തൃശൂര്‍:ദളിത് യുവാവിനെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മാതാപിതാക്കള്‍.നാട്ടിക സെന്ററിന് വടക്കു ഭാഗം പുത്തന്‍തോട് പരിസരത്ത് ഓട്ടോറിക്ഷ ഓടിക്കുന്ന ചിറ്റേഴത്ത് ദശരഥന്റെ മകന് വടക്കുനാഥനാ(23)ണ് മര്‍ദ്ദനമേറ്റത്. കമന്റടിച്ചുവെന്ന ഒരു പെണ്‍കുട്ടിയുടെ തെറ്റായ പരാതിയില്‍ വലപ്പാട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ മകനെ സിപിഒ ഷൈന്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് ദശരഥനും ഭാര്യ ബ്രിജിതയും പത്രസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ 21ന് രാവിലെ 11 മണിയോടെയാണ് ഓട്ടോയില്‍ ഇരിക്കുകയായിരുന്ന വടക്കുനാഥനെയും മറ്റ് മൂന്ന് പേരേയും പോലീസ് പിടിച്ചുകൊണ്ടുപോയത്. ഉച്ചക്ക് രണ്ട് മണിയോടെ ഷൈന്‍ സ്റ്റേഷനിലേക്ക് വിളിക്കുകയും മകന് ഫോണ്‍ കൊടുക്കാന്‍ ആവശ്യപ്പെട്ട് കേട്ടാലറക്കുന്ന അസഭ്യം പറയുകയും ചെയ്തു. പിന്നീട് സ്റ്റേഷനില്‍ നേരിട്ടെത്തിയ ഷൈന്‍ മകനെ മാത്രം മാറ്റിനിര്‍ത്തി ശരീരമാസകലം മര്‍ദിച്ച് അവശനാക്കി. എന്തിനാണ് തല്ലുന്നതെന്ന് ചോദിച്ചപ്പോള്‍ താന്‍ എന്നെക്കുറിച്ച് നാട്ടില്‍ അപവാദം പ്രചരിപ്പിച്ചതായി പരാതി ലഭിച്ചിട്ടുണ്ട് എന്നായിരുന്നു മറുപടി. അപസ്മാര രോഗിയാണെന്ന് പറഞ്ഞപ്പോള്‍ നിന്റെ നട്ടെല്ല് കൂടി ഒടിച്ചുതരാമെന്ന് പറഞ്ഞ് വീണ്ടും മര്‍ദിച്ചു.
ഗുരുതരമായി പരുക്കേറ്റ മകനെ ആദ്യം വലപ്പാട് ആശുപത്രിയിലും 22ന് വിദഗ്ധ പരിശോധനക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കിയ ശേഷമാണ് മെഡിക്കല്‍ കോളജിലേക്ക് പോയത്. എന്നാല്‍ സംഭവത്തെക്കുറിച്ച് പോലീസ് ഇതേവരെ യാതൊരു അന്വേഷണവും നടത്തിയിട്ടില്ല. സ്റ്റേഷനില്‍ പിടിച്ചുവെച്ച ഓട്ടോ വിട്ടുതരാന്‍ പറഞ്ഞപ്പോള്‍ അത് കോടതിയിലേക്ക് കൊണ്ടുപോയെന്നാണ് പറഞ്ഞത്. കോടതിയില്‍ ബന്ധപ്പെട്ടെങ്കിലും ഇങ്ങിനെയൊരു കേസ് അവിടെ കിട്ടിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. കുടുംബവുമായി സ്റ്റേഷന് മുന്നില്‍ കുത്തിയിരിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് ഓട്ടോ വിട്ടുകിട്ടിയത്.
അക്രമം നടത്തിയ പോലീസുകാരനെതിരെ എസ്പിക്ക് പരാതി നല്‍കിയെങ്കിലും യാതൊരുനടപടിയും ഉണ്ടായില്ല.തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും,പോലീസ് കംപ്ലെയിന്റ് അതോരിറ്റിക്കും ,പ്രതിപക്ഷ നേതാവിനും പരാതി നല്‍കുമെന്ന് അവര്‍ അറിയിച്ചു.വടക്കുംനാഥനും,പൊതുപ്രവര്‍ത്തകനായ ഇവി.ധര്‍മ്മനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: