വഴിയും മാര്‍ഗ്ഗവും ഒന്നല്ല; വഴി സഞ്ചരിക്കാനും മാര്‍ഗ്ഗം സ്വീകരിക്കാനുമാണ്. സഞ്ചാരം മുന്നോട്ടു പോകാനും മാര്‍ഗ്ഗം പുരോഗതിക്കും ഉള്ളതാണ്. ശരിയായ മാര്‍ഗ്ഗം, നേര്‍സഞ്ചാരത്തിന് വഴിയാകും.
നേര്‍വഴിപോയ മഹത്തുക്കളുടെ മാര്‍ഗ്ഗം സ്വീകരിച്ചാല്‍, അവരുടെ ലക്ഷ്യങ്ങള്‍ക്ക് തുടര്‍ച്ചയാകുമെന്നാണല്ലോ അനുഭവം. പക്ഷേ, അവരുടെ മാര്‍ഗ്ഗമോ വഴിയോ പോലും തുടരുന്നവര്‍ കുറവെന്നതാണ് ഇന്നിന്റെ ദുര്‍ഗ്ഗതി.വഴി പിന്തുടരുകയാണ് ആദ്യപടിയെന്ന വിശ്വാസത്തിലാണ് സ്വാമി വിവേകാനന്ദന്റെ കേരളയാത്രാ വഴിയിലൂടെ ഇദ്ദേഹം സഞ്ചരിക്കുന്നത്. ‘വിവേകാനന്ദ സ്മൃതി സന്ദേശയാത്ര’ എന്ന പേരില്‍ അഞ്ചുവര്‍ഷമായി യാത്ര തുടരുന്നു, 2017 ലേത് ആറാമത്തേത്. രാജീവ് ഇരിങ്ങാലക്കുടയാണ് യാത്രികന്.
സ്വാമി വിവേകാനന്ദന് ഭാരതപര്യടനത്തിനിടെ 1872 നവംബര്‍ 27 മുതല്‍ ഡിസംബര്‍ 24 വരെയാണ് കേരളത്തിലുണ്ടായിരുന്നത്. പാലക്കാട് മുതല്‍ കന്യാകുമാരിവരെ യാത്രചെയ്തു; കഷ്ടിച്ച് ഒരു മാസം, ഇന്നത്തെ കേരളത്തിന്റെ പകുതി പ്രദേശം. അതിനകം കേരളത്തെക്കുറിച്ച് എല്ലാമറിഞ്ഞു; ശക്തിയും ദൗര്‍ബല്യവും, നേട്ടവും കോട്ടവും. പോരായ്മകള്‍ക്ക് പരിഹാരങ്ങളും കണ്ടു. ‘ഭ്രാന്താലയ’മെന്ന് മുദ്രകുത്തി തള്ളിക്കളഞ്ഞില്ല, പകരം ഭ്രാന്തുമാറ്റാന്‍ ചികിത്സയും നടത്തി. അതുകൊണ്ടാണല്ലോ, ബാരിസ്റ്റര്‍ ജി. പരമേശ്വരന് പിള്ള, തിരുവിതാംകൂറിലെ അവര്‍ണ്ണ ജനതയുടെ അവശതകള്‍ക്ക് പരിഹാരം തേടി ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സഹായത്തിനു പോയപ്പോള്‍, സ്വാമി വിവേകാനന്ദന് ശുപാര്‍ശക്കത്തു നല്‍കിയത്.
ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങളുമായി സമ്പര്‍ക്കമുണ്ടായിരുന്ന ശിഷ്യ സിസ്റ്റര്‍ നിവേദിതയ്ക്ക് സ്വാമി കത്തു കൊടുത്തയച്ചു, ”കേരളത്തിലെ തീയ്യ സമൂഹത്തിന്റെ രക്ഷയ്ക്ക് വേണ്ടതു ചെയ്യാന്‍ സഹായിക്കണ”മെന്നായിരുന്നു കത്തില്‍. പ്രസംഗത്തില്‍ മാത്രമല്ല, പ്രവൃത്തികൊണ്ടും സ്വാമി കേരളത്തിന്റെ സാമൂഹ്യരംഗത്ത് ഇടപെട്ടതിന്റെ ഉജ്ജ്വല ഉദാഹരണം, 121 വര്‍ഷം മുമ്പാണിതെന്ന് ഓര്‍ക്കണം!!
ഗുരു പരമഹംസരില്‍നിന്നും, ബംഗാളിലെ ഭവതാരിണീ ദേവിയില്‍നിന്നും ലഭിച്ച ഉള്‍ക്കരുത്താണ് കന്യാകുമാരിയിലെ കൂറ്റന്‍ കടല്‍ത്തിരകളെ ഭേദിച്ച് ശ്രീപാദ പാറയില്‍ സ്വാമിയെ എത്തിച്ചത്. അവിടെ ചെയ്ത തപസ്സിന്റെ ശക്തിയാണ് ഏഴാം കടലിനുമക്കരെച്ചെന്ന് വിശ്വമനസ്സ് കീഴടക്കാനുള്ള ആത്മശക്തിയും ആത്മീയോജ്ജ്വലതയും നേടിക്കൊടുത്തത്; ഒരു രാഷ്ട്രത്തിനെ ഭവദുരിതത്തില്‍നിന്ന് പരംവൈഭവത്തിലേക്ക് വഴിതിരിച്ചത്. ആ വഴിയും മാര്‍ഗ്ഗവും പിന്തുടരുകയാണ്, അനന്തര തലമുറയുടെ കര്‍ത്തവ്യമെന്നതാണ് വിവേകാനന്ദ സ്മൃതി സന്ദേശയാത്ര ഓര്‍മ്മിപ്പിക്കുന്നത്.
രാജീവ് ഇരിങ്ങാലക്കുട ഒറ്റയ്ക്കാണ് ഈ വഴിയില്‍ സഞ്ചാരം തുടങ്ങിയത്. വിവേകാനന്ദ മാര്‍ഗ്ഗത്തിലേക്ക് രാജീവ് തിരിയുന്നതും ഒറ്റയ്ക്കായിരുന്നു. റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി, കോളെജ് അദ്ധ്യാപകനായി, അതിനപ്പുറം വിവേകാനന്ദ മാര്‍ഗ്ഗമാണ് സ്വന്തം വഴിയെന്ന് തിരിച്ചറിഞ്ഞ രാജീവിന് സ്വാമിയുടെ സന്ദേശമാണ് കര്‍മ്മ മണ്ഡലം.
സ്വാമി കേരളത്തില്‍ വന്നുവെന്ന വര്‍ത്തമാനങ്ങള്‍ക്ക് ആധികാരികത തേടി, ചരിത്ര വസ്തുതകള്‍ കണ്ടെത്തി, രേഖയാക്കിയത് ഇദ്ദേഹത്തിന്റെ പരിശ്രമമാണ്. കേരളത്തിന്റെ ആദ്ധ്യാത്മിക കേന്ദ്രങ്ങളും പാരമ്പര്യവും തേടിയുള്ള എഴുത്തു സഞ്ചാരം രാജീവിന്റെ വലിയ സംഭാവനയാണ്. വര്‍ഷവും നവംബര്‍ 27 നാണ് വിവേകാനന്ദ സ്മൃതി സന്ദേശയാത്ര തുടങ്ങുന്നത്; 1892 ല്‍ ഈ ദിവസമാണ് ഷൊര്‍ണൂരില്‍ നിന്ന് സ്വാമി കേരള പര്യടനം തുടങ്ങിയത്.
കന്യാകുമാരിവരെയുള്ള യാത്ര ഡിസംബര്‍ 24ന് അവിടെയെത്തി, മൂന്നു ദിവസം ‘ത്രിവേണീ സംഗമം’ എന്ന ശിബിരത്തോടെ സമാപിക്കും. സ്വാമി സഞ്ചരിച്ച, തങ്ങിയ സ്ഥലങ്ങളില്‍ യാത്രചെയ്തെത്തും. അവിടവിടെ സമാന മനസ്കരുമായി ചേര്‍ന്ന് ചെറുപരിപാടികള്‍ നടത്തും.
സ്വാമി യാത്രചെയ്തത് ഏകനായാണ്. പക്ഷേ, ഇന്ന് ഒറ്റയ്ക്ക് നേടാവുന്ന ലക്ഷ്യങ്ങള്‍ക്ക് പരിമിതിയുണ്ട്. അതുകൊണ്ടുതന്നെ ഒരു സംഘം ഒപ്പം വേണം. യാത്രയുടെ സങ്കല്‍പ്പം ഉള്‍ക്കൊള്ളുന്ന സംഘടനകള്‍ക്ക് യാത്രയുടെ യഥാര്‍ത്ഥ സന്ദേശം ജനങ്ങളിലെത്തിക്കാനാവും. ഈ പ്രതിവര്‍ഷ സന്ദേശയാത്ര ആചാരം പോലെയാകാതെ ആവേശമായി മാറണമെങ്കില്‍ വലിയൊരു കൂട്ടുചേരല് ഉണ്ടാകണം. അങ്ങനെ ‘ഭ്രാന്താലയ’ത്തെ പുണ്യാലയമാക്കാനുള്ള തീര്‍ത്ഥയാത്രയാക്കി സംരംഭത്തെ മാറ്റാവുന്നതേയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: