ആഹ്ലാദസുഖങ്ങള്‍ നിരുപാധികം സ്വയം അനുഭവിക്കുകയും പങ്കിടുകയും ചെയ്യുമ്പോഴാണ് ജീവിതം ആനന്ദനിര്‍ഭരമാവുന്നത്. അശാന്തിയും അസമാധാനവും മാത്രമേ ഉള്ളുവെങ്കില്‍ എന്തു ജീവിതം? ശാന്തിപാഠങ്ങളാകവേ മനുഷ്യ പ്രകൃതിയേയും മനുഷ്യാവസ്ഥയേയും സംഘര്‍ഷവിമുക്തമാക്കി സമാധാനത്താല്‍ ആനന്ദപൂര്‍ണ്ണമാക്കുവാനായുള്ളതാണ്. ആനന്ദലബ്ധിയില്ലെങ്കില്‍ ആധ്യാത്മികജീവിതം നിരര്‍ത്ഥകമാകും.
പരമമായ ആനന്ദത്തിലേക്ക് ജീവിതത്തെ ഉയര്‍ത്തിനിര്‍ത്തി ആധ്യാത്മികദര്‍ശനമരുളുവാന്‍ ഋഷിവര്യന്മാര്‍ എന്തെന്തെല്ലാം പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നു. ശരീരമനസ്സുകളെ ഒരൊറ്റ ഏകകമായി കണക്കാക്കി ഭഗവത്ഗീത ‘യോഗം’ വിധിക്കുകയായി. അതിനാല്‍ രണ്ടു നിര്‍വ്വചനങ്ങള്‍ ഗീതാകര്‍ത്താവ് യോഗത്തിനു നല്‍കുന്നു. ‘സമത്വം യോഗമുച്യതേ’ എന്നാദ്യം. ശീതോഷ്ണം, ജയപരാജയം, മാനാപമാനം, സുഖദുഖം എന്നീ വിരുദ്ധദ്വന്ദ്വങ്ങളിലെ സന്തുലിതമായ മനോനിലയാണ് ഈ നിര്‍വ്വചനത്തിലെ യോഗം.
ഈ നിര്‍വ്വചനത്തിലെ സമാനദൃഷ്ടിയുള്ള യഥാര്‍ത്ഥയോഗിക്ക് ഒരു വിശേഷണം കൂടി ഗീത നല്‍കുന്നുണ്ട്- സ്ഥിതപ്രജ്ഞന്‍. ‘യോഗഃ കര്‍മ്മസു കൗശലം’ എന്ന് ഗീതയിലെ രണ്ടാം നിര്‍വ്വചനം. ആസക്തിയും ഫലപ്രതീക്ഷയും കൂടാതെ കര്‍മ്മം ചെയ്യുന്നതിനുള്ള സാമര്‍ത്ഥ്യമാണ് ഇവിടെ യോഗം. ഭാരതീയ ചിന്തയില്‍ ദര്‍ശനികമാനം കൈവന്ന പദമാണ് യോഗം. മാനവനെ മാധവനാക്കി ഉയര്‍ത്തുക എന്നതാണ് ക്ഷേത്രവിത്തുകളായ യുഗാചാര്യന്മാരുടെ പ്രഖ്യാപിതലക്ഷ്യം.
















