പത്തനംതിട്ട: ഭക്തസഹസ്രങ്ങള്‍ക്ക് സായൂജ്യമേകി നടന്ന മലയാലപ്പുഴ പൊങ്കാല നാടിന്റെ മഹോത്സവമായി മാറി.
ദേവിയുടെ അനുഗ്രഹത്തിനായി പൊങ്കാലയര്‍പ്പിക്കാന്‍ ദേശത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഭക്തര്‍ മലയാലപ്പുഴയിലേക്ക് എത്തിക്കൊണ്ടിരുന്നു.
ഇന്നലെ രാവിലെ ക്ഷേത്ര സന്നിധിയില്‍ പൊങ്കാല മഹോത്സവത്തിന്റെ ഉദ്ഘാടനം സിനിമാതാരങ്ങളായ മല്ലിക സുകുമാരനും, ഭാമയും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. സമ്മേളനത്തില്‍ അടൂര്‍ പ്രകാശ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എസ്.ജയകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ശരത് കൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ., മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയലാല്‍, ജനപ്രതിനിധികളായ എസ്.ഷാജി, എം.രാജേഷ്, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജി.ബൈജു, ക്ഷേത്ര ഉപദേശകസമിതിയംഗങ്ങളായ കെ.കെ.അനില്‍, മനുമോഹന്‍, ഡി.ശിവദാസ്, എസ്.ബിജു, വി.ഷിജു, എന്‍.എസ്.വിജയകുമാര്‍, എം.ജി.പ്രകാശ്, പ്രവീണ്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തെത്തുടര്‍ന്ന് ക്ഷേത്ര ശ്രീകോവിലില്‍ നിന്നും പകര്‍ന്ന ദീപം തന്ത്രി അടിമുറ്റത്തുമഠം പരമേശ്വര ഭട്ടതിരി ഭണ്ഡാര അടുപ്പിലേക്ക് തെളിയിച്ചതോടെ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. പ്രധാന അടുപ്പില്‍ നിന്നും ക്ഷേത്ര സന്നിധിയിലും വിവിധ പ്രദേശങ്ങളിലും ക്രമീകരിച്ചിരുന്ന ആയിരക്കണക്കിന് അടുപ്പുകളിലേക്ക് അഗ്നിപകര്‍ന്നു. പൊങ്ക്ാല നിവേദ്യം തയ്യാറായതോടെ ജീവിതയില്‍ എഴുന്നെള്ളി ദേവി നിവേദ്യം സ്വീകരിച്ചു. മേല്‍ശാന്തി ശ്രീധരന് നമ്പൂതിരി ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.
ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ പൊങ്കാല സമര്‍പ്പണം പൂര്‍ത്തിയായി. ദേവസ്വം ബോര്‍ഡിന്റേയും ക്ഷേത്ര ഉപദേശകസമിതിയുടേയും വിവിധ ഹൈന്ദവ സംഘടനകളുടേയും നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങളാണ് പൊങ്കാല മഹോത്സവത്തിനായി ഒരുക്കിയിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പുമുതല്‍ ക്ഷേത്ര സന്നിധിയിലെത്തിയിരുന്ന ഭക്തര്‍ക്ക് താമസ സൗകര്യവും ആഹാരവുമടക്കം ക്ഷേത്ര ഉപദേശകസമിതി തയ്യാറാക്കിയിരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനവും ഭക്തര്‍ക്ക് സഹായകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: