കണ്ണൂര്‍: തലശ്ശേരി അണ്ടല്ലൂരിലെ ബിജെപി പ്രവര്ത്തന് സന്തോഷ് കുമാറിന്റെ കൊലപാതകം കോടതിയുടെ നിരീക്ഷണത്തില്‍ വിദഗ്ദ സംഘം അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അത്തരത്തിലുളള അന്വേഷണത്തിലൂടെ മാത്രമേ നീതി ലഭിക്കു. നേതൃത്വത്തിന്റെ പങ്ക് ഉള്‍പ്പെടെ വിശദമായി അന്വേഷിക്കണം. സംഭവത്തില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെ സിപിഎമ്മിന്റെ കളളപ്രചാരണം പൊളിഞ്ഞിരിക്കുകയാണ്. സന്തോഷിന്റെ കൊലപാതകം സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. സംസ്ഥാന കലോത്സവം നടക്കുമ്പോള്‍ തൊട്ടടുത്ത പ്രദേശത്ത് കൊലയും അക്രമണങ്ങളും നടത്തുകവഴി പൊതുസമൂഹത്തോട് സിപിഎമ്മിന് യാതൊരു ബാധ്യതയുമില്ലെന്ന് സിപിഎം തെളിയിച്ചിരിക്കുകയാണ്.
കലോത്സവത്തിനിടയില്‍ കൊലയുത്സവം നടത്തുകയായിരുന്നു സിപിഎം. പരിഷ്കൃത സമൂഹത്തിന് യോജിക്കുന്നതല്ല ഇത്. അക്രമണം പൊതു സമൂഹമൊന്നാകെ അപലപിക്കേണ്ട സംഭവമാണ്. കൊലപാതകത്തിന് ശേഷം കളളപ്രചാരണം നടത്തിയ സിപിഎം നടപടിയും അപലപനീയമാണ്. ഇത് അക്രമം വ്യാപിപ്പിക്കാനേ ഉതകൂ. അക്രമത്തെ അക്രമമായിത്തന്നെ കാണണം. നിക്ഷിപ്ത, സങ്കുചിത, സ്വര്‍ത്ഥ താല്‍പ്പര്യങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. അന്വേഷണം വഴിതിരിച്ചുവിട്ട് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനുളള ശ്രമം അംഗീകരിക്കില്ല.
കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രഖ്യാപിച്ച പാര്‍ട്ടിയുടെ മുഖ്യമന്ത്രിയുടെ കീഴിലുളള പോലീസാണ് ഇപ്പോള്‍ ആറ് സിപിഎമ്മുകാരെ പിടികൂടിയിരിക്കുന്നത്. മാത്രമല്ല പോലീസുതന്നെ രാഷ്ട്രീയ കൊലപാതകമാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ജയരാജന്മാരുടെ കളളത്തരങ്ങള്‍ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. സജീവ രാഷ്ട്രീയത്തിലുളള ഒരാളെ കൊലപ്പെടുത്തിയിട്ട് ബന്ധമില്ലെന്ന് സിപിഎം പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. കൊലപാതകം നടന്ന ദിവസം രാവിലെ മുതല്‍ സിപിഎം ക്രിമിനില്‍ സംഘം പ്രദേശത്ത് അഴിഞ്ഞാടിക്കൊണ്ടിരിക്കുകയായിരുന്നു. പോലീസിനെ ഇക്കാര്യം അറിയിച്ചിട്ടും നടപടിയുണ്ടായിട്ടല്ല. അറസ്റ്റിലായവര്‍ ഉള്‍പ്പെടെയുളളവര്‍ ഈ സംഘത്തിലുണ്ടായിരുന്നു.
പോലീസ് ആ സമയത്ത് ഇടപെട്ടിരുന്നുവെങ്കില്‍ രാത്രിയില്‍ സന്തോഷിനു നേരെ അക്രമം നടക്കില്ലായിരുന്നു. ഒരുഭാഗത്ത് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയും മറുഭാഗത്ത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ അനാവശ്യ റെയ്ഡുകള്‍ നടത്തി പീഡിപ്പിക്കുകയുമായിരുന്നു പോലീസ് ചെയ്തത്. ഇത് വ്യക്തമായ അജണ്ടയുടെ ഭാഗമാണ്. ഇരകള്‍ക്ക് സംരക്ഷണം നല്‍കേണ്ടവരാണ് പോലീസ്. എന്നാല്‍ അക്രമികളായ സിപിഎമ്മുകാര്‍ക്ക് ദാസ്യവേല ചെയ്യുകയാണ് പോലീസ്. പോലീസിനെ ഒന്നാകെ രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണ്. പല ഉന്നത പോലീസ് ഉദ്യോഗസ്ഥരും സിപിഎമ്മിന്റെ വക്താക്കളും സംരക്ഷകരുമാണ്.
തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കാത്ത എസ്പിയെ മാറ്റി. ഐജിയേയും മാറ്റി. സിപിഎമ്മിന്റെ തിട്ടൂരം അനുസരിക്കാത്ത പോലീസ് ഉദ്യേഗസ്ഥര്‍ക്ക് ഇതാകും ഗതിയെന്ന് കാണിച്ചു കൊടുക്കുകയാണ് ഐജിയെ മാറ്റിയതിലൂടെ സിപിഎം ചെയ്തത്. സംസ്ഥാനത്തെ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ നിക്ഷ്പക്ഷമായി ജോലി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഉദ്യോഗസ്ഥരെല്ലാം ഇടത് ഭരണത്തില്‍ അസ്വസ്ഥരാണ്. സര്‍ഗ്ഗ പ്രതിഭകളെ കണ്ടെത്താന്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ മറ്റൊരു സര്‍ഗ്ഗ പ്രതിഭയുടെ പിതാവിനെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തുകയാണ് സിപിഎം ചെയ്തത്.
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെക്കുറിച്ചും മറ്റും പ്രസംഗിക്കുന്ന സാംസ്ക്കാരിക നായകരും മറ്റും സന്തോഷിന്റെ കൊലപാതകത്തെ കുറിച്ച് ഒരക്ഷരം മിണ്ടാത്തത് അപലപനീയമാണെന്നും കുമ്മനം പറഞ്ഞു. വിലാപ യാത്രയായി മൃതദേഹം കൊണ്ടുപോകാന്‍ ഏതൊരാള്‍ക്കും സ്വതന്ത്ര്യമുണ്ട്. അതിനാല്‍ എന്തുകൊണ്ട് മൃതദേഹം തടഞ്ഞൂവെന്നും വിലാപയാത്ര കലോത്സവത്തിന്റെ മുഖ്യവേദിയിലൂടെ കടന്നു പോയതു കൊണ്ട് എന്തു സംഭവിച്ചുവെന്നും പോലീസും സിപിഎമ്മും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎം അക്രമത്തിനെതിരെ 23 ന് എല്ലാ ജില്ലകളിലും പ്രതിഷേധ ധര്‍ണ്ണയും പ്രതിഷേധ സദസ്സും സംഘടിപ്പിക്കുമെന്നും കുമ്മനം അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്, സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.കെ.വിനോദ് കുമാര്‍, അഡ്വ.വി.രത്നാകരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: