കൊല്ലം: ജില്ലയിലെ വീഡിയോഷോപ്പുകളും, മൊബൈല്‍ഷോപ്പുകളും, മൊബൈല്‍ റീചാര്‍ജ്ജിംഗ് ഷോപ്പുകളും കേന്ദ്രീകരിച്ച് നടത്തിയ ആന്റീപൈറസി റെയ്ഡില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അശ്ലീല വീഡിയോകള്‍ മൊബൈലിലും, സിഡിയിലും പെന്‍ഡ്രൈവിലും പകര്‍ത്തിനല്‍കുന്ന രണ്ട് പേരെ കരുനാഗപ്പള്ളിയില്‍ പ്രത്യേക സംഘം അറസ്റ്റു ചെയ്തു. കരുനാഗപ്പള്ളി കോഴിക്കോട് എ.വി.മാര്‍ക്കറ്റിന് സമീപം ആശാന്റെ വടക്കതില്‍ സക്കീര്‍ഹുസൈന്‍(51), കരുനാഗപ്പള്ളി ഇടപ്പള്ളിക്കോട്ട പേരൂര്‍ക്കര ഫൈസല്‍ മന്‍സിലില്‍ സലാഹുദ്ദീന്‍ (43) എന്നിവരാണ് പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്നും 125 വ്യാജ സിഡികളും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തു. വരുംദിവസങ്ങളില്‍ കൊല്ലം നഗരത്തിലും പരിസരപ്രദേശങ്ങളിലും പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു. നഗരത്തിലെ കോളേജുകളും, സ്‌കൂളുകളും കേന്ദ്രീകരിച്ച് ഷാഡോപോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ അനവധി റെയ്‌സിംഗ് ബൈക്കുകളും, കാറുകളും 11 പൂവാലന്‍മാരെയും പിടികൂടുകയും ഇവര്‍ക്ക് ചെറിയ തോതിലുള്ള പിഴയും, താക്കീതും നല്‍കി വിട്ടയക്കുകയും ചെയ്തു. വരുംദിവസങ്ങളില്‍ ഇത്തരത്തിലുള്ള നിരീക്ഷണം കൂടുതല്‍ ശക്തമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. നഗരത്തില്‍ അമിതവേഗതയിലും ഉയര്‍ന്ന ശബ്ദത്തിലും ബൈക്ക് റേസിംഗ് നടത്തുന്നവരെ ഷാഡോ പോലീസിന്റെ സഹായത്തോടു കൂടി പിടികൂടുമെന്നും ഇത്തരക്കാരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
















