മലപ്പുറം: സ്വകാര്യബസ് വ്യവസായം നിലനിര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ 24ന് സൂചനയായി ഒരു ദിവസത്തേക്കും ഫെബ്രുവരി രണ്ട് മുതല്‍ അനിശ്ചിചകാലത്തേക്കും സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് അറിയിച്ചു. ജില്ലാ കലക്ട്രേറ്റിന് മുമ്പില്‍ ബസ്സുടമകള്‍ നടത്തിയ കൂട്ടധര്‍ണ്ണ സംസ്ഥാന ട്രഷറര്‍ ഹംസ ഉദ്ഘാടനം ചെയ്തു.
നിലവില്‍ സര്‍വ്വീസ് നടത്തികൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്കുന്നതിനാവശ്യമായ നോട്ടിഫിക്കേഷന്‍ പുറത്തിറക്കുക, വിദ്യാര്‍ത്ഥികളുടെ ടിക്കറ്റുനിരക്കടക്കം ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക, വര്‍ദ്ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, ബസ്സുകള്‍ക്ക് നല്കുന്ന ഡീസലിനു വില്‍പ്പന നികുതി അഞ്ചുശതമാനമായി കുറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.
കഴിഞ്ഞ ബസ് ചാര്‍ജ് വര്‍ദ്ധനവിനുശേഷം ചേസിസിനും ബസ് ബോഡി നിര്‍മ്മാണത്തിനും ഓയില്‍, സ്പെയര്‍പാര്‍ട്സ് മുതലായവക്കും ഫെയര്‍വേജസ്, ഇന്‍ഷൂറന്‍സ് പ്രീമിയം മുതലായവയിലും വന്‍വര്‍ദ്ധന വന്നിരുന്നുവെങ്കിലും ഡീസല്‍ വിലയില്‍ കുറവുവന്നതിനാല്‍ ആ നഷ്ടം നികത്തപ്പെടുന്നതുകൊണ്ടായിരുന്നു ബസ്സ് സര്‍വീസ് നിലനിന്നിരുന്നത്. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് അടക്കം ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാതെ ബസ്സ് സര്‍വ്വീസ് നടത്താന്‍ കഴിയില്ല.
പൊതുഗതാഗതം സംരക്ഷിക്കുന്നതിനുവേണ്ടി ബസ്സുകള്‍ക്ക് നല്കുന്ന ഡീസലിന്റെ വില്‍പ്പന നികുതി പല സംസ്ഥാനങ്ങളിലും നിലവിലുള്ള രീതിയില്‍ അഞ്ചു ശതമാനമായി കുറക്കണമെന്നും ധര്‍ണ്ണയില്‍ ആവശ്യമുയര്‍ന്നു. അതുപോലെ സീറ്റുകളുടെ എണ്ണത്തിനനുസരിച്ച് ബസ്സുകള്‍ക്ക് റോഡ് ടാക്സ് നിശ്ചയിക്കുന്നതിനുപകരം തറവിസ്തീര്‍ണ്ണം അടിസ്ഥാനത്തില്‍ ടാക്സ് കണക്കാക്കുന്നത് കാരണം ഒരു ബസ്സിന് എഴുപത്തിരണ്ടു ശതമാനം വരെ ടാക്സ് വര്‍ദ്ധിച്ചത് കുറക്കണം.
ജില്ലാ വൈസ് പ്രസിഡന്റ് വെട്ടത്തൂര്‍ മുഹമ്മദലിഹാജി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: