പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ ആറുനിലയുള്ള പുതിയ ഒ.പി ബ്ലോക്ക് നിര്‍മിക്കുമെന്നും ഇതിനായി പുതിയ സര്‍ക്കാരിന്റെ ബജറ്റില്‍ പത്തുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.
ആശുപത്രിയുടെ ചുമതല നഗരസഭയ്ക്കു വിട്ടുനല്‍കിയശേഷം പുനഃസംഘടിപ്പിച്ച ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. ജനറല്‍ ആശുപത്രിയെ സ്പെഷ്യലിസ്റ്റ് ആശുപത്രിയായി ഉയര്‍ത്തുന്നതിന് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്നും സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന ആശുപത്രിയിലെ സേവനങ്ങള്‍ യഥാവിധി നല്‍കുന്നതിന് ജനകീയ ഇടപെടലുകള്‍ നടത്തി കാര്യക്ഷമമാക്കുമെന്നും എം.എല്‍.എ പറഞ്ഞു.
ആശുപത്രിയുടെ വികസനത്തിന് എല്ലാ ഭാഗത്തുനിന്നുമുള്ള സഹകരണമുണ്ടാകണമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നല്കുന്ന സേവനം ജീവകാരുണ്യ പ്രവര്‍ത്തനമായി കരുതണമെന്ന് വൈസ് ചെയര്മാന് പി.കെ ജേക്കബ് പറഞ്ഞു. ആംബുലന്‍സ് സര്‍വീസ്, സ്കാനിംഗ്, ഡോക്ടര്‍മാരുടെ സേവനം എന്നിവയെ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു.
നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍, ആശുപത്രി സൂപ്രണ്ട് ആര്.ശ്രീലത, നഗരസഭാ സെക്രട്ടറി എ.എം മുംതാസ്, ഗവേണിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: