പത്തനംതിട്ട: കഥകളി സാര്‍വ്വകാലികമായ കലയാണെന്ന് മുന്‍ ചീഫ് സെക്രട്ടറി ആര്. രാമചന്ദ്രന് നായര്‍. ജില്ലാ കഥകളി ക്ലബ്ബിന്റെ, പത്താമത് കഥകളിമേള അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കാലങ്ങളില്‍ കഥകളി ആസ്വദിക്കുവാന്‍ ആരും പഠിപ്പിച്ചിട്ടില്ല. ഇന്ന്, കഥകളിമേളയോടനുബന്ധിച്ച് നടത്തുന്ന പഠനക്കളരികള്‍ പുതുതലമുറയെ ആസ്വാദനത്തിന്റെ വഴികളിലൂടെ നടത്തും. ജീവിതത്തിലുളള പല പ്രയാസങ്ങള്‍ക്കും പരിഹാരമാര്‍ഗ്ഗം കൂടിയാണ് ശാസ്ത്രീയ കലകളുടെ ആസ്വാദനം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഥകളി ക്ലബ്ബ് പ്രസിഡന്റ് ഡോ. ജോസ് പാറക്കടവില്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ടി. എന്‍. ഉപേന്ദ്രനാഥക്കുറുപ്പ്, പി. ജി. സുരേഷ്കുമാര്‍, ടി. ആര്. ഹരികൃഷ്ണന്, എം. ആര്. വേണു എന്നിവര്‍ പ്രസംഗിച്ചു.
പതിനെട്ടാമത് നാട്യഭാരതി അവാര്‍ഡ്, ചുട്ടി കലാകാരന് ചിങ്ങോലി പുരുഷോത്തമന് നല്കി ആദരിച്ചു. വി. ആര്. വിമല്‍രാജ് രചിച്ച ‘കഥകളിയുടെ കഥകള്‍’ ഏഴാം ഭാഗം പ്രകാശനം ചെയ്തു. തപാല്‍ വകുപ്പ്, ‘കഥകളിമേള 2017’ പ്രത്യേക സ്റ്റാമ്പ് പ്രകാശനം ചെയ്തു. കലാമണ്ഡലം വിജയകുമാര്‍, കലാമണ്ഡലം അരുണ്‍, കലാമണ്ഡലം അഖില്‍, കലാമണ്ഡലം കാശിനാഥ്, കലാമണ്ഡലം സുരേന്ദ്രന്, പരിമണം മധു, നാട്യഭാരതി ആദിത്യന്, കലാഭാരതി പീതാംബരന്, കലാമണ്ഡലം രാജേഷ്, കലാമണ്ഡലം വിഷ്ണു, കലാമണ്ഡലം ബാര്‍ബറ വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പഠനക്കളരിയില്‍ 10 – ാം ക്ലാസ്സ് മലയാള പാഠാവലിയിലെ പ്രലോഭനം, ഹയര്‍ സെക്കന്ററി ക്ലാസിലെ കേശിനീമൊഴി എന്നീ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കഥകളി അവതരിപ്പിച്ചു. ജില്ലയിലെ വിവിധ സ്ക്കുളുകളില്‍ നിന്നും ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
ക്യാപ്റ്റന്‍ എം. എന്‍. രാമചന്ദ്രന് പിള്ള, ചിറ്റേടത്തു മഠത്തില്‍ അന്നദാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കെ. എല്‍. കൃഷ്ണമ്മ ആട്ടവിളക്ക് തെളിയിച്ചു. കഥകളിയില്‍ അത്യപൂര്‍വ്വമായി അവതരിപ്പിക്കുന്ന ചുവന്നതാടി പുറപ്പാടിനു ശേഷം രാവണോത്ഭവം കഥകളി നടന്നു. മൂന്നര പതിറ്റാണ്ടിനു ശേഷം വീണ്ടും പ്രസിദ്ധീകരിക്കുന്ന 101 ആട്ടക്കഥകള്‍ എന്ന ഗ്രന്ഥത്തിന്റെ എസ്.പി. സി. എസ് പ്രീ- പബ്ലിക്കേഷന്‍ ബുക്കിംഗ് സൗകര്യം മേളയില്‍ ഒരുക്കിയിട്ടുണ്ട്. മാതൃഭൂമി, എന്‍. ബി. എസ്, നാട്യഭാരതി ബുക്ക്സ്റ്റാളുകള്‍ കഥകളി നഗറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഭാരത തപാല്‍ വകുപ്പിന്റെ പ്രത്യേക സ്റ്റാളും മേളയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: