കൊല്ലം: കൃഷ്ണകുമാര്‍ വധക്കേസില്‍ യാതൊരു വ്യക്തതയും വരുത്താതെ സെപ്റ്റിക് ടാങ്കില്‍ നിന്നും ലഭിച്ച അസ്ഥികള്‍ ഏറ്റെടുക്കാന്‍ പോലീസ് നിര്‍ബന്ധിച്ചതിന് പിന്നില്‍ ആരെയോ രക്ഷിക്കാനുള്ള വ്യഗ്രതയാണെന്ന് കൃഷ്ണകുമാറിന്റെ അമ്മ രാജമ്മ ആരോപിച്ചു.
മകനെ കാണാതായപ്പോള്‍ മുതല്‍ പല തവണ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേസെടുക്കാന്‍ താല്‍പര്യം കാട്ടിയില്ല. അവസാനം മുഖ്യമന്ത്രിയുടെ ഓഫീസിലെ കര്‍ശനനിര്‍ദേശപ്രകാരമാണ് ആറുമാസത്തിന് ശേഷം മാന്‍മിസിങ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യറായത്. എന്നിട്ടും വ്യക്തമായ അന്വേഷണം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. അതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ ജില്ലാ പോലീസ് മേധാവികള്‍ കളവായ കാര്യങ്ങളാണ് ബോധിപ്പിച്ചതെന്നും അമ്മ ക്രൈം ബ്രാഞ്ച് എസിപിക്ക് നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം നയം തുടരുമ്പോഴാണ് ഒരു സുപ്രഭാതത്തില്‍ അസ്ഥി കണ്ടെടുക്കലും അറസ്റ്റും മറ്റും നടന്നത്. ഇതിന് ശക്തമായ പ്രചരണം പോലീസ് മാധ്യമങ്ങളിലൂടെ നടത്തി. ഇപ്പോള്‍ അറസ്റ്റ് ചെയ്തതായി പറയുന്ന രണ്ടുപേരും കൃഷ്ണകുമാറും തമ്മില്‍ യാതൊരു വിരോധവും ഇല്ലായെന്ന് തനിക്കറിയാം. എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആരെയോ രക്ഷിക്കാനുള്ള പരിശ്രമമാണ് നടത്തുന്നതെന്നും സത്യസന്ധമായ അന്വേഷണത്തിന് കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നും രാജമ്മ ആവശ്യപ്പെട്ടു.
















