ജ്ഞാനാംബികയ്ക്കുശേഷം സ്വാതന്ത്ര്യ സമ്പാദന നാളുകള്‍ വരെ സിനിമ വിട്ട് മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്ത്തകനാകുന്ന ആലപ്പി വിന്‍സന്റിനെയാണ് നാം കാണുന്നത്. ഈ ചിത്രത്തിനുശേഷം 1948 ല്‍ ‘നിര്‍മ്മല’ വരുംവരെ മലയാള ചലച്ചിത്രരംഗം നിഷ്ക്രിയമായിരുന്നു. രണ്ടും തമ്മില്‍ അനുപാതപ്പെടുത്തേണ്ട കാര്യമില്ല. ‘നിര്‍മ്മല’ വന്നതില്‍ വിന്‍സന്റിനൊരു പങ്കുമില്ലല്ലോ. പക്ഷെ വീണ്ടും വിന്സന്റ്സിനിമയിലേക്കു ശ്രദ്ധതിരിക്കുന്നത് മുന്നൊരധ്യായത്തില് സൂചിപ്പിച്ചതുപോലെ നയപൂര്‍വ്വം നമ്മുടെ സിനിമയെ വ്യവസ്ഥവല്ക്കരിക്കാന് പാകത്തിന് ഒരു സ്ഥിരം നിര്‍മ്മാണകേന്ദ്രം ഇവിടെ ആവശ്യമായിരുന്ന കൃത്യസമയത്താണ്. യാദൃച്ഛികമാകാമെങ്കിലും വിന്സന്റില് കാലം നിര്‍ദ്ദേശിച്ചിരുന്ന ഒരു നിമിത്ത നിയോഗംകൂടി പുനര്ഃവായനയില് ഇതില്‍ നമുക്ക് കാണാനാകുന്നുണ്ട്.
മദിരാശിയില്‍ നിന്ന് തിരിച്ചെത്തിയ വിന്‍സന്റ് തിരുവിതാംകൂറില്‍ സര് സിപിയുടെ ദിവാന് ഭരണത്തിലെ കെടുതികള്‍ക്കെതിരെ സ്റ്റേറ്റ് കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പ്രക്ഷോഭണ വേദികളില്‍ സജീവമായി. ‘സംയുക്തമായി’ എന്നതിനിവിടെ അടിവരയിടുന്നു. 1947 നോടടുത്തുള്ള വിന്‍സന്റിന്റെ ചലച്ചിത്ര പുനര്‍പ്രവേശന നാളുകളില്‍ കമ്യൂണിസ്റ്റ് നേതാവായ ടി.വി. തോമസും കോണ്‍ഗ്രസ് പക്ഷത്തുനിന്നുള്ള ടി.എം. വര്‍ഗീസും അടക്കമുള്ള സമുന്നത നേതാക്കള്‍ രാഷ്ട്രീയഭേദാതീതമായാണ് വിന്സന്റിനു പിന്നിന്നത്.
ഉത്തരവാദ ഭരണത്തിനു വേണ്ടിയുള്ള പ്രക്ഷോഭം ശക്തമായപ്പോള്‍ 1932 ല്‍ തിരുവിതാംകൂറില്‍ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് നിയമസഭ പരിഷ്കരിച്ചതിന്റെ ഫലമായി ശ്രീമൂലം അസംബ്ലി എന്നും ശ്രീ ചിത്തിര സ്റ്റേറ്റ് കൗണ്‍സില്‍ എന്നും ദ്വിമണ്ഡല സഭകള്‍ നിലവില്‍ വന്നിരുന്നു. 1944 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ-ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ നിന്ന് എല്ലാ കക്ഷികളുടേയും പിന്‍ബലത്തോടെ മത്സരിച്ച് വിന്‍സന്റ് ശ്രീമൂലം കൗണ്‍സിലില്‍ അംഗമായി. മത്സര പ്രചാരണ രംഗത്ത് ടി.വി. തോമസായിരുന്നു വലംകൈ. എംഎല്‍സി എന്ന നിലയിലുള്ള വിന്‍സന്റിന്റെ പല നിലപാടുകളും സിപിയുടെ ക്രോധമുണര്‍ത്തി. വിന്‍സന്റ് പല യോഗങ്ങളിലും പ്രസംഗിക്കുന്നതിനെതിരെ നിരോധനമുണ്ടായി. അതു ലംഘിച്ചു പ്രസംഗിച്ചതിന്റെ പേരില്‍ വിന്‍സന്റിനെ അറസ്റ്റ് ചെയ്തു ക്രൂരമായി മര്‍ദ്ദിച്ചു. പോലീസിന്റെ തുടര്‍ച്ചയായ വേട്ടയില്‍ നിന്നൊഴിഞ്ഞുനില്ക്കാന് വിന്‍സന്റിന് എറണാകുളത്തുള്ള സഹോദരിയുടെ വീട്ടില്‍ പോയി മാറിനില്‍ക്കേണ്ടിവന്ന സന്ദര്‍ഭങ്ങളുമുണ്ടായി.
പി. കൃഷ്ണപിള്ള, എ.കെ. ഗോപാലന്, ആര്. സുഗതന്, പട്ടം താണുപിള്ള, ടി.എം. വര്‍ഗീസ് തുടങ്ങിയവരുമായി അടുത്ത ബന്ധം വിന്‍സന്റിനുണ്ടായിരുന്നു. അവര്‍ വിന്‍സന്റിന്റെ വീട്ടില്‍ രഹസ്യയോഗങ്ങള് നടത്തുകയും ഒളിവില്‍ താമസിക്കുകയും ചെയ്യുമായിരുന്നു.
1946 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുന്‍കൈയെടുത്തു നടത്തിയ സായുധ സമരം കാലപാകമെത്തും മുന്‍പുള്ള അതിസാഹസവും അതിനാല്‍ അബദ്ധവുമാണെന്ന് വ്യക്തിപരമായ നിലയില്‍ ടി.വി. തോമസിന് അഭിപ്രായമുണ്ടായിരുന്നു. അച്ചടക്കത്തിന്റെ പേരില്‍ അദ്ദേഹം പാര്‍ട്ടിയെ അനുസരിക്കുകയാണ് ചെയ്തത്. വിന്‍സന്റിന്റെ വിലയിരുത്തലും ടിവിയോട് യോജിച്ചുതന്നെയായിരുന്നു. തന്റെ പറമ്പിലെ അടയ്ക്കാമരങ്ങളത്രയും വെട്ടിമുറിച്ച് വാരിക്കുന്തങ്ങളാക്കി സായുധ സൈന്യത്തിനും പോലീസിനുമെതിരെ പടയ്ക്കിറങ്ങുന്ന സമര സഖാക്കളെ ആസന്നമായ മനുഷ്യക്കുരുതിയെക്കുറിച്ചുള്ള ദുരന്ത ദുശ്ശങ്കകളാല് ഉല്ക്കണ്ഠാകുലനായാണ് താന്‍ നോക്കിനിന്നിരുന്നത് എന്ന് വിന്‍സന്റ് പറഞ്ഞിട്ടുണ്ട്.
പുന്നപ്ര-വയലാര്‍ സമരത്തെത്തുടര്‍ന്ന് പട്ടാളവും പോലീസും കിരാതമായ താണ്ഡവമുറകളാണ് അഴിച്ചുവിട്ടത്. പോലീസുകാരുടെ മര്‍ദ്ദന മാമാങ്കത്തിന് നിഷ്ഠൂരമായ നേതൃത്വം നല്‍കിയത് സത്യനേശന് എന്ന ഇന്‍സ്പെക്ടറായിരുന്നു. സത്യനേശന് സത്യന് എന്ന പേരില്‍ പിന്നീട് മലയാള സിനിമയിലെ മുന്‍നിര നായകനായി മാറിയല്ലോ. ആലുവ അജന്താ സ്റ്റുഡിയോയില്‍ ഷൂട്ടിംഗിനു വന്ന സത്യനോട് അപ്പോഴും വിട്ടൊഴിയാത്ത നീരസത്തോടെ ഈ മര്ദ്ദനകാണ്ഠത്തെക്കുറിച്ചു പറയുമായിരുന്നു വിന്‍സന്റ്. അതിന് സത്യന് പറഞ്ഞ മറുപടിയുണ്ട്:
”അന്നു ഞാന്‍ സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന പോലീസ് ഉദ്യോഗസ്ഥനാണ്. മേലാവില്‍നിന്ന് പറയുന്നത് അനുസരിക്കുവാന്‍ ബാധ്യസ്ഥനാണ്. അന്നതായിരുന്നു പോലീസുമുറ. ഞാനത് സത്യസന്ധമായി പാലിച്ചു. പട്ടാളത്തിലായിരുന്നപ്പോഴും, എന്തിന് ഇപ്പോള്‍ അഭിനയിക്കുമ്പോഴും എന്റെ സമീപനം ഇതാണ്. ഏറ്റെടുക്കുന്ന നിയോഗം നൂറ് ശതമാനം ആത്മാര്‍ത്ഥമായി ചെയ്യുക!”
പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനാ നിര്‍മ്മാണസമിതിയെ തെരഞ്ഞെടുക്കേണ്ട ഘട്ടവും വന്നു 1948 ല്‍. വിന്‍സന്റിനെ വീണ്ടും മത്സരിപ്പിക്കാനായിരുന്നു പൊതുതാല്പര്യം. വിന്‍സന്റ് പക്ഷെ വഴങ്ങിയില്ല. ആ ശ്രദ്ധ വീണ്ടും സിനിമയിലേക്കു തിരിഞ്ഞിരുന്നു.
ചേലങ്ങാട്ടിന്റെ ഭാഷ്യം മറ്റൊന്നാണ്:
സിപിയുടെ നോട്ടപ്പുള്ളിയായിരുന്ന വിന്‍സന്റ് ദിവാന്റെ കണ്ണുവെട്ടിക്കാന്‍ വേണ്ടി നാമനിര്‍ദ്ദേശപത്രികയില്‍ ഇനീഷ്യല്‍ തെറ്റായി നല്കി. അതു മണത്തറിഞ്ഞ സിപി നോമിനേഷന് തള്ളി. അതോടെ മത്സരിക്കാനാവാതെയായ വിന്‍സന്റ് ‘തോല്‍ക്കാതെ തൊപ്പിയിട്ട് വീട്ടില്‍ ഇരിപ്പായി!”
സിനിമയിലേയ്ക്കു വീണ്ടും ശ്രദ്ധതിരിഞ്ഞപ്പോള്‍ വിന്‍സന്റിന്റെ പ്രായോഗിക ബുദ്ധിയുണര്‍ന്നു. അന്യനാട്ടിലെ നിര്മ്മാണകേന്ദ്രങ്ങളെ ആശ്രയിച്ചപ്പോള്‍ താന്‍ ബന്ധപ്പെട്ട രണ്ടു ചിത്രങ്ങള്‍ക്കും നേരിടേണ്ടിവന്ന ക്ലേശതിക്തതകള് വിന്‍സന്റ് ഓര്‍ത്തു. ‘നിര്‍മ്മല’യുടെയും തുടര്‍ന്ന് പി.ജെ. ചെറിയാന് നിര്‍മ്മിക്കാന്‍ ശ്രമിച്ച ‘കനവി’ന്റെയും അനുഭവം അതുതന്നെയായിരുന്നു. ‘പ്രഹ്ളാദ’ മാത്രമാണ് അല്‍പ്പമെങ്കിലും അപവാദമായത്. സംവിധായകന് കെ. സുബ്രഹ്മണ്യത്തിന് ചലച്ചിത്രരംഗത്തുണ്ടായ മേധാസ്വാധീനവും ചിത്രത്തിന്റെ പിന്നിലുണ്ടായിരുന്നത് തിരുവിതാംകൂറിലെ റീജന്റ് റാണിയും ദിവാനുമാണെന്ന വസ്തുതയും ആ ചിത്രത്തിന് അനുകൂല ഘടകങ്ങളായതാവാം.
‘പ്രഹ്ളാദ’ വിജയമായി. പി. സുബ്രഹ്മണ്യംപിള്ള നേമത്ത് മെരിലാന്റ് സ്ഥാപിച്ചു. പക്ഷെ ഫലത്തില്‍ അതൊരു ചിത്രനിര്‍മ്മാണ കേന്ദ്രമായി മാറുന്നത് 1952 ല്‍ ‘ആത്മസഖി’ നിര്‍മ്മിക്കുന്നതോടെയാണ്.മലയാളക്കരയില്‍ അന്നൊരു ചലച്ചിത്ര നിര്മ്മാണകേന്ദ്രമില്ല എന്നതായിരുന്നു അവസ്ഥ. വിന്‍സന്റിന്റെ ശ്രദ്ധയും ശ്രമവും ആ വഴിയ്ക്കായി. സ്വാഭാവികമായും അങ്ങനെയൊരു കേന്ദ്രം ആലപ്പുഴയുടെ പ്രകൃതിസുന്ദരമായ പശ്ചാത്തലത്തില്‍ വേണമെന്നു തോന്നി. ടി.വി. തോമസും അതിനെ പ്രോത്സാഹിപ്പിച്ചു. അതിനകം അറിയപ്പെടുന്ന തൊഴിലാളി നേതാവായി മാറിക്കൊണ്ടിരുന്ന ടി.വി ചലച്ചിത്രകേന്ദ്രം വാരിക വഴി ആലപ്പുഴക്കു പ്രാപ്യമാകാവുന്ന വികസന സാധ്യതകളെയും മനസ്സില്‍ കണ്ടു.
ഒരു സ്ഥിരം നിര്മ്മാണകേന്ദ്രമുണ്ടായാല് പതിവായി ചിത്രങ്ങള്‍ നിര്‍മ്മിക്കാനാകും. സിനിമയ്ക്കിവിടെ വേരുകളുണ്ടാകും. ഇതൊരു വ്യവസ്ഥിതിയാകും. വ്യവസായമാകും. അതിലൂടെ മാത്രമേ മലയാള സിനിമയ്ക്കു മുന്നോട്ടു പോകുവാനാകൂ.
എല്ലാറ്റിനും ഒരു തുടക്കം വേണമല്ലോ; അതിനാദ്യം സാമ്പത്തിക സമാഹരണം വേണം.
പഴയകാലത്തെ കുഞ്ഞിത്തൈ തുറമുഖത്തെ പ്രധാന വര്‍ത്തക പ്രമാണിയായിരുന്ന കുരിശുങ്കല്‍ ചെന്തേരയുടെ പിന്മുറക്കാരായിരുന്നു ചെട്ടിക്കാട്ടെ കുരിശിങ്കല്‍ കുടുംബക്കാര്. വലിയ ഭൂവുടമകളും കയര്‍ ഫാക്ടറിയുടമസ്ഥരും ആയിരുന്നു അവരുടെ സുഹൃത്തായിരുന്നു ടി.വി.
കുടുംബത്തില്‍ മൂത്തയാള്‍ ഹര്‍ഷന്‍പിള്ള. പിന്നെ ആന്പിള്ള, റാംപിള്ള, ആനന്ദംപിള്ള. നാലുപേരും ചേര്‍ന്ന് ഹര്ഷന് ബ്രദേഴ്സ് എന്നാണറിയപ്പെട്ടിരുന്നത്. അവരുടെ ഇളയസഹോദരി അമലമ്മയുമായുള്ള വിന്‍സന്റിന്റെ വിവാഹത്തിനു മുന്‍കൈയെടുത്തത് ടി.വിയാണ്. വിന്‍സന്റിന്റെയും ടിവിയുടെയും സ്ഥിരം ചലച്ചിത്രനിര്മ്മാണകേന്ദ്ര സ്ഥാപനശ്രമങ്ങളില്‍ സ്വാഭാവികമായും അവരും സഹകരിക്കുവാന്‍ തയ്യാറായി; ആദ്യ എസ്റ്റിമേറ്റിന്റെ ഗണ്യമായൊരു ഭാഗം ഹര്‍ഷന്‍പിള്ള ബ്രദേഴ്സ് മുടക്കുവാന്‍ മുന്പോട്ടുവന്നു.
എസ്റ്റിമേറ്റ് എന്നു പറയുന്നത് ഒരു ഊഹക്കണക്കാണ്. സേലത്തും മദിരാശിയിലും ആദ്യവസാനക്കാരനായി കൂടെ നിന്നെങ്കിലും ആവക കൃതതകളൊന്നും വിന്‍സന്റ് ആര്‍ജിച്ചിരുന്നില്ല. മുടക്കുമുതല്‍ ഇനിയും വേണ്ടിവരും. അതിനുള്ള സാധ്യതകള്‍ മുന്‍പേ മനസ്സില്‍ കാണണം.
ആദ്യം അങ്ങനെയൊരു കേന്ദ്രം ചെറിയതോതിലെങ്കിലും തുടങ്ങാം. കുറഞ്ഞപക്ഷം ഒരു ബോര്‍ഡെങ്കിലും സ്ഥാപിക്കാം. പിന്നെ അതിനു ചുറ്റുമായി ഓരോേന്നാരോന്നായി ഇണക്കിക്കൂട്ടാം.
പുളിങ്കുന്ന് ഗ്രാമത്തിലെ മാളിയം പുരയ്ക്കല്‍ തറവാട്ടുകാര് കൃഷിക്കാരായിട്ടാണു വേരുകള്‍ നേടിയതെങ്കിലും കാലത്തിനൊത്തു മാറുന്നതില്‍ ജാഗരൂകമായ ശ്രദ്ധ പുലര്‍ത്തിയിരുന്നു. പാടവരമ്പുകളില്‍ ചവുട്ടികറക്കുന്ന ചക്രങ്ങള്‍ക്കുപകരം എഞ്ചിനുകള്‍ സ്ഥാപിച്ചു. മോട്ടോറുകള്‍ വഴി ജലസേചനം നടത്തുന്ന പരിഷ്കാരം ഇവരാണാദ്യം പരീക്ഷിച്ചത്. വാണിഭ സാധ്യതകള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി വിസ്താര സൗകര്യമുള്ള ചന്തകളും നെല്ലുകുത്തു മില്ലുകളും കൊപ്രയാട്ടുമില്ലുകളും സ്ഥാപിച്ചശേഷം ഇവരുടെ ശ്രദ്ധ ബോട്ട് സര്‍വീസിലേക്കു തിരിഞ്ഞു. കല്‍ക്കരിക്കു പകരം മണ്ണെണ്ണ ഉപയോഗിച്ച് സര്‍വ്വീസുകള്‍ ഇവര്‍ കാര്യക്ഷമമാക്കി.
ആലപ്പുഴയില്‍ കയര്‍ ഫാക്ടറികള്‍ പലതുമുണ്ടെങ്കിലും ശവക്കോട്ടപ്പാലത്തിനടുത്ത് ഇന്ന് ഇഎസ്ഐ ആശുപത്രി പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് മാളിയംപുരയ്ക്കല്‍ മാണി ചാക്കോ തുടങ്ങിയ ഫാക്ടറിയായിരുന്നു മലയാളിയുടേതു മാത്രമായി സ്ഥാപിതമാകുന്ന ആദ്യത്തെ കയര്‍ ഫാക്ടറി.
മാണി ചാക്കോയുടെ എട്ടു മക്കളില്‍ മൂത്തവനായി പിറന്ന എം.സി. ചാക്കോ എന്ന കുഞ്ചാക്കോ തൃശ്ശിനാപ്പള്ളിയില്‍ പുരോഹിതര്‍ നടത്തിവന്ന സെന്റ് തോമസ് കോളേജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാതെ നാട്ടിലേക്കു മടങ്ങി. കുഞ്ചാക്കോയെ മാണി ചാക്കോ ആലപ്പുഴയിലെ കയര്‍ ഫാക്ടറിയുടെ ചുമതല ഏല്‍പ്പിച്ചു.
കന്നിക്കാരനായ തനിയ്ക്കു നേട്ടങ്ങളുടെ പുതിയ വഴികള്‍ സ്വന്തമാക്കണമെങ്കില്‍ പരിചയസമ്പന്നരായ ഉപദേഷ്ടാക്കള്‍ വേണമെന്ന് തിരിച്ചറിഞ്ഞ കുഞ്ചാക്കോ ഹര്‍ഷന്‍പിള്ളയുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുപോന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തേടുക മാത്രമല്ല അവയില്‍ കാലോചിതമായ മാറ്റങ്ങള്‍ ഉള്വേശിപ്പിക്കുകയും ചെയ്യുവാന്‍ ബദ്ധശ്രദ്ധനായിരുന്ന കുഞ്ചാക്കോ ക്രമേണ കയര്‍ വ്യവസായത്തില്‍ മുന്‍നിരയിലെത്തി. കയറുല്പ്പന്നങ്ങളില് നിറങ്ങള്‍ ഇടചേര്‍ത്തു അവയ്ക്കു വിപണിയില്‍ പ്രിയമേറ്റി. ചില്ലറ പരിപാടികളാണെങ്കിലും ഉപഭോക്താവിനെ പെട്ടന്നു വശീകരിക്കുന്ന കൗശലവിദ്യകള്‍ തേടുവാന്‍ കുഞ്ചാക്കോയ്ക്കു പ്രത്യേക സിദ്ധിയുണ്ടായിരുന്നു.
പുതിയ വഴികളിലൂടെ വ്യവസായം വൈവിധ്യവല്ക്കരിക്കണമെന്നു തോന്നിയപ്പോള്‍ അബ്കാരി മേഖലയിലായി അടുത്ത പരീക്ഷണം. അങ്കം വെട്ടി ജയിച്ച് കൊല്ലം, ആലപ്പുഴ ഭാഗത്തെ കള്ളുഷാപ്പുകള്‍ മൊത്തം ലേലത്തില്‍ പിടിച്ചു കുത്തക സ്വന്തമാക്കി.
ടി.വി. തോമസുമായി കുഞ്ചാക്കോയ്ക്കുണ്ടായിരുന്ന ബന്ധമാണ് കുഞ്ചാക്കോയുടെ ശ്രദ്ധ ചലച്ചിത്ര വ്യവസായത്തിലേക്ക് തിരിയുന്നതിനു നിമിത്തമായത്. പക്ഷെ കുഞ്ചാക്കോ ഇതിലേക്കു വരുംമുന്പ് ആദ്യം കമ്പനിയുണ്ടാകണം. അതിന് ചലച്ചിത്ര നിര്‍മ്മാണ കമ്പനിക്ക് ഒരു പേരുവേണം; ‘ഉദയാ’ എന്നത് വിന്‍സന്റിന്റെ നിര്‍ദ്ദേശമായിരുന്നു. ‘ഉദയാ പ്രൊഡക്ഷന്‍സ്’ എന്നായാലോ? പുതുമ പോരെന്നൊരു ശങ്ക! പേരില്‍ തന്നെ എന്തെങ്കിലും ലക്ഷണക്കേട് പതിയിരിക്കുന്നുണ്ടോ?
ഭാഷാപണ്ഡിതനായ സ്വാമി ബ്രഹ്മവ്രതനുമായി ആലോചിക്കാമെന്നായി. ആലോചിച്ചുവെന്നും സര്‍വ്വത്ര കുഴപ്പമാണെന്ന് സ്വാമി ബ്രഹ്മവ്രതന് മുന്നറിയിപ്പ് നല്‍കിയത് വിന്‍സന്റ് മറച്ചുവച്ചിട്ടാണ് ഉദയാ പിക്ച്ചേഴ്സ് തുടങ്ങിയതെന്നുമാണ് ചേലങ്ങാട്ട് ഭാഷ്യം. ഏതു വ്യവസായത്തിന്റെ ആദ്യപാദത്തിലുണ്ടാകാവുന്ന ബാലാരിഷ്ടതകള്‍ മാറ്റിനിര്‍ത്തിയാല്‍ മലയാളത്തിലെ നിര്‍മ്മാണ പ്രസ്ഥാനങ്ങളിലൊന്നായാണ് ഉദയാ ചരിത്രത്തില്‍ ഇടചേര്‍ന്നത്. തെറ്റിയത് സ്വാമി ബ്രഹ്മവ്രതനോ, അതോ ദോഷൈക പരാമര്‍ശ വ്യഗ്രതയില്‍ ചേലങ്ങാടന് വിവരണം വിരുദ്ധശ്രുതി ചേര്‍ന്നതോ എന്ന ചോദ്യം നമുക്കു ചോദിക്കാതിരിയ്ക്കാം.
(അടുത്ത ലക്കത്തില്‍ ഉദയ കണ്‍തുറക്കുന്നു…!)
പ്രതികരിക്കാൻ ഇവിടെ എഴുതുക: