ശബരിമലയില്‍ ഇപ്പോള്‍ പ്രതിഷ്ഠിതമായ ദേവതാസങ്കല്‍പത്തെപ്പറ്റി- ശ്രീധര്‍മശാസ്താവോ അയ്യപ്പനോ, വിവാദങ്ങള്‍ കൊഴുക്കുന്ന അവസരത്തില്‍ ഈ ദൈവിക സങ്കല്‍പങ്ങളെപ്പറ്റിയുള്ള ഒരു പഠനം അവസരോചിതമാണ്. നിലവിലുള്ള പ്രാദേശിക ഐതിഹ്യകഥകള്‍, അയ്യപ്പന്‍പാട്ടുകള്‍ (തമിഴ്/മലയാളം), പ്രസിദ്ധീകൃതമായിട്ടുള്ള പുസ്തകങ്ങള്‍ ഇവയൊക്കെത്തന്നെയും ധാരാളം പൊരുത്തക്കേടുകളും യുക്തിഭംഗങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. ഇതിന് വ്യക്തമായ ഒരു ധാരണ സൃഷ്ടിക്കാനുതകുന്ന വിധമുള്ള ആഖ്യാനങ്ങള്‍ കാണുന്നില്ല.
ധര്‍മശാസ്താവിന്റെ അവതാരസമയത്തെപ്പറ്റി തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ട്. പാലാഴിമഥനത്തോടനുബന്ധമായുണ്ടായ മഹാവിഷ്ണുവിന്റെ ‘മോഹിനി’ അവതാരത്തില്‍, ഹരിഹരാത്മജനായി ധര്‍മശാസ്താവുണ്ടായി എന്ന കഥയ്‌ക്കാണ് ഏറെ പ്രചാരം. കൂര്‍മ്മാവതാരം, പാലാഴിമഥനവുമായി ബന്ധപ്പെട്ടുള്ളതാകയാല്‍, ഇത് ആദ്യയുഗങ്ങളില്‍ (സത്യയുഗങ്ങളില്‍) നടന്നിരിക്കാനാണ് സാധ്യത. അതോടനുബന്ധിച്ച് ധര്‍മശാസ്താവിന്റെ ജനനം ഉണ്ടായിട്ടുണ്ടെങ്കില്‍, അത് അതിപുരാതനമാകുന്നതാണ്- എങ്കില്‍ ഒന്നിലധികം പുരാണങ്ങളിലെങ്കിലും പ്രതിപാദ്യമുണ്ടാകേണ്ടതുമാണ്. എന്നാല്‍ സ്‌കന്ദപുരാണത്തിലും ബ്രഹ്മാണ്ഡപുരാണത്തിലും മാത്രമേ പ്രതിപാദ്യമുള്ളൂ. ശിവപുരാണത്തില്‍പോലും ഹരിഹരാത്മജകഥയില്ലാത്തതിനാല്‍, പുരാണങ്ങളുടെ രചനക്കുശേഷമാണ് ഈ അവതാരം എന്നുറപ്പിക്കാം.
പുരാണ പ്രോക്തമായ വൃകാസുരകഥയുണ്ട്. ഈ അസുരന് ഭസ്മാസുരനെന്നും ചൂണ്ടോദരനെന്നു തുടങ്ങി അനേകം പേരുകളുണ്ട്. ”തന്റെ കൈകള്‍ ആരുടെ ഉച്ചിയില്‍ തൊട്ടാലും അയാള്‍ മരിക്കണ”മെന്ന വരം പരമേശ്വരനില്‍നിന്ന് നേടിയ അസുരന്‍, പരീക്ഷണത്തിനായി ഭഗവാനെത്തന്നെ തെരഞ്ഞെടുത്തു. മഹാവിഷ്ണു ഒരിക്കല്‍ക്കൂടി ‘മോഹിനി’വേഷം സ്വീകരിച്ച്, അസുരനെ പ്രലോഭിപ്പിച്ച് സ്വന്തം തലയില്‍തന്നെ കൈവയ്‌പിച്ച്, അസുരന്റെ നാശം വരുത്തി. ഈ സന്ദര്‍ഭത്തിലാണ്, മോഹിനി-ശിവസമ്മേളനത്തിലൂടെ ധര്‍മശാസ്താവുണ്ടായത് എന്നൊരു ഐതിഹ്യവും നിലവിലുണ്ട്. ഇത് പാലാഴിമഥനത്തിനുശേഷം- വളരെക്കാലശേഷം ആകാം. ധര്‍മശാസ്താവിന്റെ ജനനം, പുരാണരചനകള്‍ക്കുശേഷമായതിനാല്‍ ഈ ഐതിഹ്യത്തിന് കൂടുതല്‍ സ്വീകാര്യത കൈവരുന്നു.
മാത്രമല്ല, മഹിഷി എന്ന അസുരസ്ത്രീ ദേവലോകം അടക്കിവാഴുമ്പോള്‍, ദേവാസുരന്മാരുടെ യോജിപ്പ് (പാലാഴിമഥനത്തിന്) ഉണ്ടാകാനിടയില്ലതാനും. കൂടുതല്‍ ചിന്തിക്കുമ്പോള്‍, ഒരുപക്ഷേ ബ്രഹ്മാണ്ഡപുരാണത്തിലോ സ്‌കന്ദപുരാണത്തിലോ ധര്‍മശാസ്താവിന്റെ കഥ, പ്രക്ഷിപ്തമെന്ന നിലയില്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതുമാകാനിടയുണ്ട്.
















