ഗളി: സംസ്ഥാനത്ത് വനവാസികളോടുള്ള സര്‍ക്കാര്‍ അവഗണന തുടരുന്നു. ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതിലും അവ നല്‍കുന്നതിലും ഇരുമുന്നണികളും ഇവരോട് ഒരേ നിലപാടാണ് സ്വീകരിക്കുന്നത്.കോടിക്കണക്കിന് രൂപ ദുര്‍വ്യയം ചെയ്യുന്നുവെന്ന് മാത്രമല്ല അര്‍ഹതയുള്ളവര്‍ പോലും അവഗണിക്കപ്പെടുകയാണ്.
ഏറ്റവും ഒടുവിലായി അട്ടപ്പാടിയിലെ വനവാസികള്‍ക്ക് കൃഷിചെയ്യുന്നതിനായി സര്‍ക്കാര്‍ നല്കിയ ഭൂമി പാറയും കരിങ്കല്ലും നിറഞ്ഞവ. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെയും സുപ്രീംകോടതിയുടെയും നിര്‍ദ്ദേശാനുസരണമാണ് പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ടത്.
നിരവധി തവണ യോഗങ്ങള്‍ ചേര്‍ന്നെങ്കിലും തീരുമാനമായില്ല.മണ്ണാര്‍ക്കാട് വനംവകുപ്പിന് കീഴില്‍ 10.722 ഏക്കര്‍ നിക്ഷിപ്തവനഭൂമി ഭൂരഹിത പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ പുനരധിവാസത്തിനായി നീക്കിവച്ചിരുന്നു. റവന്യൂ-വനം-പട്ടികവര്‍ഗ്ഗ വികസനവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഏഴുതവണയാണ് സ്ഥലത്ത് പരിധോധന നടത്തിയത്. ഈപരിശോധനക്കുശേഷം 2717 ഏക്കര്‍ ഭൂമി പുനരധിവാസത്തിന് അനുയോജ്യമാണെന്നും കണ്ടെത്തി. പട്ടികവര്‍ഗ്ഗ ഭൂകൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവകുപ്പ് പ്രകാരം ഒരുകുടുംബത്തിന് ഒരേക്കര്‍ ഭൂമി അനുവദിച്ചു നല്കുവാനാണ് സര്‍ക്കാര്‍ ഉത്തരവായത്. ഇതിലേക്കായി ഒറ്റപ്പാലം സബ് കള്കടറുടെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ 192 ഊരുകളിലും സര്‍വേ നടത്തിയിരുന്നു.പൂര്‍ണ്ണമായും ഭൂരഹിതരായ കുടുംബങ്ങള്‍ക്കാണ് ഭൂമി നല്കാന് തീരുമാനമായത്.
എന്നാല്‍ ഈ ഭൂമിയാകട്ടെ ഒരു തരത്തിലും കൃഷിയോഗ്യമല്ല. കുത്തനയുള്ളതും കരിമ്പാറകള്‍ നിറഞ്ഞതുമാണ് സ്ഥലങ്ങള്‍. ഈ പ്രദേശത്ത് വെള്ളം ലഭ്യമായിട്ട് മാസങ്ങളായി.
വനവാസികള്‍ക്ക് ഇവ ലഭിച്ചാല്‍ യാതൊരുപ്രയോജനവുമില്ലെന്ന് ഒറ്റനോട്ടത്തില്‍ മനസിലാക്കാന്‍ കഴിയും. ജില്ലാ തലസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അട്ടപ്പാടിയിലെ 517 കുടുംബങ്ങള്‍ക്ക് ഒരു ഏക്കര്‍ ഭൂമി നല്കാന് തീരുമാനിച്ചത്. ഇതിന്റെയടിസ്ഥാനത്തില്‍ ആദ്യഘട്ടമായി 57 കുടുംബങ്ങള്‍ക്കാണ് ഭൂമി കൈമാറ്റത്തിന് ഉത്തരവായത്.
ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന കളക്ടറുടെ നിര്‍ദ്ദേശാനുസരണമാണ് കഴിഞ്ഞദിവസം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
കൃഷിക്കും വാസസ്ഥലത്തിനും അനുയോജ്യമായ ഭൂമി നല്‍കണമെന്നാണ് ഉത്തരവെങ്കിലും സര്‍വ്വേ നടപടി പൂര്‍ത്തീകരിച്ചപ്പോള്‍ വനവാസികള്‍ക്ക് ലഭിച്ചത് തികച്ചും പാറകള്‍ നിറഞ്ഞ സ്ഥലം. ജില്ലാ കളക്ടര്‍ ചെയര്‍മാനും ഡിഎഫ്ഒ, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ അംഗങ്ങളുമായി രൂപീകരിച്ചിട്ടുള്ള ജില്ലാതല സമിതിയാണ് സ്ഥലം കണ്ടെത്തി വനവാസികള്‍ക്ക് ഭൂമി നല്കുവാനുള്ള തീരുമാനം കൈകൊണ്ടത്.
വനവാസികള്‍ക്ക് കൃഷി ചെയ്യാനായി ജല,റോഡ് സൗകര്യങ്ങളൊന്നും ഇല്ലാത്ത ചെങ്കുത്തായ പാറകളും കൊക്കയും നിറഞ്ഞ സ്ഥലം നല്‍കിയതിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ തലത്തിലെ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ബിജെപി അഗളി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി അഗളി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാകേഷ് ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: