മലപ്പുറം/എടപ്പാള്‍: ആയിരങ്ങളെ അണിനിരത്തി കേന്ദ്രസര്‍ക്കാരിനെതിരെ മനുഷ്യചങ്ങല തീര്‍ക്കാനെത്തിയ എല്‍ഡിഎഫ് നേതാക്കള്‍ ഇന്നലെ വിയര്‍ത്തു കുളിച്ചു.
പൊട്ടിയ ചങ്ങല കണ്ണികള്‍ കൂട്ടിയോജിപ്പിക്കാന്‍ എത്ര ശ്രമിച്ചിട്ടും നടന്നില്ല. മനുഷ്യചങ്ങലക്ക് പുതിയ അര്‍ത്ഥം രചിക്കുകയായിരുന്നു എല്‍ഡിഎഫ്. മൂന്ന് മണിമുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വാഹനത്തില്‍ ആളുകളെ എത്തിച്ചിരുന്നു.
വാഹനത്തിന്റെ എണ്ണം കണ്ടപ്പോള്‍ സമരം ചരിത്രമാകുമെന്ന് പ്രതീക്ഷിച്ച നേതാക്കള്‍ക്ക് ചങ്ങല പണിയാന്‍ ആരംഭിച്ചപ്പോഴാണ് പണികിട്ടിയെന്ന് മനസിലായത്. പൊട്ടിപ്പോയ കണ്ണികള്‍ വിളക്കിചേര്‍ക്കാന്‍ തങ്ങള്‍ക്കാകും വിധം നേതാക്കള്‍ ശ്രമിച്ചുനോക്കി, പക്ഷേ നടന്നില്ല. അവസാനം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ കുറച്ചാളുകള്‍ കൈകോര്‍ത്ത് നിന്ന് സമരം വെറും ചടങ്ങാക്കി മാറ്റി.
എടപ്പാളിലാണ് രസകരമായ സമരം നടന്നത്. പൊട്ടിപ്പോയ ചങ്ങലകണ്ണികള്ക്ക് കിലോമീറ്ററുകളുടെ വ്യത്യാസം. നേതാക്കള്‍ വാഹനങ്ങളില്‍ പരക്കം പാഞ്ഞു പക്ഷേ വിടവ് നികത്താന്‍ ആളെ കിട്ടിയില്ല.
ജില്ലാ അതിര്‍ത്തിയായ നീലിയാട് നിന്നും ആരംഭിച്ച മനുഷ്യച്ചങ്ങല വട്ടംകുളം എടപ്പാള്‍ ജംഗ്ഷന് വഴി അണ്ണക്കമ്പാട് എത്തിയപ്പോഴേക്കും ചങ്ങല മുറിഞ്ഞു. എടപ്പാളിനും കുറ്റിപ്പുറം മിനിപമ്പക്കും ഇടയില്‍ അരകിലോമീറ്റര്‍ ദൂരത്തില്‍ ഏഴ് സ്ഥലത്ത് ചങ്ങലപൊട്ടിയിരുന്നു.
പുള്ളവന്പടി മുതല്‍ കണ്ടനകം വരെ ഒരാള്‍പോലും ഇല്ലായിരുന്നു. മാണൂര്‍ കെഎസ്ആര്‍ടിസി റീജണല്‍ വര്‍ക്ക്ഷോപ്പ് മുതല്‍ മാണൂര്‍ അങ്ങാടിവരെ ചങ്ങല ഉണ്ടായിരുന്നില്ല.
നടക്കാവ് ജംഗ്ഷനില്‍ ചങ്ങല കോര്‍ക്കേണ്ട സമയമായിട്ടും കണ്ണികളാകാന്‍ ആരുമെത്തിയില്ല.
തങ്ങള്‍പടി മുതല്‍ തവനൂര്‍ റോഡ് ജംഗ്ഷന് വരെ ആളുകള്‍ അമിനിരന്നെങ്കിലും മിനിപമ്പയിലേക്ക് ചങ്ങല നീട്ടാന്‍ സാധിച്ചില്ല. ചിലസ്ഥലങ്ങളില്‍ കുറച്ചാളുകള്‍ കൈകോര്‍ത്ത് നിന്നു, പക്ഷേ രണ്ടറ്റവും ശൂന്യമായിരുന്നു.
വൈകിട്ട് നാലുമണി മുതല്‍ പാതയോരത്ത് കൂറ്റന്‍ മനുഷ്യച്ചങ്ങല എന്നായിരുന്നു പ്രഖ്യാപനം. പക്ഷേ അഞ്ച് മണിയായിട്ടും കാര്യങ്ങളൊന്നും നടന്നില്ല. കേന്ദ്രസര്‍ക്കാരിനെ പേടിപ്പിക്കാന്‍ മനുഷ്യച്ചങ്ങലയുമായി എത്തിയവര്‍ക്ക് തന്നെ ഇത് ചങ്ങലയാണോ എന്ന് ചോദിക്കേണ്ട അവസ്ഥയായിരുന്നു ഇന്നലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: