കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാര്‍വ്വതിദേവിയുടെ പന്ത്രണ്ടുദിവസത്തെ നടതുറപ്പ് ഉത്സവം ഇന്ന് സമാപിക്കും. രാത്രി 8ന് അടയ്ക്കും. മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വന്‍തിരക്കായിരുന്നു ഇന്നലെയും.
നട തുറപ്പിനെന്ന പോലെ നട അടക്കുന്നതിനും പ്രത്യേക ആചാരങ്ങളുണ്ട്. ദേവിയുടെ പ്രിയതോഴിയായ പുഷ്പിണിയുടെ കാര്‍മികത്വത്തിലാണ് ഈ ചടങ്ങുകളും. മഹാദേവന്റെ അത്താഴപൂജയ്ക്കു മുന്‍പായി ദേവിയെ പാട്ടുപുരയില്‍ നിന്നും ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും. ക്ഷേത്ര ഊരാണ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്മണി മനക്കാരുടെ പ്രതിനിധികളും ഉത്സവ നടത്തിപ്പിനായി മൂന്നു മനക്കാരും ചേര്‍ന്ന് ‘സമുദായ’മായി അവരോധിച്ച തിരുമേനിയും ‘പുഷ്പിണി’ സ്ഥാനത്തുള്ള ബ്രാഹ്മിണി അമ്മയും നടക്കല്‍ നില്ക്കും. ‘എല്ലാവരും തൃക്കണ്‍ പാര്‍ത്തു കഴിഞ്ഞുവോ’ എന്നു പുഷ്പിണി മൂന്നുവട്ടം വിളിച്ചു ചോദിക്കും. ‘ഉവ്വ്’ എന്നു സമുദായ തിരുമേനിയുടെ മറുപടി കിട്ടിയാല്‍ ‘നട അടപ്പിക്കട്ടെ’ എന്നു വീണ്ടും മൂന്നു വട്ടം ചോദിക്കും. ‘അടപ്പിച്ചാലും’ എന്ന മറുപടി കേട്ടു മേല്‍ശാന്തിയോടു ‘നട അടച്ചാലും’ എന്നു പുഷ്പിണി പറയും. അതോടെ ഭക്തര്‍ നടയൊഴിയും, മേല്‍ശാന്തി നടയടയ്ക്കും. അതോടെ അടുത്ത ഒരു വര്‍ഷത്തെ കാത്തിരിപ്പിന് തുടക്കം.
ജനലക്ഷങ്ങമാണ് 11 ദിവസത്തില്‍ ദര്‍ശനം നടത്തിയത്. സ്ത്രീകളായിരുന്നു അധികവും. സിനിമാതാരം ദിലീപ് ഈ വര്‍ഷവും ദര്‍ശനത്തിന് എത്തി. കൂടാതെ മന്ത്രി കടംപിള്ളി സുരേന്ദ്രന്, കോഴിക്കോട് എംപി. എം.കെ. രാഘവന്, ഗായകന് എം.ജി. ശ്രീകുമാര്‍, എഡിജിപിമാരായ ആര്. ശ്രീലേഖ, കെ. പത്മകുമാര്‍, സിനിമാതാരങ്ങളായ ദേവന്, താര കല്യാണ്‍, ശിവദ നായര്‍, ജസ്റ്റിസ്മാരായ ദേവന് രാമചന്ദ്രന്, കെ.പി. ബാലചന്ദ്രന്, ബി. സുധീന്ദ്രകുമാര്‍, ജ്യോതീന്ദ്രനാഥ്, പത്തനംതിട്ട, തൃശ്ശൂര്‍, കോട്ടയം ജില്ലാകളക്ടര്‍മാര്‍, മുന്‍ ഡിജിപി എം.ജി.എ. രാമന് തുടങ്ങി ഒട്ടേറെ പ്രമുഖരും ദര്‍ശനത്തിന് എത്തിയിരുന്നു.
തമിഴ്നാട്, കര്‍ണ്ണാടക എന്നീ അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കൂടാതെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ഭക്തര്‍ ദര്‍ശനത്തിനെത്തിയത് ഇത്തവണത്തെ സവിശേഷതയാണ്. മഞ്ഞള്‍പ്പറയും, എള്ള്പറയും ഉള്‍പ്പെടെയുള്ള വഴിപാടുകളിലും റെക്കോഡ് വര്‍ദ്ധനവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: