ഗംഗ പുണ്യനദിയാണ്. പാപങ്ങള്‍ അകറ്റുന്നവള്‍. ഗംഗയെ തേടിയെത്തുന്നവര്‍ അവിടെയെന്തെങ്കിലും സമര്‍പ്പിക്കാതെ മടങ്ങാറില്ല. അതൊരുപക്ഷെ നാണയത്തുട്ടുകളാവാം, വസ്ത്രങ്ങളാവാം, പൂജാപാത്രങ്ങളോ ആവാം. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കള്‍ കൊണ്ട് ഉപജീവനം നടത്തുന്നവരും ഗംഗയുടെ തീരങ്ങളിലുണ്ട്.
പുണ്യഗംഗയുടെ കുത്തൊഴുക്കില്‍ മുങ്ങിത്താഴ്ന്ന് ലഭിക്കുന്ന നാണയത്തുട്ടുകളും മറ്റിനങ്ങളുമൊക്കെ ജീവിത വരുമാനമാക്കിമാറ്റുകയാണിവര്. ഭക്തര്‍ ഗംഗയില്‍ സമര്‍പ്പിക്കുന്ന ചെറുനാണയങ്ങള്‍ മുതല്‍ വസ്ത്രങ്ങളും പൂജാപാത്രങ്ങളും വരെ ഇവര്‍ മുങ്ങി താഴ്ന്ന് കണ്ടെത്തി സ്വന്തമാക്കും. ഇതെല്ലാം കണ്ടെത്തുന്ന രീതിയാവട്ടെ കൗതുകകരവും. ജലപരപ്പിനോട് ചേര്‍ത്ത് കുപ്പിഗ്ലാസ്സ് പിടിച്ച് അടിത്തട്ടിലെ നിക്ഷേപ ഇനങ്ങളെ ഇവര്‍ ആദ്യം കണ്ടെത്തും. തെളിഞ്ഞ ജലമാണങ്കില്‍ മുങ്ങിത്താഴ്ന്ന് നഗ്നനേത്രങ്ങളിലൂടെ ഇവ കണ്ടെത്തി സ്വന്തമാക്കും.
ഹരിദ്വാറിലെ വിവിധ ഘട്ടുകള്‍ കേന്ദ്രീകരിച്ച് ജീവിതം നയിക്കുന്ന ഇവരില്‍ അശ്വിന് എന്ന പന്ത്രണ്ടുക്കാരന്‍ മുതല്‍ അറുപത് പിന്നിട്ട ജിതിന് ബാബവരെയുള്ള ഇരുപതിലേറെപ്പേരുണ്ട്. ഒരു സ്ത്രീയും. ഗംഗയെ ജീവിതത്തിന്റെ ഭാഗമാക്കിയുള്ള ഇത്തരം സംഘങ്ങള്‍ നാസിക്കിലും പ്രയാഗയിലുമുണ്ടെന്ന് ജിതിന് ബാബ പറഞ്ഞു. ശാന്തമായൊഴുകുന്ന ഗംഗയാണിവരുടെ ആശ്രയം. എന്നാല്‍ ചില ഘട്ടങ്ങളില്‍ മൂന്നുനാല് മാസം ഒന്നും ലഭിക്കാതെ യാചിച്ച് ജീവിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ഗംഗാമയ്യ കനിഞ്ഞനുഗ്രഹിച്ചിട്ടുമുണ്ടെന്ന് നാല്പതുകാരനായ രാംബാബ പറയുന്നു. ബാല്യം മുതല്‍ ഗംഗയില്‍ മുങ്ങി താഴ്ന്നാണ് അശ്വിന്റെ ജീവിതം. ഒരു ദിവസം നാണയത്തുട്ടുകളായി ലഭിക്കുന്ന വരുമാനം 100-ല്‍ താഴെ മാത്രം. വെള്ളി പാത്രങ്ങള്‍ വരെ ലഭിച്ച ദിവസമുണ്ടെന്നും അശ്വിന്.
ഹരിദ്വാറിലെ പ്രസിദ്ധമായ ഗംഗാ ആരതി നടക്കുന്ന ഹരികീ പോഡിയില്‍ മാത്രം പത്തോളം പേരാണ് മുങ്ങിത്താഴ്ന്ന് തുട്ടുകള്‍ ശേഖരിക്കുന്നവരായുള്ളത്. ഗംഗയിലെ ഭക്തസമര്പ്പണത്തിലൂടെ ജീവിക്കുന്ന ഇവര്‍ ഗംഗയെ മലീമസമാക്കുന്ന ഭക്തന്റെ ചെയ്തികളില്‍ നിന്ന് ഗംഗാമയ്യയെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഗംഗയിലുപേക്ഷിക്കുന്ന വസ്ത്രങ്ങളും പ്ലാസ്റ്റിക്-പ്ലാസ്റ്റര്‍ ഓഫ് പാരീസ് വിഗ്രഹങ്ങളും മറ്റു മാലിന്യങ്ങളും ഇവര്‍ സ്വയം കണ്ടെത്തി കരയില്‍ കൊണ്ടുവന്ന് നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഗംഗാശുചീകരണത്തിന്റെ മറ്റൊരു നേര്‍ക്കാഴ്ചയായി നമുക്കിത് കാണാം. ശൈത്യകാലത്തും ഇവര്‍ ഗംഗയില്‍ മുങ്ങി താഴ്ന്ന് ജീവിതം നയിക്കുന്നു. ഒറ്റയ്ക്കും കൂട്ടായും ഇവര്‍ ഗംഗയിലെ അടിത്തട്ടില്‍ ഊളിയിട്ട് മുങ്ങി നിവരുമ്പോള്‍, പ്രതീക്ഷയുമായി ഒരു കുടുംബം ഇവരെ കരയിലെവിടെയോ കാത്തിരിക്കുന്നുണ്ട്.
ചില്ല് കൊണ്ട് അടിത്തട്ടിലെ നാണയത്തുട്ടുകള്‍ കണ്ടെത്തുന്ന ജിതിന് ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: