
കട്ടപ്പന: വീട്ടില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന മ്ലാവിന്‍കൊമ്പ് പിടികൂടി. കട്ടപ്പന കൈരളിപ്പടി തോണിക്കര ടോമി ചാക്കോയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന രണ്ട് മ്ലാവിന്‍കൊമ്പുകളാണ് കട്ടപ്പന എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിച്ചെടുത്തത്.
ഇന്നലെ വൈകിട്ട് നാല് മണിയോടെ രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇയാളുടെ വീട്ടില്‍ പരിശോധനയ്‌ക്ക് പോലീസ് സംഘം എത്തിയത്. വീടിന് സമീപത്തെ വിറകുപുരയില്‍ നിന്നാണ് കൊമ്പ് പിടിച്ചെടുത്തത്. പ്രതിയെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
എട്ട് വര്‍ഷം മുമ്പ് കോട്ടയത്ത് ജോലിക്ക് പോയപ്പോള്‍ കിട്ടിയതാണ് മ്ലാവിന്‍കൊമ്പെന്നാണ് പ്രതി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മൊഴി നല്‍കിയത്.
മ്ലാവിന്‍കൊമ്പ് ലഭിച്ചതിനെക്കുറിച്ച് വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.
















