കൊല്ലം: സിനിമാക്കാരന്‍ കമലിനെ വിട്ട് പിണറായി സര്‍ക്കാര്‍ അടിസ്ഥാനജനവിഭാഗങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിവരാന്‍ തയ്യാറാകണമെന്ന് ജനാധിപത്യരാഷ്‌ട്രീയസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. ജാനു.
കേരളത്തിന് പുറത്ത് നടക്കുന്ന വിഷയങ്ങളില്‍ ജനശ്രദ്ധ കേന്ദ്രീകരിച്ച് പുകമറ സൃഷ്ടിക്കുന്നതിനും ഭരണത്തിനൊപ്പം സ്വന്തം പാര്‍ട്ടിക്കാരെയും പോഷകസംഘടനകളെയും എല്ലാസമയത്തും സമരരംഗത്ത് നിര്‍ത്താനുമാണ് ഇടതുപക്ഷത്തിന്റെ ശ്രമം. ഇത് സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടാത്തതാണ്. കേന്ദ്രവുമായും നരേന്ദ്രമോദിയുമായും ബന്ധപ്പെട്ട വിഷയങ്ങളെല്ലാം വിവാദമാക്കികൊണ്ട് അടിസ്ഥാനപ്രശ്‌നങ്ങള്‍ മൂടിവയ്‌ക്കുകയാണ് ഇവര്‍. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷമുന്നണിയും ഇത് ഏറ്റുപാടുന്നു.
അടിസ്ഥാനപ്രശ്‌നങ്ങളില്‍ ഏറ്റവും പ്രമുഖം ഭൂമിയില്ലാത്തതാണ്. വീടില്ലാത്തതാണ്. കുടിവെള്ളവും കൃഷിയും ഇല്ലാത്തതാണ്. ഇപ്പോഴും പാവപ്പെട്ടവന് റേഷനരി കിട്ടുന്നില്ല. ഭൂമിയില്ലാത്ത ദളിതരും പിന്നാക്കക്കാരും സ്വന്തം വീട്ടിലെ അടുക്കളയും കക്കൂസുമെല്ലാം പൊളിച്ചുനീക്കിയാണ് ശവസംസ്‌കാരം നടത്തുന്നത്. കണ്‍മുന്നില്‍ ഇത് ദിവസേന നടക്കുമ്പോഴാണ് ഉനയിലെ കാര്യങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞ് രാഷ്‌ട്രീയമുതലെടുപ്പിനുള്ള ശ്രമം ഇടതും വലതും നടത്തുന്നത്. പട്ടികജാതിക്കാരെ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയാക്കുകയും മര്‍ദ്ദിച്ചുകൊലപ്പെടുത്തുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്ത എത്രയോ സംഭവങ്ങളാണ് കേരളത്തില്‍ നടന്നിട്ടുള്ളത്. ഇപ്പോഴും നടക്കുന്നു. ഇതിലൊന്നും പിണറായിസര്‍ക്കാരിനും ഇടതുപക്ഷത്തിനും മിണ്ടാട്ടമില്ല. പക്ഷേ ക്രോധം മുഴുവന്‍ ഉത്തരേന്ത്യയിലെ സംഭവങ്ങളോടാണ്. ബിജെപി ഭരിക്കുന്നതാണെങ്കില്‍ വീര്യം കൂടും. സമരകോലാഹലങ്ങളും ചര്‍ച്ചകളും സമ്മേളനങ്ങളും കൊണ്ട് കൊഴുപ്പിക്കും.
ആദിവാസി ദളിത് പിന്നാക്ക ജനവിഭാഗങ്ങളെ വഞ്ചിച്ചവരാണ് 60 വര്‍ഷം മാറിമാറി ഭരിച്ച മുന്നണികള്‍. മുന്നണിയുടെ ഭാഗമായാലെ ഏതുവിഭാഗത്തിനും രക്ഷയുള്ളു എന്നാണ് കേരളത്തിന്റെ ചരിത്രം തെളിയിക്കുന്നത്. ഭിന്നിച്ച് പലതായി രണ്ട് മുന്നണികളിലും ജാഥയുടെ നീളം കൂട്ടാന്‍ നിന്നതും കൊടിപിടിക്കാനും പോസ്റ്ററൊട്ടിക്കാനും മത്സരിച്ചതും ദളിത് ആദിവാസിസമൂഹത്തിന് വിലയില്ലാതാക്കി. ഇനി കാലം മാറും. ജെആര്‍എസിന്റെ പ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനം. എല്ലായിടത്തും നാല് മാസത്തിനുള്ളില്‍ ജില്ലാ കമ്മിറ്റികളാകും. അതിന് ശേഷം മണ്ഡലം കമ്മിറ്റികള്‍ രൂപീകരിക്കും.
ആദിവാസികള്‍ക്കും ദളിതര്‍ക്കും വേണ്ടി, അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി അന്തിമമായ പോരാട്ടമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. 60 വര്‍ഷമായി കേരളത്തില്‍ ജനാധിപത്യബോധമുള്ള ഭരണാധികാരികള്‍ ഉണ്ടായിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ ഈ സമൂഹത്തോട് അനീതി കാണിക്കില്ലായിരുന്നു. ബിനാമികളുടെയും കോര്‍പ്പറേറ്റുകളുടെയും ഭരണകൂടമായത് കൊണ്ടാണ് ആദിവാസി ദളിത് വിഭാഗത്തെ പടുകുഴിയിലേക്ക് തള്ളിവിട്ടതെന്നും അവര്‍ ജന്മഭൂമി യോട് പറഞ്ഞു.
















