മറയൂര്‍: വൃദ്ധമാതാവിനെ വീട്ടില്‍ പൂട്ടിയിട്ട് മകളും ഭര്‍ത്താവും പ്രാര്‍ത്ഥനയക്ക് പോയി. മൂന്ന് ദിവസമായി ആഹാരമില്ലാതെ ഗുരുതര സ്ഥിതിയിലായ വൃദ്ധയെ ആശുപത്രിയിലാക്കിയത് മറയൂര്‍ എസ്.ഐ ലോറന്‍സിന്റെ നേതൃത്വത്തിലുള്ള സംഘം. കാന്തല്ലൂര്‍ ടൗണില്‍ താമസിക്കുന്ന രത്‌നമ്മ (90) ആണ് ഗുരുതര സ്ഥിതിയില്‍ മറയൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇപ്പോള്‍ കഴിയുന്നത്. നാല് ദിവസം മുന്‍പാണ് ഇവരുടെ മകള്‍ ലിന്‍ഡയും ഭര്‍ത്താവ് ജസ്റ്റിനും കൂടി തിരുവനന്തപുരത്തിന് പ്രാര്‍ത്ഥനയ്‌ക്ക് പോയത്. പെന്തക്കോസ്ത് വിഭാഗത്തില്‍പ്പെട്ട ഇവര്‍ അമ്മ രത്‌നമ്മയെ മുറിക്കുള്ളില്‍ അടച്ചതിന് ശേഷമാണ് പ്രാര്‍ത്ഥനയ്‌ക്ക് പോയത്. ആഹാരവും വെള്ളവും ലഭിക്കാതെ കട്ടിലില്‍ നിന്നും താഴെ വീണ് കിടക്കുന്ന വൃദ്ധമാതാവിന്റെ ദയനീയ സ്ഥിതി നാട്ടുകാരാണ് മറയൂര്‍ പോലീസില്‍ അറിയിച്ചത്. ജനമൈത്രി പോലീസ് സ്ഥലത്തെത്തി രത്‌നമ്മയെ ആശുപത്രിയിലാക്കി. മകളെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞപ്പോള്‍ മൂന്ന് ദിവസം കൂടി പ്രാര്‍ത്ഥന ഉണ്ടെന്നും എന്നിട്ടേ തിരിച്ചെത്തൂ എന്നുമാണ് അറിയിച്ചത്. ഇതേത്തുടര്‍ന്ന് രക്ഷിതാക്കളെ പരിചരിക്കാത്തതിനും അന്യായമായി തടങ്കലില്‍ വച്ചതിനും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടികൂടാന്‍ സൈബര്‍ സെല്ലിന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്. പോലീസ് അവസരോചിതമായി ഇടപെട്ടതിനാലാണ് രത്‌നമ്മയ്‌ക്ക് ജീവന്‍ തിരിച്ച് കിട്ടിയത്.
















