മറയൂര്‍: യുവാവിനെ ചന്ദനമോഷണക്കേസില്‍ കുടുക്കി ജയിലിലടയ്‌ക്കാന്‍ നീക്കം നടക്കുന്നതായി പരാതി. മറയൂര്‍ പാറപ്പെട്ടി സ്വദേശി സൂര്യയാണ് മറയൂര്‍ പോലീസില്‍ പരാതിയുമായി എത്തിയിരിക്കുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സൂര്യയുടെ വീടിന് തൊട്ടടുത്ത് ചന്ദന റിസര്‍വ്വില്‍ നിന്ന് ഇരുനൂറ് ഗ്രാം ചന്ദനം തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ഈ ചന്ദനം പോലീസ് പിടിച്ചെടുത്തു. സൂര്യ മുന്‍പ് ചന്ദനമോഷണക്കേസില്‍ പിടിയിലായിരുന്നു. കുറച്ചുനാള്‍ മുന്‍പ് വനംവകുപ്പ് ജീവനക്കാര്‍ സൂര്യയുടെ വീട്ടില്‍ അതിക്രമം നടത്തിയിരുന്നു. സൂര്യയ്‌ക്കും അമ്മയ്‌ക്കും ഈ സംഭവത്തില്‍ പരിക്കേറ്റിരുന്നു. ഇതില്‍ മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് സൂര്യയെ ചന്ദനമോഷണക്കേസില്‍ കുടുക്കാന്‍ നീക്കം നടക്കുന്നത്. കഴിഞ്ഞ ദിവസം ചന്ദനമോഷണക്കേസില്‍ വനംവകുപ്പ് സൂര്യയെ കുടുക്കുമെന്ന് ഒരു ഫോണ്‍ സന്ദേശം വന്നിരുന്നു. ഇതിന് പിന്നാലെയാണ് സൂര്യയുടെ വീടിന് തൊട്ടടുത്ത് ചന്ദനം പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മറയൂരില്‍ വനംവകുപ്പ് നിയമ ലംഘനം നടത്തുന്നെന്ന പരാതി വ്യാപകമായിരിക്കുകയാണ്.
















