പെരിന്തല്‍മണ്ണ: രണ്ടാംനിര നേതാക്കളുടെ കൊഴിഞ്ഞു പോക്ക് സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് കരകയറാനാകാതെ പെരിന്തല്‍മണ്ണയിലെ ലീഗ് നേതൃത്വം ഇരുട്ടില്‍ തപ്പുന്നു.
ലീഗിന്റെ സജീവ പ്രവര്‍ത്തകരായ എട്ട് പേരാണ് ഒരുമാസം മുമ്പ് രാജിവച്ചത്. ഇതില്‍ രണ്ട് പേര്‍ക്ക് സിപിഎം ‘മാന്യമായ’ അംഗത്വം നല്‍കിയത് ലീഗിന് ഇരുട്ടടിയാവുകയും ചെയ്തു. എന്നാല്‍ നേതാക്കന്മാരുടെ വിഴുപ്പലക്കല്‍ നടന്നതൊഴിച്ചാല്‍ ഈ കാര്യത്തില്‍ ഒരു വിശദീകരണയോഗം പോലും നടത്താന്‍ ലീഗിന് സാധിച്ചില്ല.
അതേസമയം, സിപിഎമ്മിലെ ചില തല മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയുടെ ഈ തീരുമാനം ദഹിച്ചതുമില്ല. ചുരുക്കി പറഞ്ഞാല്‍ വലിഞ്ഞു കേറി വന്നവര്‍ക്ക് താമസിക്കാനോ തിരിച്ചു പോകാനോ വയ്യാത്ത അവസ്ഥയാണ്.
ലീഗിന്റെ ചുമതലയിലുള്ള ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നടക്കുന്ന അഴിമതിയുടെ പേരും പറഞ്ഞാണ് ചിലര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. ഭരണമില്ലാത്ത പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കാത്തവരാണ് ഭൂരിപക്ഷം ലീഗ് പ്രവര്‍ത്തകരും. സിപിഎം ഭരണത്തില്‍ ഇരിക്കുന്നതുകൊണ്ട് മാത്രമാണ് ഇവര്‍ സിപിഎമ്മില്‍ എത്തിയത്.
കൂടുവിട്ട് കൂടാരം തേടിയവര്‍ക്കെതിരെ സിപിഎമ്മിലും ഒരു വിഭാഗം വാളുയര്‍ത്തി കഴിഞ്ഞു. മണ്ഡലത്തില്‍ മുസ്ലീം ലീഗ് നിര്‍ജ്ജീവമാണെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
സംസ്ഥാന സര്‍ക്കാരിനെതിരെയോ സിപിഎം ഭരിക്കുന്ന നഗരസഭക്ക് എതിരെയോ ചെറുവിരലനക്കാന്‍ ലീഗ് നേതൃത്വത്തിന് കഴിയുന്നില്ലെന്നാണ് പ്രവര്‍ത്തകരുടെ പരാതി. മണ്ഡലത്തിലെ എംഎല്‍എ കൂടിയായ മഞ്ഞളാംകുഴി അലി പാര്‍ട്ടിയെ തഴഞ്ഞെന്ന പരിഭവവും പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: