കോട്ടക്കല്‍: സ്കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം കോട്ടക്കലിനെ മണിക്കൂറുകളോളം പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെ രാവിലെയാണ് മലപ്പുറം ഫയര്‍ഫോഴ്സ് ഓഫീസിലേക്ക് കോട്ടക്കലിലെ സ്കൂളില്‍ ബോബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചത്. സ്കൂളിന്റെ പേര് വ്യക്തമാകുന്നതിന് മുമ്പ് ഫോണ്‍ കട്ടായി. ഇതോടെ കോട്ടക്കലിലെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ കോട്ടൂര്‍ എകെഎം സ്കൂളിലും എടരിക്കോട് പികെഎംഎംഎച്ച്എസ് സ്കൂളിലും പരിശോധന നടത്തി.
വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിര്‍ത്തിയതിന് ശേഷമായിരുന്നു പരിശോധന. അപ്പോഴേക്കും സ്കൂളുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വാര്‍ത്ത നവമാധ്യമങ്ങളിലൂടെ കാട്ടുതീ പോലെ പടര്‍ന്നു. കേട്ടവര്‍ കേട്ടവര്‍ സ്കൂളിലേക്കോടി. സന്ദേശം വ്യാജമാണെന്ന് അറിഞ്ഞപ്പോഴാണ് ഓടിയെത്തിയ രക്ഷിതാക്കള്‍ക്ക് സമാധാനമായത്.
മുഹമ്മദ് ഷഫീഖ് എന്ന വ്യക്തിയുടെ ഫോണില്‍ നിന്നാണ് കോള്‍ വന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കോട്ടക്കല്‍ എസ്ഐ അറിയിച്ചു.
മലപ്പുറം കലക്ടേറ്റില്‍ കഴിഞ്ഞ നവംബര്‍ ഒന്നിന് നടന്ന ബോംബ് സ്ഫോടനത്തിന് ശേഷം പോലീസ് കനത്ത ജാഗ്രതയിലാണ്. വ്യാജ സന്ദേശത്തിന്റെ പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോയെന്ന് പരിശോധിക്കും. എത്രയും വേഗം പ്രതിയെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: