പത്തനംതിട്ട: അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ്-എല്‍ഡിഎഫ് ഭരണസമിതികളുടെ കാലത്ത് നടന്നിട്ടുള്ള അഴിമതികളെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം എം.അയ്യപ്പന്‍കുട്ടി ആവശ്യപ്പെട്ടു.
കേന്ദ്രഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയില്‍ വന്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് തുടക്കം മുതല്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ കിണറിന്റെ സംരക്ഷണഭിത്തി തകര്‍ന്നത്. ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് ഇതിന് പിന്നില്‍ നടന്നിട്ടുള്ളത്.
അയിരൂരിലെ സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം മുതല്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. ഓരോ ഭരണസമിതിയും അധികാരത്തിലെത്തുമ്പോള്‍ ഓരോ ഉദ്ഘാടനമാമാങ്കം നടത്തുന്നത് പതിവാണ്. സര്‍ക്കാരിന്റെ വിവിധ ഫണ്ടുകള്‍ ഇതിന്റെ പേരില്‍ ചെലവഴിച്ച് അഴിമതി നടത്തുകയാണ് ഇതുവരെ ചെയ്തതത്. 2011-ല്‍ ചിറപ്പുറം , തേക്കുങ്കല്‍, മതാപ്പാറ എന്നീ സ്ഥലങ്ങളില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്ന് നാശനഷ്ടങ്ങള്‍ ഉണ്ടായി. ഇതിന്റെ പേരില്‍ അന്നത്തെ പഞ്ചായത്ത് ഭരണസമിതി നടത്തിയ പണപ്പിരിവിന്റെ കണക്കുകള്‍ ഇന്നും വെളിച്ചം കണ്ടിട്ടില്ല. ഈ പണം എവിടെ ചെലവഴിച്ചുവെന്നും ആര്‍ക്കു കൊടുത്തു എന്നത് അന്വേഷിക്കണം.
അയ്യപ്പഭക്തന്മാരുടെ യാത്ര സുഗമമാക്കുവാന്‍ വേണ്ടി സര്‍ക്കാര്‍ അനുവദിച്ച തീര്‍ത്ഥാടക ക്ഷേമ ഫണ്ട് ദുരുപയോഗം ചെയ്ത് അപഹരിക്കുകയുണ്ടായി. ആണ്ടുതോറും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചതയം വള്ളംകളിയുടെ പേരില്‍ ജനങ്ങളില്‍ നിന്നും പിരിക്കുന്ന പണത്തിനും കണക്കുകളില്ല.
പഞ്ചായത്തുകെട്ടിടത്തിന്റെ മേല്‍ക്കൂര നിര്‍മ്മാണത്തിലും അഴിമതിയുണ്ട്. 2014 ല്‍ ഗ്രാമപഞ്ചായത്ത് ആഫീസില്‍ നിന്നും കളവുപോയ ചെക്കിനെ സംബന്ധിച്ച് യാതൊരു വിവരവുമില്ല. പഞ്ചായത്തിനു ലഭിക്കുന്ന പ്ലാന്‍ഫണ്ട് ബിനാമികളെ ഉപയോഗിച്ച് പണം തട്ടുന്ന നടപടികളാണ് അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്നിട്ടുള്ളത്. വിവിധ ക്ഷേമപെന്‍ഷനുകള്‍ക്ക് അര്‍ഹരായവര്‍ നല്കിയ അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറാതെ പഞ്ചായത്തില്‍ കെട്ടിക്കിടക്കുകയായിരുന്നു.
അഴിമതി നടത്തുന്നതിന് പരസ്പരം സഹകരിക്കുന്ന സമീപനമാണ് അയിരൂര്‍ പഞ്ചായത്തില്‍ യുഡിഎഫും എല്‍ഡി എഫും സ്വീകരിച്ചിട്ടുള്ളത്. അതിനാല്‍ അവിടെ നടന്നിട്ടുള്ള എല്ലാഅഴിമതികളെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: