വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാറ്റില്‍ സിപിഎം ഗുണ്ടകളുടെ ആക്രമണത്തില്‍ ഓട്ടോ തൊഴിലാളികളായ സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. മഞ്ചുമല എസ്റ്റേറ്റ് ആറ്റോരം ലയത്തിലെ താമസക്കാരും സഹോദരങ്ങളുമായ രതീഷ്, വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ഇവരെ സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുമളി സിഐയുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം ആശുപത്രിയില്‍ കയറി അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സ്റ്റേഷനില്‍ കൊണ്ട് പോയി മര്‍ദ്ദിച്ചതായി പറയുന്നു. പിന്നീട് വധശ്രമക്കേസില്‍ പ്രതിയാക്കി. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ ഉണ്ടാകുന്നത്. ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ വണ്ടിപ്പെരിയാര്‍ ശാഖയുടെ മുന്‍പില്‍ രതീഷ്, വിഷ്ണു എന്നിവരുമായി കോണ്‍ഗ്രസ്സ് പ്രാദേശിക നേതാവിന്റെ മകനും സിപിഎം അനുഭാവികളും ചേര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് സഹോദരങ്ങളെ ആക്രമിക്കുകയും ആയിരുന്നു.
തങ്ങളെ ആക്രമിച്ചവര്‍ ബാങ്ക് കെട്ടിടത്തില്‍ മദ്യപാനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായായിരുന്നു എന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. പിന്നീട് അര്‍ദ്ധരാത്രിയോടെ പോലീസുകാരെത്തി തങ്ങളുടെ വീട്ടുമുറ്റത്ത് കിടന്ന ഓട്ടോറിക്ഷ തള്ളിക്കൊണ്ട് പോയി സ്റ്റേഷനില്‍ എത്തിച്ചു. വാഹനത്തില്‍ എത്തി ആക്രമ
ണം നടത്തി എന്ന പേരില്‍ കേസെടുത്തതായി പറയുന്നു. എന്നാല്‍ ഓട്ടോറിക്ഷ തകരാറില്‍ ആയതിനെ തുടര്‍ന്ന് ദിവസങ്ങളായി പ്രവര്‍ത്തന ക്ഷമമല്ലായിരുന്നു.
സിപിഎം നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തിക്കുന്ന പോലീസ് നടപടിക്കെതിരെ ബിജെപി, ബിഎംഎസ് തുടങ്ങിയ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറ്റില്‍ പ്രധിഷേധ പ്രകടനം നടന്നു.
















