ഓണാട്ടുകരക്കാരുടെ ‘ബ്രാന്‍ഡ് അംബാസഡര്‍’മാരില്‍ ഒരാളാണ് ഓച്ചിറപ്പരദേവര്‍ ഓച്ചിറപ്പരദേവരില്ലാത്ത ഓണാട്ടുകരയെക്കുറിച്ച് ചിന്തിക്കാനാവില്ല. അവിടുന്ന് ഞങ്ങള്‍ക്ക്, തലമുറകളായി, ചൈതന്യവത്തായ സാന്നിദ്ധ്യമാണ്.
ഓച്ചിറ ഒരനന്വയമാണ്; അതുപോലെ മറ്റൊന്നില്ല. അനാദികാലം മുതല്‍ ജാതിമതഭേദമെന്യേ സകലഭക്തര്‍ക്കും പ്രവേശനമനുവദിച്ചിരുന്ന തീര്‍ത്ഥാടന കേന്ദ്രമാണത്. അവിടെ ഒരിക്കലും അവര്‍ണ-സവര്‍ണ ഭേദമുണ്ടായിട്ടില്ല. അവിടെ പ്രതിഷ്ഠയില്ല-രണ്ടു ‘തറ’കള്‍ മാത്രം. (ഇവ അജ്ഞാതരായ ഏതോ ദിവ്യന്റെയും അദ്ദേഹത്തിന്റെ ശിഷ്യന്റെയും സമാധികളാണെന്ന് പറയപ്പെടുന്നു). ഉണ്ടിക്കാവും മായയക്ഷിയമ്മയുടെ ക്ഷേത്രവും കൂടാതെ മഹാഗണപതിക്കും ഒരു ‘സാന്നിധ്യ’മുണ്ട്. ഒരു തറയില്‍ പരബ്രഹ്മവും മറ്റേത്തറയില്‍ ശ്രീപരമേശ്വരനും സാന്നിദ്ധ്യം ചെയ്തിരിക്കുന്നുവെന്നാണ് വിശ്വാസം. കിഴക്കും പടിഞ്ഞാറുമുള്ള ആല്‍ത്തറകള്‍ ധീരദേശാഭിമാനി വേലുത്തമ്പിദളവ കൊല്ലവര്‍ഷം 976 മകരമാസത്തില്‍ പണികഴിപ്പിച്ചതാണത്രെ. പറച്ചിപെറ്റ പന്തിരുകുലത്തില്‍പ്പെട്ട അകവൂര്‍ ചാത്തനും അദ്ദേഹത്തിന്റെ ജന്മി നമ്പൂതിരിക്കും പരബ്രഹ്മം മാടന്‍പോത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് ഉണ്ടിക്കാവില് മറഞ്ഞകഥ പ്രസിദ്ധമാണല്ലോ. ഉണ്ടിക്കാവിലെ ചെളിമണ്ണാണ് അവിടത്തെ നിവേദ്യം; ഇത് മുറിവില്‍ തേയ്ക്കാനുള്ള സിദ്ധൗഷധമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. വിളക്കിലെ കരിയാണ് അവിടത്തെ പ്രസാദം. എന്തൊരെളിമ, എന്തൊരു ലാളിത്യം!
വൃശ്ചികം ഒന്നാംതീയതി തുടങ്ങുന്ന മണ്ഡലക്കാലം ഓണാട്ടുകരക്കാര്‍ക്ക് വ്രതം നോക്കാനുള്ളതാണ്. അന്നുതുടങ്ങി പന്ത്രണ്ടുദിവസം ജാതിമതഭേദമെന്യേ ഭക്തജനങ്ങള്‍ കുടില്‍കെട്ടി ഓച്ചിറ പടനിലത്തു ഭജനം പാര്‍ക്കുന്നു. അവിടെ കുബേരകുചേല ഭേദമില്ല-തികഞ്ഞ സഹിഷ്ണുതയും സാഹോദര്യവും മാത്രം. ഭിക്ഷക്കാരുടെ ആധിക്യം (ഭൂരിഭാഗവും വികലാംഗരും മഹാരോഗികളും) സന്ദര്‍ശകരെ അലോസരപ്പെടുത്തിയേക്കാം.
കായംകുളം രാജാവിന്റെ പതിനെട്ട് പടനിലങ്ങള്‍ ഒന്നായി ഓച്ചിറപ്പടനിലം പണ്ട് മുപ്പത്താറേക്കറായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. പ്രയാര്‍ വടക്ക്, പുതുപ്പള്ളി തെക്ക് എന്നുതുടങ്ങി അന്‍പത്തിരണ്ട് കരക്കാരുടെ വകയാണ് ക്ഷേത്രം. അവരുടെ പ്രതിനിധികളാണ് ഗതകാല വീര സ്മരണകളുണര്‍ത്തുന്ന ഓച്ചിറക്കളിയില്‍ ‘കര പറഞ്ഞു കൈകൊടുത്ത്’ പങ്കെടുക്കുന്നതും. സൗഹൃദമത്സരമാണത്. ചെമ്പകശ്ശേരി സൈന്യവും കായംകുളം സൈന്യവും തമ്മില്‍ 18-ാം നൂറ്റാണ്ടില്‍ നടന്ന യുദ്ധത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചടങ്ങ്.
മിഥുനം ഒന്നും രണ്ടും തീയതികളിലാണ് ഓച്ചറിക്കളി നടത്തുന്നത്. കിഴക്കേക്കരക്കാരും പടിഞ്ഞാറേ കരക്കാരും യോജിച്ചുള്ള ഭരണസമിതിയാണ് എഴുപതു കൊല്ലമായി ക്ഷേത്രഭരണം നടത്തുന്നത്.ഓണാട്ടുകരക്കാര്‍ക്ക് ഓച്ചിറ എന്ന പേരില്‍ തുയിലുണരുന്ന വേറെയും വിലപ്പെട്ട ഓര്‍മകളുണ്ട്. പരബ്രഹ്മോദയം നാടകസഭയുടെ, അനശ്വരനടന്മാരായിരുന്ന വേലുക്കുട്ടിയുടെ, ശങ്കരന്‍കുട്ടിയുടെ, ചെല്ലപ്പന്‍പിള്ളയുടെ, വേലുക്കുട്ടിയുടെ സ്ത്രീവേഷം ഏറെ പ്രസിദ്ധമാണ്. ‘കരുണ’യിലെ വാസവദത്തയാണ് അദ്ദേഹത്തിന്റെ ‘മാസ്റ്റര്‍പീസ്’ (സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ ഉപഗുപ്തനോടൊത്ത്).
ഓച്ചിറപ്പരദേവരെക്കുറിച്ച് പ്രസിദ്ധമായ ഒരു ശ്ലോകമുണ്ട്. ശ്രീവിദ്യാധിരാജ ചടമ്പിസ്വാമി തിരുവടികളുടെ വരിഷ്ഠ ശിഷ്യനായ ശ്രീനീലകണ്ഠ തീര്‍ത്ഥപാദ സ്വാമികളാണ് അത് രചിച്ചത്. താന്‍ സന്ദര്‍ശിച്ച് ആരാധന നടത്തിയ അനവധി ക്ഷേത്രങ്ങളിലെ ദേവതകളെക്കുറിച്ച് നിര്‍മിച്ച ഹൃദ്യങ്ങളായ പദ്യങ്ങള്‍ ശിഷ്യന് ഗുരുവിനെ ചൊല്ലിക്കേള്പ്പിച്ചുകൊണ്ടിരിക്കെ, ”ഓച്ചിറയെക്കുറിച്ച് ഒന്നും എഴുതിയില്ലേ?” എന്ന് ഗുരു ചോദിച്ചു. ”അവിടെ ഒന്നും ഇല്ലല്ലൊ” എന്നു ശിഷ്യന്റെ മറുപടി. ”ഒന്നുമില്ലെങ്കില്‍ ഒന്നുമില്ലെന്ന് എഴുതിയേക്കണം” എന്ന് അര്‍ത്ഥഗംഭീരമായ ഗുരുവചനം. ആ തിരുവായ്മൊഴിയുടെ പൊരുളറിഞ്ഞ മഹാകവിയും മഹാവിദ്വാനുമായ ശിഷ്യന് തല്‍ക്ഷണം ആലോചനാമൃതമായ ഒരു ശ്ലോകം നിര്‍മിച്ചു ചൊല്ലിയത്രെ:
ചിത്തം നിത്യം നരീനര്ത്ത്വഖില ജഗദധിഷ്ഠാനകാഷ്ഠൈകനിഷ്ഠേ
സച്ചിത്സൗഖൈ്യകരസ്യേ പരികലിത ചിദാകാശ വിസ്ഫൂര്‍ത്തി മാത്രേ
സര്വാത്മന്യോച്ചിറാഖ്യേളദ്വയപരഭണിതം ശ്രൗതമുദ്യോദയദ്യദ്
ഭാതീവാസ്മിന് പരേ ദൈവത ഇഹ നിരുപാഖ്യാകൃതി ബ്രഹ്മരൂപേ
(സകല ചരാചരങ്ങള്‍ക്കും അധിഷ്ഠാനവും സച്ചിദാനന്ദരൂപവും അനന്തവും അദൃശ്യവും അദ്വൈതപ്രതിപാദിതമായ പരമസത്യത്തെ പ്രകാശിപ്പിക്കുന്നതും സര്‍വവ്യാപിയുമായ പരമാത്മതത്ത്വമത്രെ ഓച്ചിറക്ഷേത്രത്തില്‍ വിളങ്ങുന്നത്. ആ ബ്രഹ്മതത്ത്വത്തില്‍ എന്റെ മനസ്സ് എപ്പോഴും ആനന്ദനൃത്തം ചെയ്യുമാറാകട്ടെ)
എത്ര ദീപ്തമായ, ധന്യമായ സ്മരണ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: