് സിഐഡികള്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം നടന്ന കേരള നടനം ഹൈസ്കൂള്‍ വിഭാഗം മത്സരത്തെ സംബന്ധിച്ചാണ് പ്രധാനമായും ആരോപണമുയര്‍ന്നിരിക്കുന്നത്. വിധി നിര്‍ണ്ണയത്തിലെ താളപ്പിഴകള്‍ ചൂണ്ടിക്കാട്ടി ആറിലധികം മത്സരാര്‍ത്ഥികള്‍ ജഡ്ജ്മന്റ് ഷീറ്റുകള്‍ ആവശ്യപ്പട്ട് അപേക്ഷ നല്‍കിക്കഴിഞ്ഞു. ഇത് കിട്ടിയാല്‍ കോടതിയെ സമീപിച്ച് വിദഗ്ധ സമിതിയെക്കൊണ്ട് പുന:പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് ചില രക്ഷിതാക്കള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനവും എ ഡ്രേഡും ലഭിക്കുകയും ചെയ്ത കുട്ടിക്ക് ഇത്തവണ സംസ്ഥാനതലത്തില്‍ ബി ഗ്രേഡാണ് ലഭിച്ചത്. ഇതില്‍ പ്രതിഷേധിച്ച് മത്സരാര്‍ത്ഥി തന്റെ കലാപ്രകടനം വീണ്ടും വേദിക്കരികില്‍ നടത്തുമെന്ന് പറഞ്ഞ് ഒരുവേള മുന്നോട്ട് വരികയും ചെയ്തതായി കാണികള്‍ പറഞ്ഞു. പക്ഷെ കുട്ടിയുടെ രക്ഷിതാക്കളും മറ്റും ഇടപെട്ട് പിന്തിരിപ്പിക്കുകയാണ് ചെയ്തത്. കേരളനടനത്തില്‍ സമ്മാനം കിട്ടിയ ഒരു കുട്ടിക്ക് വിധികര്‍ത്താക്കളില്‍ ചിലരുമായി അടുത്ത ബന്ധമുണ്ട്. മത്സരവേദിയിലുണ്ടായിരുന്ന തെക്കന്‍ കേരളത്തില്‍ നിന്നുള്ള ഈ വിധികര്‍ത്താവിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകയാണ് ഈ കുട്ടി. കേരളനടനത്തിന്റെ അടവുകള്‍ക്കും ചുവടുകള്‍ക്കും ഏറ്റവും കൂടുതല്‍ പാകപ്പിഴകള്‍ വരുത്തിയ കുട്ടിക്കാണ് സമ്മാനം കിട്ടിയതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കേരള നടനത്തില്‍ അപ്പീലുകളുടെ പ്രളയവുമുണ്ടായിരുന്നു.
ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ വിജിലന്‍സ് സംഭവത്തെ ഗൗരവമായെടുക്കുകയും മാര്‍ക്ക് ഷീറ്റുകള്‍ ഉള്‍പ്പെടെ പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. ആവശ്യമെങ്കില്‍ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ വിദഗ്ധ പരിശോധന നടത്തി നടപടിയെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: