മുളങ്കുന്നത്തുകാവ്: കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി ഗവ. മെഡിക്കല്‍ കോളേജ് നെഞ്ചുരോഗ ആശുപത്രിയില്‍ ഭാഗികമായി പ്രവര്‍ത്തിച്ചിരുന്ന റേഡിയേഷന് യന്ത്രം നിശ്ചലമായി. ശനിയാഴ്ച രാത്രിയോടുകൂടിയാണ് സോഫ്റ്റ് വെയര്‍ തകരാര്‍ മൂലം യന്ത്രം പ്രവര്‍ത്തനരഹിതമായത്.
ഞായറാഴ്ച രാവിലെ മുതല്‍ മുടങ്ങിയ റേഡിയേഷനുകള്‍ ചെയ്യുമെന്ന് പറഞ്ഞുവെങ്കിലും ഞായറാഴ്ചയും തിങ്കളാഴ്ചയും ഇതിന്റെ തകരാര്‍ പരിഹരിക്കുവാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ റേഡിയേഷന് അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. കാലഹരണപ്പെട്ട ഈ യന്ത്രം കാലങ്ങളായി തുടര്‍ച്ചയായി തകരാറിലാണ്.
മാസങ്ങള്‍ക്ക് മുമ്പ് യന്ത്രം തകരാറായതിനെത്തുടര്‍ന്ന് രോഗികള്‍ ഏറെ ദുരിതം അനുഭവിക്കേണ്ടിവന്നു. ഇതേത്തുടര്‍ന്ന് രോഗികളെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് പറഞ്ഞുവിടുകയായിരുന്നു. പിന്നീട് ദിവസം 20രോഗികള്‍ എന്ന നിലക്ക് റേഡിയേഷന് നടത്തിവരികയായിരുന്നു. അതിനിടെയാണ് യന്ത്രം ഇപ്പോള്‍ നിശ്ചലമായത്. യന്ത്രത്തിന്റെ അറ്റകുറ്റപ്പണിക്കായി മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ഒരുകോടി രൂപ അനുവദിച്ചിരുന്നു. കൂടാതെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര ഒന്നരകോടി രൂപയും അനുവദിച്ചിരുന്നു.
സര്‍ക്കാര്‍ ഈ തുക അനുവദിച്ചുനല്‍കുവാന്‍ തയ്യാറായിട്ടില്ല. പുതിയ ലിനിയര്‍ ആക്സിലെറ്റര്‍ യന്ത്രം വാങ്ങിക്കുവാന്‍ മുന്‍ സര്‍ക്കാര്‍ 13 കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചുവെങ്കിലും സ്ഥലം അളന്ന് തിട്ടപ്പെടുത്തുകമാത്രമാണ് ഇതുവരെ ചെയ്ത പ്രവൃത്തി. ആശുപത്രിക്ക് സമീപം ഇതിനാവശ്യമായ സ്ഥലം അളന്ന് തിട്ടപ്പെടുത്തി നിര്‍മാണപ്രവര്‍ത്തികള്‍ ആരംഭിക്കുവാന്‍ ആദ്യഘട്ടത്തിനുള്ള അപേക്ഷ നല്‍കിയെന്നാണ് നിര്‍മാണ സമിതി അംഗങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതിന് നടപടികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. പാവപ്പെട്ട കാന്‍സര്‍ രോഗികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധികൃതരും താല്പ്പര്യമെടുക്കുന്നില്ലെന്നതിന് ഉദാഹരണമാണ് ഇത്തരം സംഭവങ്ങള്‍. പാലക്കാട്, തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളില്‍ നിന്ന് നൂറുകണക്കിന് കാന്‍സര്‍ രോഗികളാണ് ആശുപത്രിയെ ആശ്രയിച്ചെത്തുന്നത്. ഒരു കാന്‍സര്‍ രോഗബാധിതനായ രോഗിക്ക് ഒന്നുമുതല്‍ 30വരെ റേഡിയേഷനുകളാണ് മിനിമം വേണ്ടിവരുന്നത്.
ഇതില്‍ പല രോഗികളും ഒന്നുമുതല്‍ 10വരെ റേഡിയേഷന് എടുത്തവരാണ്. എന്നാല്‍ യന്ത്രത്തകരാര്‍ മൂലം ഇടയ്ക്ക് റേഡിയേഷന് നിലച്ചാല്‍ രോഗികള്‍ക്ക് മറ്റ് ദൂഷ്യഫലങ്ങള്‍ ഉണ്ടാകും. ഇത്തരം ദൂഷ്യവശങ്ങളെക്കുറിച്ച് വളരെ കൃത്യമായി അറിയാമായിരുന്നിട്ടും ആറുമാസമായി യന്ത്രത്തിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യാത്തത് ദുരൂഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: