കോട്ടക്കല്‍: ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം ഉണ്ടായിട്ടും വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ കോട്ടക്കല്‍ നഗരസഭ അധികൃതര്‍ നടപടി തുടങ്ങിയിട്ടില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.
ജലക്ഷാമം രൂക്ഷമായതോടെ ജലജന്യരോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത ഉണ്ടായിട്ടും തെരുവ് ഭക്ഷണശാലകള്‍ യാതൊരു സുരക്ഷ മാനദണ്ഡവും പാലിക്കാതെ പ്രവര്‍ത്തിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നു. കോട്ടക്കല്‍ പുത്തൂര്‍ ബൈപ്പാസിന്റെ പരിസരങ്ങളില്‍ നഗരത്തിലെ മാലിന്യം വ്യാപകമായി തള്ളുന്നത് ജനജീവിതം ദുസഹമാക്കിയിരിക്കുന്നു.
കാക്കത്തോട്, മൈത്രി നഗര്‍, നായടിപ്പാറ ചിനക്കല്‍ റോഡ് എന്നിവിടങ്ങളില്‍ കോഴി മാലിന്യം അടക്കമുള്ളവ തള്ളുന്നത് പതിവായിരിക്കുന്നു. നീരൊഴുക്ക് നിലച്ച തോടുകളില്‍ ഖരമാലിന്യം അഴുകി ദുര്‍ഗന്ധം വമിക്കുകയാണ്. നഗരസഭയുടെ മൂക്കിന്കീഴിലുള്ള പുത്തൂര്‍ പാലത്തിന്റെ പരിസര പ്രദേശങ്ങള്‍ കാടുമൂടിയ നിലയിലാണ്. ഇവിടെയും മാലിന്യം നിക്ഷേപിക്കുന്നുണ്ട്.
ജില്ലയില്‍ തന്നെ ഏറ്റവും വൃത്തിഹീനമായ ബസ് സ്റ്റാന്‍ഡുകളിലൊന്നായി കോട്ടക്കല്‍ മാറുകയാണ്. നഗരം ശുചീകരിക്കാന്‍ നഗരസഭ തയ്യാറാകാത്തതും, ശുചീകരണം വെറുമൊരു ചടങ്ങുമാത്രമായി മാറുന്നതുമാണ് പ്രശ്നം. ബസ് സ്റ്റാന്‍ഡിന് പിന്‍വശം വിളപ്പില്‍ശാലയെ അനുസ്മരിപ്പിക്കും വിധം മാലിന്യകൂമ്പാരമായി കഴിഞ്ഞു.
മയിലാടിലുള്ള മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ജനങ്ങളുടെ ആശങ്ക അകറ്റാതെ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനുള്ള നഗരസഭയുടെ നീക്കം ജനകീയ പ്രക്ഷോഭത്തിന് വഴിവെച്ചിരുന്നു. നഗരസഭയും നാട്ടുകാരും രണ്ടുതട്ടിലായതുകൊണ്ട് മയിലാടി മാലിന്യ സംസ്കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: