കൊല്ലം: ഭാരതത്തിന്റെ പൈതൃകവും സാംസ്‌കാരികപാരമ്പര്യവും പുതുതലമുറക്ക് പകര്‍ന്നുനല്‍കാന്‍ ഉതകുന്ന വിദ്യാഭ്യാസനയം അനിവാര്യമാണെന്ന് ദേശീയഅധ്യാപകപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്.ഗോപകുമാര്‍.
ദേശീയവിദ്യാഭ്യാസനയം സംബന്ധിച്ച് എന്‍ടിയു ജില്ലാ സമിതി സംഘടിപ്പിച്ച സെമിനാര്‍ പ്രസ് ക്ലബ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ആര്‍.ജയകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.
വിദ്യാഭ്യാസസംരക്ഷണസമിതി സംയോജക് എ.വിനോദ് വിഷയാവതരണം നടത്തി. ഗുണനിലവാരം ഉറപ്പുവരുത്തുന്നതും മൂല്യാധിഷ്ടിതവുമായ വിദ്യാഭ്യാസക്രമം രൂപീകരിക്കാന്‍ വിഭാവനം ചെയ്യുന്നതാണ് പുതിയ കരടുനയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യുനസ്‌കോ അടക്കമുള്ള വിദ്യാഭ്യാസഏജന്‍സികള്‍ മുന്നോട്ടുവയ്‌ക്കുന്നത് ഭാരതത്തിന്റെ വിദ്യാഭ്യാസത്തിന്റെ നയമാണെന്നും ഇവിടെ ഇടതുപക്ഷം അതിനെ എതിര്‍ക്കുകയാണെന്നും പി.കേശവന്‍നായര്‍ പറഞ്ഞു. ജിഡിപിയുടെ എട്ട് ശതമാനം വിദ്യാഭ്യാസത്തിന് നീക്കിവയ്‌ക്കണമെന്നും അധ്യയനദിനങ്ങളുടെ എണ്ണം കൂട്ടണമെന്നും പ്രൊഫ.കെ.ശശികുമാര്‍ പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസനയത്തോടുള്ള ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് ദേശീയതയോടുള്ള എതിര്‍പ്പിന്റെ പ്രതിഫലനമാണെന്ന് ബി.ബി.ഗോപകുമാര്‍ പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ ജാതിമതസ്വാധീനം ഒഴിവാക്കണമെന്നും ഏകീകൃതസ്വഭാവം കൊണ്ടുവരണമെന്ന് അഡ്വ.വി.കെ.സന്തോഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസനയത്തിലൂടെ മെക്കാളെ-മാക്‌സ് മുള്ളര്‍ അച്ചുതണ്ട് ഭാരതത്തില്‍ അടിച്ചേല്‍പ്പിച്ച വിദ്യാഭ്യാസസമ്പ്രദായത്തിന് മോചനമാര്‍ഗം തെളിയുമെന്ന് ഭാരതീയവിചാരകേന്ദ്രം ജില്ലാ ഉപാധ്യക്ഷന്‍ എസ്.വാരിജാക്ഷന്‍ ചൂണ്ടിക്കാട്ടി. ബി.ബിധു സ്വാഗതവും ടി.ജെ.ഹരികുമാര്‍ നന്ദിയും പറഞ്ഞു.
















