കണ്ണൂരിന് ആരെങ്കിലും ചിലരിലെങ്കിലും ചീത്തപ്പേരുണ്ടാക്കിയിട്ടുണ്ടെങ്കില് മാറ്റാന്‍ കണ്ണൂര്‍ കലയൂരാകുകയാണ്. സര്‍ഗ്ഗ വൈഭവത്തിന്റെ തോറ്റം പാട്ടുകളും കലയിലെ ദൈവിക സാന്നിദ്ധ്യത്തിന്റെ തിറയാട്ടങ്ങളുമായി കണ്ണൂരില്‍ കലോപാസകരുടെ ഒരാഴ്ചത്തെ രാപകലുകള്‍. 57-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ കൊടിയേറ്റമാണ്.
കലയും കലോപാസകരും വിജയിക്കുന്ന കലോത്സവം എന്ന സങ്കല്‍പ്പത്തില്‍ നിന്ന് കായിക മത്സരത്തിന്റെ ആവേശത്തിലേക്കും സ്വഭാവത്തിലേക്കും മാറിയെന്ന് ആക്ഷേപം ഉയരുമ്പോഴും കൗമാരോത്സവത്തിന് മാറ്റുകുറയുന്നില്ല. വിജയികളുടെ ആനന്ദാശ്രു, പിന്നിലായവരുടെ സങ്കടക്കണ്ണീര്; അതെല്ലാം വ്യക്തിവിശേഷം, അതിനപ്പുറം നാടിന്റെ ഉത്സവംകൂടിയാകുന്നുവെന്നതാണ് കലോത്സവത്തിന്റെ പ്രത്യേകത.
കലോത്സവം ഇത്തവണ തിറയുടെയും തറിയുടെയും നാട്ടിലാണ്; സര്ഗ്ഗവസന്തത്തിന് തികച്ചും യോജിച്ച ഭൂമിക. കലാകാരന് ദൈവമാകുന്ന തെയ്യത്തിന്റെ നാട്ടില്‍, കലയുടെ ഊടും പാവും നെയ്യുന്ന കരകൗശലത്തിന്റെ കൈത്തറിയുടെ നാട്ടില്‍; കണ്ണൂരില്‍.
ധനുമാസക്കുളിര് പാതിരാവില്‍ മാത്രമാണിപ്പോള്‍, പകലിന് മേടച്ചൂടിന്റെ കടുപ്പം. അതുപക്ഷേ കണ്ണൂര്‍ക്കാര്‍ക്ക് തടസമാകില്ല. ധന്യവും സമ്പന്നവുമായ സദസ്സുകള്‍ ഉറപ്പ്. അവര്‍ക്ക് കുടിവെള്ളത്തെക്കുറിച്ചുള്ള കരുതല്‍ നല്കാന്, ജല സംരക്ഷണത്തെക്കുറിച്ച് ബോധം നല്കാന് എന്നവണ്ണം കലോത്സവ വേദികള്‍ക്ക് നദികളുടെ പേരാണ്. 20 വേദികള്‍, നിളയും ഭവാനിയുമൊക്കെയായി അവ അറിയപ്പെടുന്നു. പ്രധാന വേദി ‘നിള’യാണ്.
‘പരിസ്ഥിതി സൗഹൃദ കലോത്സവം, പ്ലാസ്റ്റിക് വിമുക്ത കലോത്സവം’ എന്നതാണ് കലോത്സവത്തിന്റെ മുദ്രാവാക്യം. കൗമാര കലാപ്രതിഭകളുടെ വൈഭവം ഇനി ഏഴ് സുന്ദര രാപകലുകളില്‍ വേദികളില്‍ മാറ്റുരയ്ക്കും.
ദൃശ്യ-ശ്രവ്യ കലകള്‍ വേദികളില്‍ വിടര്‍ന്നാടും. നാലാം തവണയാണ് ഉത്സവക്കാഴ്ചകള്‍ക്ക് കണ്ണൂര്‍ ആതിഥേയരാകുന്നത്; മുമ്പ് 1982 ലും 1995 ലും 2007 ലും. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെ ഉത്സവമാക്കി മാറ്റാനുളള ഒരുക്കത്തിലായിരുന്നു കണ്ണൂരിലെ ജനങ്ങള്‍.
ഇന്നിന്റെയും നാളെയുടേയും നിരവധി നവകലാപ്രതിഭകളെ സമ്മാനിച്ച കലോത്സവങ്ങള്‍ക്ക് പറയാന്‍ ചരിത്രമേറെയുണ്ട്.
വൈലോപ്പിള്ളിയുടെ കപ്പ്
117.5 പവന്റെ സ്വര്‍ണ്ണക്കപ്പാണ് വിജിയികള്‍ക്ക് നല്കി വരുന്നത്.1987 ല്‍ കോഴിക്കോട് നടന്ന കലോത്സവത്തിലാണ് ചാമ്പ്യന്മാരാകുന്ന ജില്ലാടീമുകള്ക്ക് ആദ്യമായി സ്വര്‍ണ്ണക്കപ്പ് നല്കിത്തുടങ്ങിയത്. ആദ്യ വര്‍ഷം ഓവറോള്‍ ചാമ്പ്യന്മാരായ തിരുവനന്തപുരം കപ്പ് നേടി. 1985 ല്‍ മഹാകവി വൈലോപ്പിളളി ശ്രീധരമേനോനായിരുന്നു സ്വര്‍ണ്ണക്കപ്പെന്ന ആശയം മുന്നോട്ടുവെച്ചത്.
കലോത്സവത്തിന് ജഡ്ജായെത്തിയ കവി, തൊട്ടടുത്ത ഗ്രൗണ്ടില്‍ നടക്കുന്ന, സ്വര്ണ്ണകപ്പിനു വേണ്ടിയുളള ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ മാതൃകയില്‍ കലോത്സവ വിജയികളാവുന്ന ജില്ലയ്ക്ക് എന്തു കൊണ്ട് സ്വര്‍ണ്ണകപ്പ് നല്കിക്കൂടായെന്ന ആശയം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം. ജേക്കബിനു മുന്നില്‍ വെയ്ക്കുകയായിരുന്നു. 101 പവനുളള സ്വര്‍ണ്ണക്കപ്പ് വിജയികള്‍ക്ക് നല്‍കണമെന്നായിരുന്നു മഹാകവിയുടെ നിര്‍ദ്ദേശം.
തൊട്ടടുത്ത വര്‍ഷം മുതല്‍ സ്വര്‍ണ്ണകപ്പ് ഏര്‍പ്പെടുത്തുമെന്ന് എറണാകുളത്തുവെച്ച് ടി.എം.ജേക്കബ,് കവിക്കും കേരളീയ കലാ സമൂഹത്തിനും വാഗ്ദാനം നല്കി. എന്നാല്‍ സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ സാധിക്കാഞ്ഞതിനാല്‍ നടരാജ വിഗ്രഹത്തില്‍ ആറ് പവന്റെ സ്വര്‍ണം പൂശി നല്കാനെ സാധിച്ചുളളു. അടുത്ത വര്‍ഷം ആവശ്യമായ പണം സംഭാവനയിലൂടെ സ്വീകരിച്ച് സ്വര്‍ണ്ണക്കപ്പ് നിര്‍മ്മിക്കുകയായിരുന്നു. ഈട്ടിത്തടിയില്‍ തീര്‍ത്ത പീഠത്തിന് മുകളില്‍ ഗ്രന്ഥവും അതിനു മുകളില്‍ വളയിട്ട കൈയില്‍ വലംപിരി ശംഖുമാണ് കപ്പിന്റെ രൂപം.
101 പവന്റെ കപ്പാണ് തീരുമാനിച്ചിരുന്നതെങ്കിലും പണി പൂര്‍ത്തിയായപ്പോള്‍ 117.5 പവന് വേണ്ടി വന്നു. അന്ന്, 1987 ല്‍, കപ്പിന്റെ നിര്‍മ്മാണച്ചെലവ് ഏകദേശം രണ്ടരലക്ഷം രൂപയായിരുന്നു. പ്രശസ്ത ചിത്രകാരനായിരുന്ന ചിറയന്‍കീഴ് ശ്രീകണ്ഠന് നായരാണ് രൂപകല്‍പ്പന ചെയ്തത്. മഹാകവി വൈലോപ്പിളളിയുടെ ഓര്‍മ്മകള്‍ എല്ലാകാലത്തും നിലനിര്‍ത്തുന്നതാണ് സ്വര്‍ണ്ണക്കപ്പിന്റെ ചരിത്രം.
ഇല്ലാതായ തിലകം, പ്രതിഭ പട്ടങ്ങള്‍
1986 ല്‍ തൃശൂരില്‍ നടന്ന മേളയില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ പോയിന്റു നേടുന്ന ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും യഥാക്രമം കലാപ്രതിഭ, കലാതിലകം എന്നീ പട്ടങ്ങള്‍ നല്കാന് തീരുമാനിച്ചു. നൃത്ത-നൃത്തേതര ഇനങ്ങളില്‍ ഒരുപോലെ തിളങ്ങുന്നവര്‍ക്ക് പട്ടം നല്കാന് 1999 ല്‍ തീരുമാനിച്ചു. എന്നാല്‍ കലാതിലകം, കലാപ്രതിഭ പട്ടങ്ങളുടെ പേരില്‍ നടക്കുന്ന മത്സരങ്ങള്‍ പരിധികടക്കുന്ന രീതിയിലേക്ക് പ്രവേശിച്ചതോടെ 2005ല്‍ ഇവ നിര്‍ത്തലാക്കി.
കണ്ണൂരിന്റെ ആര്.വിനീതും കൊല്ലത്തിന്റെ പൊന്നമ്പിളിയുമായിരുന്നു ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ വ്യക്തിപരമായി നേടിയതിന് ആദ്യവട്ടം ഈ ബഹുമതികള്‍ നേടിയത്. കലാതിലക പട്ടത്തിന് കോടതി കയറിയ സംഭവങ്ങള്‍ വരെയുണ്ടായിരുന്നു. 2000 ത്തില്‍ തൃശൂര്‍ നടന്ന കലോത്സവത്തില്‍ സാങ്കേതികത്വത്തിന്റ പേരില്‍ കലാതിലക പട്ടം നിഷേധിക്കപ്പെട്ട തൃശൂരില്‍ നിന്നുളള അപര്‍ണ്ണ കെ. ശര്‍മ്മയാണ് കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ച് ചരിത്രത്തിന്റെ ഭാഗമായത്.
സ്വര്‍ണ്ണക്കപ്പില്‍ കൂടുതല്‍ ചുംബിച്ചത് കോഴിക്കോട്
ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവിലാണ് പലപ്പോഴും ജില്ലകള്‍ കിരീടമണിഞ്ഞിട്ടുളളത്. കഴിഞ്ഞ കാലങ്ങളില്‍ നാലു തവണ ഒരേ പോയിന്റ് വന്നതിനെ തുടര്‍ന്ന് ജില്ലകള്‍ തമ്മില്‍ ചാമ്പ്യന്‍പട്ടം പങ്കിടേണ്ടി വന്നിട്ടുണ്ട്. ആറുമാസം വീതം ടീമുകള്‍ സൂക്ഷിച്ചു.
കൂടുതല്‍ തവണ വിജയികളായത് കോഴിക്കോട് ജില്ല. 2007 മുതല്‍ തുടര്‍ച്ചയായി കോഴിക്കോട് ജില്ലയാണ് ചാമ്പ്യന്മാര്. 2015 ല്‍ കോഴിക്കോട് നടന്ന കലോത്സവത്തില്‍ പാലക്കാടിനൊപ്പം കോഴിക്കോടുമായി പങ്കുവെച്ചു. 2003ല്‍ ആലപ്പുഴയില്‍ നടന്ന കലോത്സവത്തില്‍ അവസാനമായി മുത്തമിട്ട സ്വര്‍ണ്ണക്കപ്പ് ആതിഥേയരായ കണ്ണൂരിന് ഇക്കുറി കിട്ടുമോ. 2010 ല്‍ ‘കപ്പിനും ചുണ്ടിനുമിടയില്‍’ സ്വര്‍ണ്ണക്കപ്പ് നഷ്ടപ്പെടുകയായിരുന്നു. അന്ന് രണ്ടാംസ്ഥാനം.
2000-ല്‍ പാലക്കാട് നടന്ന കലോത്സവത്തില്‍ എറണാകുളത്തിനൊപ്പം കലാകിരീടം പങ്കിട്ട ചരിത്രവും കണ്ണൂരിനുണ്ട്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്ത് കോഴിക്കോടും രണ്ടാമത് പാലക്കാടുമായിരുന്നു.
ചരിത്രവഴിയില്‍
1956ല്‍ കേരളപ്പിറവിക്കു പിന്നാലേ സ്കൂള്‍ കലോത്സവവും ആരംഭിച്ചു. 1957 ജനുവരി 28 ന് എറണാകുളം ഗേള്‍സ് ഹൈസ്കൂളിലായിരുന്നു ആദ്യ സംസ്ഥാന സ്കൂള്‍ കലോത്സവം നടന്നത്. 60 പെണ്‍കുട്ടികളുള്‍പ്പെടെ നാനൂറോളം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത കലോത്സവത്തില്‍ 13 ഇനങ്ങളിലായി 18 മത്സരങ്ങളായിരുന്നു.
കണ്ണൂര്‍-കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന മലബാര്‍ ജില്ലയായിരുന്നു ആദ്യ കലോത്സവത്തിലെ വിജയികള്‍. 57 വര്‍ഷം പിന്നിടുമ്പോള്‍, 14 ജില്ലകളില്‍ നിന്ന് പതിനായിരത്തിലധികം മത്സരാര്‍ത്ഥികള്‍ 232 ഇനങ്ങളില്‍ മത്സരത്തിന് തയ്യാറെടുക്കുകയാണ്.
കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റ് എട്ടുമാസങ്ങള്‍ക്ക് ശേഷമായിരുന്നു രണ്ടാം കലോത്സവം. 1958 ജനുവരിയില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മോഡല്‍ ഹൈസ്കൂളില്‍ മൂന്ന് ദിവസങ്ങളിലായിരുന്നു മത്സരം. മൂന്നും നാലും കലോത്സവങ്ങള്‍ക്ക് മലബാര്‍ വേദിയായി. മൂന്നാമത്തേത് ചിറ്റൂരും നാലാമത്തേത് കോഴിക്കോട്ടും നടന്നു. 1970 കളിലാണ് കലോത്സവം ഇന്നത്തെ രൂപത്തിലായത്. വലിയ പന്തലുകളും തുറന്ന വേദികളും ഉയര്‍ന്നു. മേളയില്‍ യുവജനോത്സവ ഗാനം തുടങ്ങി. ജനപ്രിയതയുള്ള കൂടുതല്‍ കലാരൂപങ്ങള്‍ മത്സര ഇനങ്ങളായി ഇടം നേടി. കാര്യമായ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കി. 1976 ല്‍ ആദ്യമായി കലോത്സവത്തിന് മുന്നോടിയായുളള വര്‍ണ്ണശബളമായ ഘോഷയാത്ര തുടങ്ങി.
അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കെ.കരുണാകരന് നേരിട്ട് കോഴിക്കോട് നടന്ന ആദ്യ ഘോഷയാത്രയ്ക്ക് നേതൃത്വം നല്കി. ഗജവീരന്മാരുടെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. ടി.എം. ജേക്കബ്ബ് 1982 ല്‍ വിദ്യാഭ്യാസ മന്ത്രിയായി അധികാരമേറ്റ ശേഷം മത്സരങ്ങളുടെ എണ്ണവും പ്രാതിനിധ്യവും ഇരട്ടിയാക്കി. എല്ലാ കേരളീയ കലാരൂപങ്ങള്‍ക്കും പ്രാതിനിധ്യം നല്കുവാനും വിദ്യാര്‍ത്ഥി പ്രാതിനിധ്യം ഇരട്ടിയാക്കാനും ഇതു സഹായകമായി.1985ല്‍ കലോത്സവത്തിന്റെ രജതജൂബിലി വര്‍ഷത്തിലെത്തിയപ്പോഴേക്കും ജനപങ്കാളിത്തത്തോടെ ഇന്നു കാണുന്ന രൂപത്തില്‍ മേള പുതിയ രൂപവും ഭാവവും കൈക്കൊണ്ടു കഴിഞ്ഞിരുന്നു.
താരോദയങ്ങള്‍
മലയാള സിനിമാലോകത്ത്, വെളളിത്തിരയില്‍ താരങ്ങളായി മാറിയ പലരും പല വര്‍ഷങ്ങളിലായി കലോത്സവ വേദികളില്‍ തങ്ങളുടെ മികവ് പ്രകടിപ്പിച്ച് കലാതിലകം, കലാപ്രതിഭ പട്ടങ്ങളും മറ്റും നേടിയെത്തിയവരാണ്. കലോത്സവ നൃത്ത വേദികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് സിനിമാ ലോകത്തെത്തിയവരാണ് മഞ്ജുവാര്യര്‍, കാവ്യ മാധവന്, വിനീത് കുമാര്‍, വിനീത് തുടങ്ങിയ താരങ്ങള്‍.
കലാതിലകം, കലാപ്രതിഭ പട്ടങ്ങള്‍ ഏര്‍പ്പെടുത്തിയ ആദ്യ സ്കൂള്‍ കലോത്സവത്തിലെ കലാപ്രതിഭയായിരുന്നു നര്‍ത്തകനും സിനിമാതാരവുമായ കണ്ണൂര്‍ തലശ്ശേരി സ്വദേശി വിനീത്. രണ്ടുതവണ കലാതിലകമായിരുന്നു മഞ്ജുവാര്യര്‍. നവ്യാനായരും, സീരിയില്‍ താരം അമ്പിളിദേവിയും കലോത്സവ നൃത്ത വേദികളിലൂടെയാണ് ശ്രദ്ധേയരായത്. ഗായകനും നടനും തിരക്കഥാകൃത്തുമായ വിനീത് ശ്രീനിവാസന്, കലോത്സവ വേദിയിലെ മോണോ ആക്ടിലൂടെ വെള്ളിത്തിരയിലെത്തിയ ഗിന്നസ്പക്രു, പുതുതലമുറയിലെ മാളവിക, പാര്‍വ്വതി തുടങ്ങിയവരും കലോത്സവ വേദികളുടെ സംഭാവനയാണ്.
ഗാനഗന്ധര്വന് ഡോ. കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്, കെ.എസ്. ചിത്ര, സുജാത, ജി. വേണുഗോപാല്‍, ശ്രീനിവാസ്, അരുന്ധതി, സയനോര ഫിലിപ്പ് തുടങ്ങിയ ഗായകനിര കലോത്സവ വേദികളില്‍ പാടി മുതിര്‍ന്നവരാണ്.
ഏറെ ആകര്‍ഷകമായ വെളളിത്തിരയിലേക്കുളള ആദ്യ ചുവടുവെയ്പ്പായാണ് പലരും കലോത്സവത്തെ കാലങ്ങളായി കാണുന്നത്. എണ്ണിയാല്‍ തീരാത്ത പ്രതിഭകളെ മലയാള സിനിമാരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയത് കലോത്സവ വേദികളാണ്. മറ്റൊരു കലോത്സവത്തിന് അരങ്ങുണരുമ്പോള്‍ പുതിയ താരോദയങ്ങള്‍ ഉണ്ടാവുമെന്നുറപ്പാണ്. അവരെ കാണാന്‍ കാത്തിരിക്കുകയാണ് കലാകേരളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: