തൃശൂര്‍: പാലിയേക്കര ടോള്‍ കമ്പനിക്കും സര്‍ക്കാരിനും മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. കരാര്‍ ലംഘനം, ടോള്‍ പിരിവ് ചട്ടം ലംഘിച്ച് വാഹനങ്ങളെ മണിക്കൂറുകളോളം തടഞ്ഞിട്ട് ഗതാഗത കുരുക്കുണ്ടാക്കിയുള്ള പിരിവെടുക്കല്‍, അനധികൃതമായി പൊലീസിനെ ഉപയോഗിച്ച് സംരക്ഷണം തേടല്‍ എന്നിവ ചൂണ്ടിക്കാട്ടി എഐ വൈഎഫ് ജില്ലാ കമ്മിറ്റി നല്കിയ പരാതിയിലാണ് കമ്മിഷന്റെ നടപടി.
ടോള്‍ പിരിക്കുന്ന ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജര്‍, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തൃശൂര്‍ ജില്ലാ കലക്ടര്‍ എന്നിവര്‍ക്കാണ് നോട്ടീസയക്കാന്‍ കമ്മിഷനംഗം കെ.മോഹന്‍കുമാര്‍ ഉത്തരവിട്ടത്. മണ്ണുത്തിഅങ്കമാലി പാത വികസന കരാര്‍ലംഘനത്തിലും ഇവര്‍ക്കെതിരെയുള്ള പരാതിയില്‍ നോട്ടീസിന് കമ്മീഷന് ഉത്തരവിട്ടു.
സമാന്തര പാത നിര്‍മ്മാണമുള്‍പ്പെടെയുള്ള കരാര്‍ പാലിച്ചിട്ടില്ലെന്ന് കാണിച്ച് ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് നല്കിയ പരാതി കമ്മിഷന് നടപടികള്‍ക്കായി മാറ്റിവെച്ചു. ടോള്പഌസയിലെ കരാര്‍ലംഘനത്തില്‍ നേരത്തെ ലഭിച്ച പരാതികളില്‍ നോട്ടീസ് അയച്ചിട്ടും ഹാജരാവാതിരുന്നത് വ്യക്തമാക്കിയാണ് വീണ്ടും നോട്ടീസിനുള്ള കമ്മിഷന്റെ നടപടി. കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് നിക്ഷേപകരെ കബളിപ്പിച്ച അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് തട്ടിപ്പില്‍ നടന് മമ്മൂട്ടിയെയും പ്രതി ചേര്‍ക്കണമെന്ന നിക്ഷേപകരുടെ പരാതി കമ്മിഷന് ഫയലില്‍ സ്വീകരിച്ചു.
മമ്മൂട്ടി അവതാര്‍ ഗോള്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു. മമ്മൂട്ടിയെ ഉയര്‍ത്തിക്കാട്ടിയായിരുന്നു നിക്ഷേപം ആകര്‍ഷിച്ചത്. മമ്മൂട്ടിക്ക് ഇതില്‍ പൂര്‍ണ്ണ ഉത്തരവാദിത്വമുണ്ട്. പ്രശ്നത്തില്‍ ഇതുവരെയും മമ്മൂട്ടി ഇടപെട്ടിട്ടില്ലെന്നും മമ്മൂട്ടിയെയും പ്രതി ചേര്‍ക്കണമെന്നും തട്ടിപ്പ് നടത്തിയ പ്രതികളായ മറ്റ് ഉടമകളെയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ളതാണ് പരാതി.
വിയ്യൂര്‍ ജയിലില്‍ മനുഷ്യാവകാശ ലംഘനമെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മിഷന് പരാതിക്കൂമ്പാരം. പരാതികളില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് ജയില്‍ ഡി.ജി.പിക്ക് കമ്മീഷന് നിര്‍ദ്ദേശം നല്കി. തടവുകാരും, ഡെപ്യൂട്ടി ജയിലറും, അസി. പ്രിസണറുമുള്പ്പെടെയുള്ളവരുടെ ഏഴ് പരാതികളാണ് ജയിലുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച കമ്മിഷന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: