നിലമ്പൂര്‍: ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേര്‍ വടിവാളുമായി നിലമ്പൂര്‍ പോലിസിന്റെ പിടിയിലായി. നിലമ്പൂര്‍ പാടിക്കുന്ന് സ്രാമ്പിക്കല്‍ റിയാസ് ബാബു എന്ന പച്ചിളിപ്പ് (35), ചക്കാലക്കുത്ത് അമരക്കാട്ടില്‍ വൈശാഖ്(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ ചക്കാലക്കുത്ത് ഭാഗത്ത് മുതുകാട് ബൈപ്പാസ് റോഡിന് സമീപത്ത് വെച്ചായിരുന്നു അറസ്റ്റ്. നമ്പര്‍ കാണാതിരിക്കാന്‍ നമ്പര്‍പ്ലേറ്റുകള്‍ മടക്കി ചുരുട്ടി വെച്ച ബൈക്കിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. നിലമ്പൂര്‍ പാട്ടുത്സവത്തോടനുബന്ധിച്ച് കാര്‍ണിവല്‍ പ്രദേശത്ത് രണ്ടു പ്രദേശത്തുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി ആക്രമണം നടത്താനായിരുന്നു ക്വട്ടേഷന്‍ സംഘങ്ങളുടെ പദ്ധതി.
ചക്കാലക്കുത്ത് പ്രദേശത്തു നിന്ന് യുവാക്കള്‍ കൂട്ടമായി ബൈക്കുകളില്‍ രാമംകുത്ത് പ്രദേശത്തേക്ക് മാരകായുധങ്ങളുമായി പോകുന്നതായി രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. സംഘര്‍ഷം തടയുന്നതിനായി 20 ഓളം യുവാക്കളെ രാത്രിയില്‍ കരുതല്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
പ്രതികള്‍ക്ക് വടിവാള്‍ ലഭിച്ചതിന്റെ ഉറവിടം കണ്ടെത്താനും കൂട്ടുപ്രതികളെ കണ്ടെത്താനുമുളള അന്വേഷണം പുരോഗമിക്കുകയാണ്. വിധ്വംസക ശക്തികള്‍ക്ക് ഈ സംഭവവുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. മുന്‍പ് നിരവധി കേസുകളില്‍ പ്രതിയാണ് പച്ചളിപ്പ് എന്ന റിയാസ് ബാബു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
നിലമ്പൂര്‍ സിഐ കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ എസ്ഐ മനോജ് പറയട്ട, സിപിഒമാരായ ഫിറോസ്, മുഹമ്മദ് ഷാഫി, ജയരാജ്, ഗോപാലന് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: