കൊടുവള്ളി: പുഴയുടെ നീരൊഴുക്ക് തടയുംവിധം പുഴയോരം ഇടിച്ച് കളിസ്ഥലം നിര്‍മ്മിച്ചതായി പരാതി. പൂനൂര്‍ പുഴയില്‍ കിഴക്കോത്ത് വില്ലേജ് ഓഫിസ് പരിധിയില്‍പ്പെട്ട കച്ചേരിമുക്ക് തയ്യില്‍കടവിലാണ് പ്രദേശത്തെ ക്ലബിന്റെ നേതൃത്വത്തില്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് കഴിഞ്ഞ ദിവസം കളിസ്ഥലം നിര്‍മ്മിച്ചത്. പത്ത് മീറ്ററോളം വീതിയില്‍ പുഴയിലേക്ക് മണ്ണിടിച്ച് നികത്തിയതായാണ് പരാതിയില്‍ പറയുന്നത്. വര്‍ഷകാലത്ത് ഈ മണ്ണ് പുഴയെടുക്കുകയും, സമീപത്തെ പുഴയോരങ്ങളിലെ പറമ്പുകള്‍ ഇടിയാനും കാരണമാകുമെന്നാണ് പറയുന്നത്.
പ്രദേശത്ത് കളിസ്ഥലം നിര്‍മ്മിക്കാന്‍ ഇതു വരേയും ആരും അനുമതി നല്‍കിയിട്ടില്ലത്രെ. അനുമതിയില്ലാതെ പുഴയോരം ഇടിച്ച് കളിസ്ഥലം നിര്‍മ്മിച്ച നടപടിക്കെതിരെ പുഴയോര പറമ്പുടമകള്‍ കൊടുവള്ളി പൊലിസ് ,നഗരസഭ സെക്രട്ടറി, കിഴക്കോത്ത് പഞ്ചായത്ത് സെക്രട്ടറി, കിഴക്കോത്ത് കൊടുവള്ളി വില്ലേജ് ഓഫിസര്‍മാര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
















